നടിയെ ആക്രമിച്ച കേസ് വിചാരണ തുടങ്ങി; നടിയും ദിലീപ് അടക്കമുള്ള പ്രതികളും കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷിവിസ്താരം തുടങ്ങി.

ആക്രമണത്തിന് ഇരയായ നടിയെയാണ് ആദ്യം വിസ്തരിക്കുന്നത്. ദിലീപ് അടക്കമുള്ള പ്രതികളും കോടതിയിലെത്തിയിട്ടുണ്ട്.

ഹൈക്കോടതി നിര്‍ദേശപ്രകാരം എറണാകുളത്തെ പ്രത്യേക കോടതിയില്‍ അടച്ചിട്ട മുറിയിലാണ് വിചാരണ നടക്കുന്നത്. സാക്ഷികളില്‍ 135 പേരെയാണ് ആദ്യം വിസ്തരിക്കുക.

പ്രതികള്‍ക്കെതിരെ ഗൂഢാലോചന, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, തെളിവ് നശിപ്പിക്കല്‍, ഐടി ആക്ട് തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കുറ്റം ചുമത്തിയിട്ടുള്ളത്.

കേസില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ആറു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

2017 ഫെബ്രുവരി 17ന് രാത്രിയിലാണ് സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ യുവനടിയെ ആക്രമിച്ച് കാറില്‍ കടത്തിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇതിന് പിന്നില്‍ നടന്‍ ദിലീപാണെന്നായിരുന്നു സുനില്‍കുമാറിന്റെ മൊഴി. എന്നാല്‍ ദൃശ്യങ്ങളുടെ പകര്‍പ്പ് ലഭിക്കണമെന്നും അവ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ആവശ്യപ്പെട്ടുള്ള 30 ഹര്‍ജികളാണ് വിവിധ കോടതികളില്‍ ദിലീപ് നല്‍കിയത്.

സംഭവം നടന്ന് അഞ്ചാം മാസത്തില്‍ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദിലീപിന്റെ പങ്ക് വ്യക്തമാക്കുന്ന നിരവധി തെളിവുകളും രേഖകളും പ്രോസിക്യൂഷന്‍ കോടതിക്ക് കൈമാറിയിട്ടുണ്ട്. കേരളത്തെ നടുക്കിയ സംഭവം നടന്ന് മൂന്ന് വര്‍ഷം തികയാറാകുമ്പോഴാണ് കേസ് വിചാരണ തുടങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News