ആരോഗ്യകരമായ സംരംഭകത്വം വളര്‍ത്തും; യുവാക്കള്‍ തൊഴിലന്വേഷകരില്‍ നിന്ന് തൊഴില്‍ ദാതാക്കളാവണം: മുഖ്യമന്ത്രി

തിരുവനന്തപുരം: സംരംഭകത്വരംഗത്ത് യുവാക്കളുടെ കഴിവ് നല്ല രീതിയിൽ ഉപയോഗിച്ചാൽ അത്ഭുതം സൃഷ്ടിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

തൊഴിലന്വേഷകർക്ക്‌ പകരം യുവാക്കൾ തൊഴിൽദാതാക്കളാകണമെന്നും അദ്ദേഹം പറഞ്ഞു. യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ സംഘടിപ്പിച്ച ‘എൻലൈറ്റ് 2020′ സംരംഭകത്വ വികസന ക്ലബ് കോൺക്ലേവ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ആരോഗ്യകരമായ സംരംഭകത്വ സംസ്‌കാരം വളർത്തിയെടുക്കാനാണ്‌ സർക്കാർ ശ്രമിക്കുന്നത്. വ്യവസായങ്ങൾ വളരാനുള്ള എല്ലാ സാഹചര്യവും ഇപ്പോൾ നാട്ടിലുണ്ട്‌.

വ്യവസായം ആരംഭിക്കുന്നതു സംബന്ധിച്ച പ്രശ്‌നങ്ങൾ പരിഹരിച്ച് ‘ഈസ് ഓഫ് ഡൂയിങ്‌ ബിസിനസി’നായി ഏഴ്‌ നിയമങ്ങളും പത്ത്‌ ചട്ടങ്ങളും ഭേദഗതിചെയ്തു.

വ്യവസായസൗഹൃദ സംസ്ഥാനങ്ങളിൽ ആദ്യ അഞ്ചിൽ കേരളത്തെ എത്തിക്കാനാണ് ശ്രമം. ഏറ്റവും മികച്ച സ്റ്റാർട്ടപ്‌ സാഹചര്യമാണ് കേരളത്തിലുള്ളത്. ലോകശ്രദ്ധ നേടിയ ഒട്ടേറെ സ്റ്റാർട്ടപ്പുകളാണ് കേരളത്തിൽനിന്നുയർന്നുവന്നതെന്നും അദ്ദേഹം പറഞ്ഞു.

യുവസംരംഭകരുടെ കരുത്തും ശക്തിയും പ്രായോഗിക തലത്തിലെത്തിക്കണമെന്നും തൊഴിൽരഹിതർ ഇല്ലാത്ത നാടാക്കി കേരളത്തെ മാറ്റാനാണ്‌ ശ്രമിക്കുന്നതെന്നും ചടങ്ങിൽ അധ്യക്ഷനായ വ്യവസായമന്ത്രി ഇ പി ജയരാജൻ പറഞ്ഞു.

വി കെ പ്രശാന്ത് എംഎൽഎ, മേയർ കെ ശ്രീകുമാർ, കൗൺസിലർ കെ മുരളീധരൻ, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ ഇളങ്കോവൻ, ഡയറക്ടർ കെ ബിജു എന്നിവർ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here