ഐസ്‌ക്രീമും കൊറോണയും തമ്മിലുള്ള ബന്ധമെന്ത്? സാധാരണക്കാരെ പരിഭ്രാന്തിയിലാക്കിയ ആ സന്ദേശത്തിന് പിന്നിലെ വാസ്തവം എന്ത്? സത്യാവസ്ഥ ഇങ്ങനെ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലുമൊക്കെ കറങ്ങി നടക്കുന്ന ഒരു സന്ദേശമുണ്ട്. ചൈനയിലെ വുഹാനില്‍ നിന്നും പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസിനെ കുറിച്ചാണ് ആ സന്ദേശം. എന്നാല്‍ അത് വാസ്തവമാണോ എന്ന് ചോദിച്ചാല്‍ പലര്‍ക്കും അതിന് കൃത്യമായ ഉത്തരവുമില്ല.

കൊറോണ വൈറസ് പടരുന്നതില്‍ നിന്ന് സ്വയം രക്ഷനേടാന്‍ അടുത്ത 90 ദിവസത്തേക്ക് ആളുകള്‍ ഐസ്‌ക്രീമുകള്‍, മില്‍ക്ക് ഷെയ്ക്കുകള്‍, തണുത്ത പാനീയങ്ങള്‍, പാല്‍, മധുരപലഹാരങ്ങള്‍ എന്നിവ കഴിക്കുന്നത് ഒഴിവാക്കണമെന്നാണ് സന്ദേശത്തില്‍ പ്രധാനമായും പറയുന്നത്.

ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കിയാല്‍ കൊറോണയെ പ്രതിരോധിക്കാനാകുമെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ഈ സന്ദേശത്തിന്റെ സത്യാവസ്ഥ തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സൈഫ ആശുപത്രിയിലെ ക്രിറ്റിക്കല്‍ കെയര്‍ മെഡിസിന്‍ സ്‌പെഷ്യലിസ്റ്റ് ഡോ. ശില്‍പ വര്‍മ്മ

ഈ സന്ദേശം തെറ്റാണെന്നും ഐസ്‌ക്രീമുകള്‍, ശീതളപാനീയങ്ങള്‍, മധുരപലഹാരങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതിലൂടെ വൈറസ് പടരില്ലെന്നും ഡോക്ടര്‍ പറയുന്നു. ഇത്തരം ഭക്ഷ്യവസ്തുക്കളും കൊറോണ വൈറസും തമ്മില്‍ ബന്ധമുണ്ടെന്ന് ശാസ്ത്രീയമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ജലദോഷത്തിന് കാരണമാകുന്ന പദാര്‍ത്ഥങ്ങള്‍ കൊറോണ വൈറസുമായി ബന്ധം വരുന്നില്ലെന്നും ഡോ. ശില്‍പ പറയുന്നു.

കൊറോണ വൈറസിനെ നേരിടാനുള്ള ഏറ്റവും മികച്ച പ്രതിരോധ സംവിധാനങ്ങള്‍ ലോകാരോഗ്യ സംഘടന ട്വീറ്റ് ചെയ്തതില്‍ തണുത്ത പാനീയങ്ങളും ഐസ്‌ക്രീമുകളും ഒഴിവാക്കണമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും ഡോക്ടര്‍ പറയുന്നു.

ഈ ഒരു സന്ദര്‍ഭത്തില്‍ നിങ്ങള്‍ ചെയ്യേണ്ടത് ഒന്നുമാത്രമാണ്. വാസ്തവമായ കാര്യങ്ങള്‍ മാത്രമാണ് നമ്മള്‍ പങ്കുവയ്‌ക്കേണ്ടത്. കൊറോണ വൈറസുമായി ബന്ധപ്പെട്ട് തെറ്റായ രീതിയിലുള്ള നിരവധി വ്യാജ സന്ദേശങ്ങള്‍ ഇനിയും വരാം. അത്തരം സന്ദേശങ്ങള്‍ കണ്ണും അടച്ച് വിശ്വസിക്കാതെ സത്യാവസ്ഥ അന്വേഷിച്ചതിന് ശേഷം മാത്രം അത്‌ഷെയര്‍ ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here