കേരളത്തിലെ കൊറോണ സ്ഥിരീകരിച്ച് മന്ത്രി ശൈലജ ടീച്ചര്‍; വിദ്യാര്‍ഥിനി തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍; ആരോഗ്യനില തൃപ്തികരം; 1053 പേര്‍ നിരീക്ഷണത്തില്‍

കേരളത്തിലെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് മന്ത്രി കെകെ ശൈലജ ടീച്ചര്‍.

ചൈനയിലെ വുഹാന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നെത്തിയ തൃശൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിനിക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്.

നേരത്തെ തന്നെ ഐസൊലേറ്റ് ചെയ്ത് പ്രത്യേക വാര്‍ഡില്‍ നിരീക്ഷണത്തിലായിരുന്ന വിദ്യാര്‍ഥിനിയിലാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

20 പേരുടെ സാമ്പിള്‍ അയച്ചതില്‍ ഒരാളുടെ രക്തസാമ്പിളാണ് പോസിറ്റീവായത്. അതില്‍ പത്തു സാംപിളുകള്‍ നൈഗറ്റീവ് ആണ്. ആറെണ്ണം ലാബ് അധികൃതര്‍ ഹോള്‍ഡ് ചെയ്തിരിക്കുകയാണ്. രോഗം സംശയിച്ച് ഐസൊലേറ്റ് ചെയ്യപ്പെട്ട നാലു പേരില്‍ ഒരു വിദ്യാര്‍ഥിനിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ആദ്യ ഘട്ട പരിശോധനയിലാണ് പോസിറ്റീവ് ആണെന്നു കണ്ടെത്തിയത്.

തൃശൂര്‍ ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് വിദ്യാര്‍ഥിനിയെ പ്രവേശിപ്പിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും വിദ്യാര്‍ഥിനിയുടെ ആരേഗ്യനില തൃപ്തികരമാണെന്നും മന്ത്രി പറഞ്ഞു.

കൊറോണ വൈറസുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഇതുവരെ ആകെ 1053 പേരാണ് നിരീക്ഷണത്തിലുള്ളത്. അതില്‍ 15 പേര്‍ മാത്രമാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളതെന്നും മന്ത്രി പറഞ്ഞു.

തുടര്‍നടപടിക്രമങ്ങള്‍ തീരുമാനിക്കാന്‍ തൃശൂരില്‍ യോഗം ചേരും. ആരോഗ്യമന്ത്രിയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഇന്ന് തന്നെ തൃശൂരിലേക്ക് തിരിക്കും. മെഡിക്കല്‍ കോളേജില്‍ പ്രത്യേക വാര്‍ഡ് സജ്ജമാക്കും. പനിയും ചുമയും ഉള്ളവര്‍ ചികിത്സയ്ക്കെത്തുമ്പോള്‍ പ്രത്യേക ജാഗ്രത വേണമെന്നും മന്ത്രി പറഞ്ഞു.

ചികിത്സയിലുള്ള വിദ്യാര്‍ഥിനിയെ ആവശ്യമെങ്കില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുുമെന്നും മന്ത്രി പറഞ്ഞു.

തൃശൂരിലേക്കെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി കൂടുതല്‍ സുരക്ഷാ മുന്നൊരുക്കങ്ങള്‍ക്കായി വ്യാഴാഴ്ച തന്നെ അടിയന്തര യോഗം ചേരുമെന്നും മന്ത്രി വ്യക്തമാക്കി

സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും മുന്നൊരുക്കത്തിന് നിര്‍ദേശം നല്‍കിയതായും ആവശ്യമെങ്കില്‍ എല്ലാ മെഡിക്കല്‍ കോളേജുകളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ചൈനയില്‍ നിന്ന് തിരിച്ചെത്തിയവരും രോഗ ലക്ഷണമുള്ളവരും എത്രയും വേഗത്തില്‍ ആശുപത്രിയില്‍ ചികിത്സ തേടണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here