
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ കഴിഞ്ഞ ദിവസം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച സിപിഐഎം പ്രദേശിക നേതാവ് രമേഷ് പ്രജാപതി (75) മരിച്ചു.
ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് രമേഷ് പ്രജാപതി മരിച്ചത്. ദളിത് ശോഷൺ മുക്തി മഞ്ചിന്റെ പ്രവർത്തകൻ കൂടിയായിരുന്നു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് രമേഷ് പ്രജാപതി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ഇൻഡോറിലെ ഗീതാ ഭവൻ ചൗരാഹയിൽ സിഎഎയ്ക്കും എൻആർസിക്കും എൻപിആറിനുമെതിരെയുള്ള ലഘുലേഖ വിതരണം ചെയ്‌ത ശേഷം അംബേദ്‌കർ പ്രതിമക്ക് മുന്നിൽ നിന്ന് സ്വയം തീകൊളുത്തുകയായിരുന്നു.
ഉടൻ തന്നെ അദ്ദേഹത്തെ ഇൻഡോറിലെ എം വൈ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു മരണം.
അംബേദ്കറുടേയും അഷ്ഫാഖുള്ള ഖാന്റെയും ഭഗത് സിംഗിന്റേയും ചിത്രങ്ങളടങ്ങിയതായിരുന്നു രമേഷ് പ്രജാപതി അവസാനം വിതരണം ചെയ്ത ലഘുലേഖകൾ. അദ്ദേഹത്തിന്റെ ബാഗിൽ നിന്ന് ലഘുലേഖകൾ കണ്ടെത്തുകയും ചെയ്‌തിരുന്നു.
പൗരത്വ നിയമത്തിലുണ്ടായ വിഷമമാണ് രമേശിന്റെ മരണത്തിന് കാരണമെന്ന് സിപിഐ എം നേതാവ് ബാദൽ സരോജ് പ്രതികരിച്ചു.
ആത്മഹത്യ ഒന്നിനും പരിഹാരമായ ഒന്നല്ല. സമരങ്ങളിൽ ഇത്തരം കാര്യങ്ങൾ ഉണ്ടാകരുതെന്നും ബാദൽ സരോജ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here