വിവിധ മേഖലകളില്‍ മികച്ചനേട്ടങ്ങള്‍ കൈവരിക്കാന്‍ സര്‍ക്കാരിനായി; കേരള ബാങ്ക് രൂപീകരിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടം; ഗവര്‍ണര്‍

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണത്തിലടക്കം വിവധ മേഖലകളില്‍ മികച്ചനേട്ടങ്ങള്‍ കൈവരിക്കാന്‍ സര്‍ക്കാരിനായിയെന്ന് നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

തുടര്‍ച്ചയായി രണ്ടാം വര്‍ഷവും സുസ്ഥിര വികസനത്തില്‍ നീതി ആയോഗിന്റെ ഒന്നാം സ്ഥാനം കരസ്ഥമാക്കുവാന്‍ സംസ്ഥാനത്തിന് കഴിഞ്ഞു. ജില്ലാ സഹകരണ ബാങ്കുകളെ സംയാജിപ്പിച്ചുകൊണ്ട് കേരള സംസ്ഥാന സഹകരണ ബാങ്ക് രൂപീകരിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

തദ്ദേശ ഭരണ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ”നമ്മള്‍ നമ്മള്‍ക്കായി” എന്ന പ്രചരണത്തിലൂടെ ജനകീയ സംരംഭമാക്കി മാറ്റുന്ന ശ്രമത്തിലാണ് സര്‍ക്കാര്‍. സംസ്ഥാന പുനര്‍നിര്‍മ്മാണത്തിനായി അന്താരാഷ്ട്ര വിദഗ്ധരുടെ അഭിപ്രായം സര്‍ക്കാര്‍ തേടി. ദുരന്ത പ്രതിരോധ ശേഷിയുള്ള കേരളം സൃഷ്ടിക്കുന്നതില്‍ വിലയേറിയ മാര്‍ഗനിര്‍ദ്ദേശമാകുമത്.

കേരള അടിസ്ഥാന സൗകര്യ നിക്ഷേപ നിധി ബോര്‍ഡിലൂടെ (കിഫ്ബി) നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വരുമാനത്തിന്റെ ഒരു ഭാഗം മാറ്റിവെയ്ക്കാന്‍ സര്‍ക്കാരിനായി. 50000 കോടി രൂപയുടെ പദ്ധതികള്‍ക്ക് കിഫ്ബിഇതിനകം അംഗീകാരം നല്‍കി.

ലൈഫ് മിഷന്‍ പദ്ധതിയില്‍ 2 ലക്ഷം വീടുകളാണ് ഉപഭോക്താക്കള്‍ക്ക് കൈമാറുന്നത്. പൊതു വിദ്യാഭ്യാസത്തിലും പൊതുജനാരോഗ്യത്തിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനായി. ആര്‍ദ്രം പദ്ധതി, ഹരിതമിഷന്‍ . നദികളുടെ പുന രുജ്ജീവനം എന്നിവ എടുത്തു പറയേണ്ടതാണ്.

കമ്മ്യൂണിറ്റി വോളണ്ടിയര്‍ കോര്‍, യുവ നേതൃത്വ അക്കാദമി എന്നിവ അടിയന്തര സാഹചര്യങ്ങളില്‍ സംസ്ഥാനത്തിന്റെ രക്ഷയ്ക്കായി സജജരാകും.രാത്രികാല അഭയകേന്ദ്രം, സ്ത്രീകള്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാനുള്ള സംവിധാനങ്ങള്‍ എന്നിവയും നടപ്പാക്കിവരുന്നു. മുഖ്യമന്ത്രിയുടെ ദുരിതശ്ര്വാസ നിധിയില്‍നിന്നു 961കോടി ചിലവിട്ട് നടത്തുന്ന ചീഫ് മിനിസ്റ്റേഴ്സ് ലോക്കല്‍ റോഡ് റിബില്‍ഡ് പ്രോജക്റ്റ് വലിയ മാറ്റമാണ് കൊണ്ടുവരുന്നത്.

നിക്ഷേപം ആകര്‍ഷിക്കുന്നതിന് അനുമതികള്‍ക്കായുള്ള നടപടിക്രമങ്ങള്‍ സുഗമമാക്കി. വ്യവസായ മേഖലക്ക് പ്രത്യേക പാക്കേജും നടപ്പാക്കി. ഇതെല്ലാം നടപ്പാക്കുമ്പോഴും സാമ്പത്തികമായി മുമ്പെങ്ങുമില്ലാത്ത മാന്ദ്യത്തെയാണ് അഭിമുഖീകരിക്കുന്നത്.

സംസ്ഥാനങ്ങളുടെ വരുമാനശേഷി കുറഞ്ഞുവരികയാണ്. എന്നാല്‍ കേന്ദ്രം അതു മനസിലാക്കുന്നില്ല. അതില്‍ സര്‍ക്കാരിന് വലിയ ആശങ്കയുണ്ട്. 10,000 കോടിയുടെ പൊതു വായ്പയെടുക്കാന്‍ സംസ്ഥാനത്തിന് മുന്‍പ് അര്‍ഹതയുണ്ടായിരുന്നു. എന്നാല്‍ 1900 കോടിക്ക് മാത്രമാണ് കേന്ദ്രം അനുമതി നല്‍കിയത്.

അപ്രതീക്ഷിതമായ കാലവസ്ഥാ വ്യതിയാനം മൂലം കര്‍ഷകര്‍ക്ക് വന്‍ നഷ്ടമാണുണ്ടായത്. പ്രകൃതിക്ഷോഭങ്ങളെ ചെറുക്കുന്ന വിളയിനങ്ങള്‍ വികസിപ്പിക്കുവാന്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്. പോഷക സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഗോത്രവര്‍ഗ പ്രദേശങ്ങളില്‍ പ്രത്യേക പദ്ധതി രൂപീകരിക്കും. കന്നുകാലികള്‍ക്ക് വേണ്ടി സമഗ്ര ഇന്‍ഷുറന്‍സ് വാഗ്ദാനം ചെയ്തിട്ടുണ്ട്. മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളും ക്ലിനിക്കുകളും സജ്ജമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് നിരോധിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് വിവരങ്ങള്‍ കൈമാറുന്നതിനും രക്ഷാപ്രവറത്തനങ്ങള്‍ സുഗമമാക്കുന്നതിനും എല്ലാ മറൈന്‍ ജില്ലകളിലും ഫിഷറീസ് സ്റ്റേഷനുകള്‍ സജ്ജമാക്കും. കണ്ണൂരില്‍ കണ്ണവത്ത് സുസ്ഥിര വിനോദ സഞ്ചാരത്തോടൊപ്പം ഒരു വന്യജീവി സഫാരി പാര്‍ക്ക് നിര്‍മിക്കുവാന്‍ തീരുമാനമുണ്ട്.

വ്യവസായവും വാണിജ്യവും, ഭവന നിര്‍മ്മാണം, ആഭ്യന്തരം, ഉന്നതവിദ്യാഭ്യാസം, ആയുഷ്, ആരോഗ്യം, വിവരസാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളില്‍ വളരെയേറെ സര്‍ക്കാരിന് മുന്നേറാനായിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News