ജനങ്ങള മതപരമായി ഭിന്നിപ്പിക്കാനുള്ള നീക്കങ്ങളെ ഒറ്റക്കെട്ടായി ചെറുക്കും, വിശാല ഐക്യം കെട്ടിപ്പടുക്കും ; ജനങ്ങളുടെ ദൈനംദിന പ്രശ്‌നങ്ങളിലും പോരാട്ടം ശക്തിപ്പെടുത്തും : സിഐടിയു അഖിലേന്ത്യാ സമ്മേളനം

ചെന്നൈ: നവലിബറല്‍ വര്‍ഗീയ നയങ്ങള്‍ക്കെതിരെ സ്ഥിരതയാര്‍ന്ന വിശാല തൊഴിലാളി ഐക്യം കെട്ടിപ്പടുക്കാനുള്ള ആഹ്വാനവുമായി സിഐടിയു 16–ാം അഖിലേന്ത്യാ സമ്മേളനത്തിനു സമാപനം. തൊഴില്‍ പ്രശ്‌നങ്ങളോടൊപ്പം ജനങ്ങളുടെ ദൈനംദിന പ്രശ്‌നങ്ങളിലും പോരാട്ടം ശക്തിപ്പെടുത്തുമെന്ന് പ്രസിഡന്റ് കെ ഹേമലത പറഞ്ഞു.

വര്‍ഗീയമായി ജനങ്ങളെ വേര്‍തിരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ജാഗ്രതയോടെ കാണണം. ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ചുക്കാന്‍ ഏറ്റെടുക്കേണ്ടത് തൊഴിലാളി വര്‍ഗമാണ്. ഇതിന് തൊഴിലാളികളെ അണിനിരത്തേണ്ട ഉത്തരവാദിത്തമാണ് സിഐടിയുവിന് നിറവേറ്റാനുള്ളത്.

ഭരണഘടനാവിരുദ്ധമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് വേണം. എന്‍ആര്‍സിയും എന്‍പിആറും നിരാകരിക്കാന്‍ ജനങ്ങളെ ബോധവല്‍ക്കരിക്കും. ഗൃഹസന്ദര്‍ശനം നടത്തി കാര്യങ്ങള്‍ വിശദീകരിക്കും. തൊഴിലിടങ്ങളിലും പ്രചാരണം നടത്തും. സ്വകാര്യവല്‍ക്കരണ തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരായ പോരാട്ടം കൂടുതല്‍ ശക്തമാക്കും.

ദൗര്‍ബല്യങ്ങള്‍ പരിഹരിച്ച് സംഘടന കൂടുതല്‍ കരുത്തുറ്റതാക്കി, ഇതേവരെ കടന്നുചെല്ലാത്ത മേഖലയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കും. അംഗത്വം വര്‍ധിപ്പിക്കാന്‍ ശക്തമായി ഇടപെടും. അംഗങ്ങള്‍ക്ക് രാഷ്ട്രീയ വിദ്യാഭ്യാസത്തിന് പ്രത്യേക ഊന്നല്‍ നല്‍കും.
സിഐടിയു സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ സമാപനം മേയ് 30ന് കൊല്‍ക്കത്തയില്‍ നടക്കും. മേയ് 31 മുതല്‍ ജൂണ്‍ രണ്ടുവരെ ആദ്യ ജനറല്‍ കൗണ്‍സിലും കൊല്‍ക്കത്തയില്‍ ചേരുമെന്നും ഹേമലത അറിയിച്ചു.

സമാപന ദിവസമായ തിങ്കളാഴ്ച വിവിധ കമീഷന്‍ രേഖകള്‍ അവതരിപ്പിച്ചു. ബദല്‍ നയങ്ങള്‍ എന്ന വിഷയത്തില്‍ കെ ഹേമലതയും തൊഴിലില്ലായ്മ എന്ന വിഷയത്തില്‍ എസ് ദേബ് റോയും ലേബര്‍ കോഡ് എന്ന വിഷയത്തില്‍ ആര്‍ കരുമലയനും സാമൂഹിക അടിച്ചമര്‍ത്തല്‍ എന്ന വിഷയത്തില്‍ എ ആര്‍ സിന്ധുവും രേഖ അവതരിപ്പിച്ചു. സംഘടനാ റിപ്പോര്‍ട്ടിന്മേല്‍ നടത്തിയ ചര്‍ച്ചയ്ക്ക് ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ മറുപടി പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാന്‍ എ സൗന്ദര്‍രാജന്‍ നന്ദി പറഞ്ഞു.

കേരളത്തെ അസ്ഥിരപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ജനാധിപത്യവിരുദ്ധ നീക്കത്തെ ചെറുക്കാന്‍ സിഐടിയു 16–ാംഅഖിലേന്ത്യാ സമ്മേളനം ആഹ്വാനംചെയ്തു. ഗവര്‍ണറെ ഉപയോഗിച്ച് ബിജെപി സര്‍ക്കാര്‍ നീചമായ രാഷ്ട്രീയം കളിക്കുകയാണ്. കേരള ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്‍ പദവി ദുരുപയോഗം ചെയ്യുകയാണ്. സര്‍ക്കാരുമായി ഗവര്‍ണര്‍ ഏറ്റുമുട്ടുകയാണെന്ന പ്രതീതി സൃഷ്ടിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്.

മോഡി സര്‍ക്കാരിന്റെ വര്‍ഗീയ, നവലിബറല്‍ നയങ്ങള്‍ക്കെതിരെ ശക്തമായ ബദല്‍ മുന്നോട്ടുവച്ചാണ് കേരള സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. കേരളത്തിന് അര്‍ഹമായ സാമ്പത്തിക സഹായംപോലും കേന്ദ്രം വെട്ടിക്കുറയ്ക്കുന്നു.

ഇത് കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ജനാധിപത്യ ഫെഡറല്‍ ബന്ധങ്ങളെ തകര്‍ക്കുന്നതാണ്. ജിഎസ്ടി ഇനത്തില്‍ കേന്ദ്രത്തില്‍നിന്ന് കേരളത്തിനു ലഭിക്കേണ്ട തുക ഇതുവരെ നല്‍കിയില്ല. പ്രളയദുരിതാശ്വാസത്തിന് 2000 കോടി ആവശ്യപ്പെട്ടതും നിഷേധിച്ചു. തൊഴിലുറപ്പു പദ്ധതിയുടെ തുകയും നെല്ലിന്റെ താങ്ങുവിലയ്ക്ക് സബ്‌സിഡിയും നിഷേധിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ നിലപാടാണ് കേരളം കൈക്കൊണ്ടത്. നിയമസഭയില്‍ പ്രമേയം പാസാക്കിയത് ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചു. ഭരണഘടനയും മതനിരപേക്ഷതയും സംരക്ഷിക്കാന്‍ ജനങ്ങളെ ഒന്നിച്ച് അണിനിരത്തി കേരളം പുതുചരിത്രം കുറിച്ചു

ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ സംരക്ഷിക്കാന്‍ രാജ്യത്തെ തൊഴിലാളിവര്‍ഗം കൈകോര്‍ക്കാനും സമ്മേളനം ആഹ്വാനം ചെയ്തു. കെ ചന്ദ്രന്‍പിള്ള പ്രമേയം അവതരിപ്പിച്ചു.

അഖിലേന്ത്യാ വര്‍ക്കിങ് കമ്മിറ്റി : കേരളത്തില്‍നിന്ന് 45 പേര്‍
സിഐടിയു അഖിലേന്ത്യാ വര്‍ക്കിങ് കമ്മിറ്റിയിലേക്ക് കേരളത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍-.എം കെ കണ്ണന്‍, എന്‍ പത്മലോചനന്‍, കെ പി സഹദേവന്‍, എ കെ ബാലന്‍, ടി പി രാമകൃഷ്ണന്‍, കെ ജെ തോമസ്, എം ചന്ദ്രന്‍, കെ പി മേരി, വി ശിവന്‍കുട്ടി, കാട്ടാക്കട ശശി, നെടുവത്തൂര്‍ സുന്ദരേശന്‍, പി പി ചിത്തരഞ്ജന്‍, ടി കെ രാജന്‍, സി ജയന്‍ബാബു, കെ എന്‍ ഗോപിനാഥ്, പി പി പ്രേമ, യു പി ജോസഫ്, സി കൃഷ്ണന്‍, എസ് ജയമോഹന്‍, കെ കെ രാമചന്ദ്രന്‍, പി കെ മുകുന്ദന്‍, സി കെ മണിശങ്കര്‍, എം ഹംസ, പി കെ ഷാജന്‍, പി ജെ അജയകുമാര്‍, വി പി സക്കറിയ, കെ എസ് മോഹനന്‍, വി ശശികുമാര്‍, ബി തുളസീധര കുറുപ്പ്, പി ആര്‍ മുരളീധരന്‍, കെ ജയപ്രകാശ്, പി ഗാനകുമാര്‍, എ വി റസ്സല്‍, കെ മനോഹരന്‍, കെ കെ പ്രസന്നകുമാരി, കെ മോഹന്‍ദാസ്, സി കെ ഹരികൃഷ്ണന്‍, കെ സുനില്‍കുമാര്‍, അഡ്വ. പി സജി, മാമ്പറ്റ ശ്രീധരന്‍, വി വി ബേബി, സുനിത കുര്യന്‍, ധന്യ ആബിദ്, ദീപ കെ രാജന്‍, പി ജി ദിലീപ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News