കൊറോണ വൈറസ്: അതീവ ജാഗ്രതയില്‍ മുംബൈ നഗരവും; രണ്ടു പേര്‍ നിരീക്ഷണത്തില്‍

മുംബൈ: കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ചൈനയില്‍ നിന്നെത്തിയ രണ്ടു പേരെ മുംബൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും നിരീക്ഷണത്തിലാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ഇത് കൂടാതെ തെക്കന്‍ മുംബൈയില്‍ താമസിക്കുന്ന 36 കാരനെ സംശയാസ്പദമായ സാഹചര്യത്തില്‍ സിവിക് ആശുപത്രിയിലെ പ്രത്യേക വാര്‍ഡില്‍ പ്രവേശിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു. ഇദ്ദേഹവും നിരീക്ഷണത്തിലാണ്.

മുംബൈയില്‍ വിമാനത്താവളത്തില്‍ യാത്രക്കാരെ സ്‌ക്രീനിംഗ് ചെയ്ത ശേഷമാണ് കടത്തി വിടുന്നത്. ഇതിനകം മൂന്ന് പേരെ കഴിഞ്ഞ ആഴ്ചയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും വൈറസ് ബാധ ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം പറഞ്ഞു വിടുകയായിരുന്നു.

കൊറോണ വൈറസ് ബാധിച്ച് 26 പേര്‍ക്കാണ് ഇതിനകം ജീവഹാനിയുണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏകദേശം 800 ല്‍ പരം ആളുകളില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട് .

ഇവരില്‍ ഭൂരിഭാഗവും മധ്യ ചൈനീസ് നഗരമായ വുഹാനില്‍ നിന്നുള്ളവരാണ്. എയര്‍പോര്‍ട്ടില്‍ വിദേശ യാത്രക്കാരെല്ലാം മാസ്‌ക്, കൈയ്യുറ തുടങ്ങിയ സുരക്ഷാ കവചങ്ങള്‍ ധരിച്ചു കൊണ്ടാണ് യാത്ര ചെയ്യുന്നത്.

മുംബൈ പോലുള്ള കോസ്‌മോപോളിറ്റന്‍ സംസ്‌കാരമുള്ള തിരക്ക് പിടിച്ച നഗരത്തിലെ പൊതു ഇടങ്ങളിലെല്ലാം സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ അധികൃതര്‍ക്ക് വെല്ലുവിളിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News