കാട്ടാക്കട കൊലപാതകം: ടിപ്പര്‍ കൊണ്ട് ഇടിച്ചശേഷം ജെസിബിക്കൊണ്ട് തട്ടി; ഏഴ് പേരും അറസ്റ്റില്‍

തിരുവനന്തപുരം: കാട്ടാക്കട സംഗീത് കൊലപാതകത്തില്‍ പ്രധാന പ്രതികളെല്ലാം അറസ്റ്റിലായതായി പോലീസ്. പ്രധാന പ്രതി സജുവടക്കം ഏഴ് പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് തിരുവനന്തപുരം റൂറല്‍ എസ്പി ബി അശോകന്‍ പറഞ്ഞു. സംഗീതിനെ ആദ്യം ടിപ്പര്‍ കൊണ്ട് ഇടിപ്പിച്ച ശേഷമാണ് ജെസിബിയുടെ ബക്കറ്റ് ഉപയോഗിച്ച് തട്ടിമാറ്റിയതെന്ന് പൊലീസ് അറിയിച്ചു.

മണ്ണ് കടത്തുസംഘം വന്ന വാഹനങ്ങള്‍ക്ക് മുമ്പില്‍ സംഗീത് തന്റെ കാര്‍ ബ്ലോക്കാക്കി നിര്‍ത്തിയിരുന്നു. ഇതേതുടര്‍ന്ന് സംഗീതുമായി ഇവര്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. സംഗീത് വീടിനകത്തേക്ക് പോയ തക്കത്തിന് സംഘം കാര്‍ തള്ളി മാറ്റി. ഇതോടെ വീണ്ടും തര്‍ക്കമായി. തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചെന്ന് മനസ്സിലാക്കിയ പ്രതികള്‍ വാഹനങ്ങളുമായി കടന്ന് കളയാന്‍ ശ്രമിക്കുന്നതിനിടെയാണ് കൊലപാതകം നടത്തിയത്.

പോലീസ് വന്ന് വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന വെപ്രാളത്തിലായിരുന്നു പ്രതികള്‍. മുന്നില്‍ നിന്ന് സംഗീതിനെ ഇവര്‍ ആദ്യം ടിപ്പര്‍ക്കൊണ്ട് ഇടിപ്പിച്ചു. വീണയിടത്ത് എഴുന്നേറ്റ് നിന്ന സംഗീതിനെ തുടര്‍ന്നാണ് ജെസിബിക്കൊണ്ട് തള്ളി മാറ്റിയത്. ജെസിബിയുടെ ബക്കറ്റ്ക്കൊണ്ട് കൊണ്ട് സംഗീതിനെ സമീപത്തെ മതിലിലേക്ക് ഇടിപ്പിക്കുകയായിരുന്നു. മതിലും തകര്‍ന്നു വീണു. ഇതുമൂലമുണ്ടായ പരിക്കിനെ തുടര്‍ന്നാണ് സംഗീത് കൊല്ലപ്പെട്ടതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.

കൊലപാതക കുറ്റത്തിന് പുറമെ മോഷണ കേസും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന്-നാല് പേരെ കൂടി പിടികൂടാനുണ്ട്. അവരെ സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്നും തിരുവനന്തപുരം റൂറല്‍ എസ്പി അറിയിച്ചു. ടിപ്പര്‍ ഓടിച്ചയാളും ജെസിബി ഓടിച്ചയാളും അറസ്റ്റിലായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News