മനുഷ്യ മഹാശൃംഖലയിലെ ജനപങ്കാളിത്തം അഭിമാനകരമാണെന്ന് എല്‍ഡിഎഫ്; തെരുവീഥിയില്‍ അണിനിരന്ന ദശലക്ഷങ്ങള്‍ കരുത്തും ആവേശവും

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ എല്‍ഡിഎഫ് ആഹ്വാനം ചെയ്ത മനുഷ്യ മഹാശൃംഖലയിലെ അഭൂതപൂര്‍വമായ ജനപങ്കാളിത്തം അഭിമാനകരമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍.

മതപരമായി ജനതയെ ഭിന്നിപ്പിക്കുന്ന അനീതിക്കെതിരായി രാജ്യത്താകെ നടക്കുന്ന പോരാട്ടത്തിന് കേരളത്തിന്റെ തെരുവീഥിയില്‍ അണിനിരന്ന ദശലക്ഷങ്ങള്‍ വലിയ കരുത്തും ആവേശവുമാണ് പകര്‍ന്നിരിക്കുന്നത്.

ഏതെങ്കിലും ഒരുവിഭാഗം മാത്രമല്ല, മതനിരപേക്ഷതയും ഭരണഘടനയും സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന ജനങ്ങളെല്ലാം പൂര്‍ണ്ണ മനസ്സോടെ ശൃംഖലയില്‍ അണിചേരാന്‍ ഒഴുകി എത്തുകയായിരുന്നു.

ഭൂരിഭാഗം സ്ഥലങ്ങളിലും ശൃംഖല വന്‍മതിലായി രൂപപ്പെടുകയായിരുന്നു. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വിധം ജനസഹ്രസങ്ങളാണ് കണ്ണിചേര്‍ന്നത്. രാജ്യത്തിന് വേണ്ടിയുള്ള ഈ ചെറുത്ത് നില്‍പ്പ് സാര്‍വ്വദേശീയ തലത്തില്‍ ശ്രദ്ധിയ്ക്കപ്പെട്ടു.

പൗരത്വ വിഷയത്തില്‍ കേരളം ഏറ്റെടുത്ത മുന്‍കൈയുടെ ഏറ്റവും മികവാര്‍ന്ന ഒരു ഏടായി മനുഷ്യമഹാശൃംഖലയെ മാറ്റാന്‍ സഹായിച്ച എല്ലാവര്‍ക്കും, ശൃംഖലയില്‍ അണിചേര്‍ന്ന ജനലക്ഷങ്ങള്‍ക്കും എല്‍.ഡി.എഫിന് വേണ്ടി അഭിവാദ്യം ചെയ്യുന്നു.

പൗരത്വ നിയമഭേദഗതി പിന്‍വലിക്കുംവരെ ഈ പോരാട്ടം തുടരാന്‍ എല്‍.ഡി.എഫ് ജാഗ്രതയോടെ നിലയുറപ്പിക്കും.

രാഷ്ട്രീയ ഭേദമന്യേ അണിനിരന്ന ജനങ്ങള്‍ നല്‍കുന്ന സന്ദേശം ഉള്‍ക്കൊള്ളാന്‍ യു.ഡി.എഫ് നേതൃത്വം ഇനിയെങ്കിലും തയ്യാറാകണം. യു.ഡി.എഫ് നേതാക്കളുടെ ആഹ്വാനം തള്ളി അവരുടെ അണികളുടെ വന്‍ പങ്കാളിത്തം മനുഷ്യമഹാശൃംഖലയില്‍ ദൃശ്യമായി.

ഈ പങ്കാളിത്തം നല്‍കുന്ന തിരിച്ചറിവ് കോണ്‍ഗ്രസ്- മുസ്ലീംലീഗ് നേതൃത്വത്തിന്റെ കണ്ണുതുറപ്പിക്കുമെന്ന് ഉറപ്പാണ്. മനുഷ്യമഹാശൃംഖല വന്‍വിജയമാക്കാന്‍ പ്രയത്നിച്ച എല്ലാ പ്രവര്‍ത്തകരേയും എല്‍.ഡി.എഫ് അഭിവാദ്യം ചെയ്യുന്നെന്നും എ.വിജയരാഘവന്‍ പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here