നിയമഭേദഗതിയ്ക്ക് എതിരായ പരാമർശം വായിക്കാതെ വിടരുത്; ഭരണഘടനാബാധ്യത ഓർമിപ്പിച്ച്‌ ഗവർണർക്ക്‌ മുഖ്യമന്ത്രിയുടെ കത്ത്‌

ഭരണഘടനാബാധ്യത ഓർമിപ്പിച്ച്‌ ഗവർണർക്ക്‌ മുഖ്യമന്ത്രിയുടെ കത്ത്‌. പൗരത്വ നിയമഭേദഗതിയ്ക്ക് എതിരായ പരാമർശം വായിക്കാതെ വിടരുത്. കൂട്ടിച്ചേർക്കലുകളോ, ഒഴിവാക്കലുകളോ നടത്തരുതെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.

ഭരണഘടനയുടെ 176-ാം വകുപ്പ് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഇന്ന് രാവിലെ അയച്ച കത്തിനെ തുടർന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപനത്തിലെ പൗരത്വ നിയമഭേദഗതിയ്ക്ക് എതിരായ പരാമർശം വായിക്കാൻ തയ്യാറായത്.

പൗരത്വ നിയമഭേദഗതിക്ക് എതിരായ പരാമർശമടങ്ങുന്ന നയപ്രഖ്യാപന പ്രസംഗം പൂർണമായി വായിക്കണമെന്നാവശ്യപ്പെട്ടാണ്‌ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചത്‌.

കത്തിലെ പ്രസക്ത ഭാഗം ഇപ്രകാരമായിരുന്നു….

എന്തുകൊണ്ടാണ് പൗരത്വ നിയമഭേദഗതിക്ക് എതിരായ പരാമർശം നയപ്രഖ്യാപന പ്രസംഗത്തിൽ ഉൾപ്പെടുത്തിയത് എന്നതിൽ വിശദീകരണം തേടിക്കൊണ്ടുള്ള താങ്കളുടെ കത്ത് അർദ്ധരാത്രിയോടെ കിട്ടി. വിശദമായി, സൂക്ഷ്മമായിത്തന്നെ അത് ഞാൻ വായിച്ചു.

ബഹുമാനപ്പെട്ട ഗവർണർ ചൂണ്ടിക്കാട്ടിയ വിഷയങ്ങളിൽ പലതിനും കൃത്യമായ വിശദീകരണം ഞങ്ങൾ നൽകിയതാണ്. ഈ ചെറുമറുപടി ഇപ്പോൾ നൽകുന്നത്, താങ്കൾ നടത്താനിരിക്കുന്ന നയപ്രഖ്യാപനപ്രസംഗത്തിന്‍റെ അടിസ്ഥാനത്തിലാണ്.

പൗരത്വ നിയമഭേദഗതിയെക്കുറിച്ചുള്ള സംസ്ഥാനസർക്കാരിന്‍റെ ആശങ്ക തീർച്ചയായും ഗവർണർ അവതരിപ്പിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിലും ഇടംപിടിക്കേണ്ടതാണ്. ഭരണഘടനയുടെ 176-ാം വകുപ്പ് പ്രകാരം, മന്ത്രിസഭയുടെ നിർദേശങ്ങളും ഉപദേശങ്ങളും പ്രകാരമാണ് നയപ്രഖ്യാപനപ്രസംഗം തയ്യാറാക്കുന്നത്.

മന്ത്രിസഭ ഏകകണ്ഠമായി അംഗീകരിച്ച നയപ്രഖ്യാപനം പൂർണമായിത്തന്നെ താങ്കൾ വായിക്കണം എന്നാണ് എന്‍റെ അഭ്യർത്ഥന. അതിൽ കൂട്ടിച്ചേർക്കലുകളോ, ഒഴിവാക്കലുകളോ അരുതെന്നും ഞാൻ അഭ്യർത്ഥിക്കുന്നു.

ഈ കത്തിനു ശേഷമാണ് പ‍ഴയ നിലപാടിൽ മാറ്റം വരുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപനത്തിലെ പൗരത്വ നിയമഭേദഗതിയ്ക്ക് എതിരായ പരാമർശം വായിക്കാൻ തയ്യാറായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here