കൊറോണ വൈറസ് ബാധ: സംസ്ഥാനം സുസജ്ജം; കര്‍ശന ആരോഗ്യ പരിശോധന; ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കൊറോണ വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ലോകാര്യോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

രാജ്യത്തെ ആദ്യ കൊറോണ വൈറസ് ബാധ സംസ്ഥാനത്ത് സ്റിരീകരിച്ച സാഹചര്യത്തിലും സംസ്ഥാനത്തും ശക്തമായ സുരക്ഷയും നിരീക്ഷണങ്ങളുമാണ് സ്വീകരിച്ചിരിക്കുന്നത്.

ലോകത്താകെ 8100 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായും രോഗബാധയില്‍ 213 പേര്‍ മരണപ്പെട്ടതായും ലോകാരോഗ്യ സംഘടന അറിയിച്ചു.

രാജ്യത്ത് ആദ്യ കൊറോണ വൈറസ് സ്ഥിരീകരിച്ച ചൈനയിലെ വുഹാനിൽനിന്നെത്തിയ മെഡിക്കൽ വിദ്യാർഥിനിയെ തൃശൂർ ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽനിന്ന്‌ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റിയേക്കും.

ആരോഗ്യനില തൃപ്തികരമാണ്‌. തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ടായിരുന്ന മൂന്നു വിദ്യാർഥികളെ മുളങ്കുന്നത്തുകാവ്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി.

സംസ്ഥാനത്തുനിന്ന്‌ പരിശോധനയ്‌ക്ക്‌ അയച്ച 24 സാമ്പിളുകളിൽ 15 ലും രോഗബാധയില്ല. ബാക്കിയുള്ള ഫലം വരാനുണ്ട്‌.

ചീഫ് സെക്രട്ടറി, ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരുമായി കേന്ദ്ര ആരോഗ്യ സെക്രട്ടറി നടത്തിയ വീഡിയോ കോൺഫറൻസിലാണ് വൈറസ്‌ ബാധ സ്ഥിരീകരിച്ച വിവരം അറിയിച്ചത്‌.

വൈറസ്‌ ബാധ സ്ഥിരീകരിക്കുന്ന ആദ്യപരിശോധനയായ ആർടിപിസിആറിന്റെ ഫലമാണ്‌ വന്നത്‌. രോഗം ഉറപ്പിക്കാനുള്ള ജീൻ സീക്വൻസി ടെസ്‌റ്റ്‌ ഫലം വരുംമുമ്പ്‌ തന്നെ രോഗിയെ തൃശൂർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക്‌ മാറ്റാൻ തയ്യാറെടുപ്പ്‌ തുടങ്ങി.

മന്ത്രിമാരായ കെ കെ ശൈലജ, എ സി മൊയ്തീൻ, പ്രൊഫ. സി രവീന്ദ്രനാഥ്, വി എസ് സുനിൽകുമാർ എന്നിവർ വ്യാഴാഴ്ച അർധരാത്രിയോടെ തൃശൂർ മെഡിക്കൽ കോളേജിലെത്തി.

രോഗ പ്രതിരോധകാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി അടിയന്തര ഉന്നതതലയോഗം മുളങ്കുന്നത്തുകാവ്‌ ഗവ. മെഡിക്കൽ കോളേജിൽ ചേർന്നു.

ഉന്നതതല യോഗം ചേർന്നു

ആദ്യഫലം വന്ന ഉടൻ മന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം തലസ്ഥാനത്ത്‌ ചേർന്നു. മുഖ്യമന്ത്രിയെ കണ്ട്‌ സ്ഥിതിഗതികൾ വിശദീകരിച്ചു. വൈറസ്‌ പ്രതിരോധത്തിന്‌ ആവശ്യമായ എല്ലാ നടപടിയും സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു.

ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന റാപിഡ്‌ റെസ്‌പോൺസ്‌ ടീം യോഗം കാര്യങ്ങൾ ആസൂത്രണം ചെയ്തു. ആരോഗ്യമന്ത്രി, മന്ത്രി എ സി മൊയ്തീൻ, ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി രാജൻ എൻ ഖോബ്രഗഡെ എന്നിവർ തൃശൂർ മെഡിക്കൽ കോളേജിൽ പ്രതിരോധനടപടികൾക്ക്‌ നേതൃത്വം നൽകും.

എല്ലാ ജില്ലയിലും ജാഗ്രത

എല്ലാ ജില്ലയിലും ജാഗ്രതാനിർദേശം നൽകി. വിമാനത്താവളങ്ങളിലും പരിശോധന ശക്തമാക്കി. സ്ഥിരീകരിച്ച കേസിൽ സമ്പർക്കമുള്ളവരെ നിരന്തരം നിരീക്ഷിക്കും.

വൈറസ്‌ ബാധയിൽ ആശങ്ക വേണ്ടെന്നും ഭീതി പരത്തരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു. രോഗിയുമായി അടുത്തിടപഴകിയവർ സ്വമേധയാ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്ന്‌ ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.

1053 പേർ നിരീക്ഷണത്തിൽ

രോഗബാധിത പ്രദേശങ്ങളിൽനിന്ന്‌ ഇതുവരെ 1053 പേർ സംസ്ഥാനത്ത്‌ മടങ്ങിയെത്തി. പുതുതായി 247 പേരാണ്‌ നിരീക്ഷണത്തിൽ ഉള്ളത്‌.

ഇതിൽ വിവിധ ജില്ലകളിലായി 1038 പേർ വീടുകളിലും 15 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്‌. കൊല്ലത്ത്‌ രണ്ടും ആലപ്പുഴ, തൃശൂർ, എറണാകുളം, പാലക്കാട്‌, മലപ്പുറം എന്നിവിടങ്ങളിൽ ഓരോരുത്തരേയുമാണ്‌ വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌.

പെൺകുട്ടി വന്നത്‌ വുഹാനിൽനിന്ന്‌
ചൈനയിൽ രോഗം ആദ്യമായി സ്ഥിരീകരി-ക്കു-കയും മരണമു-ണ്ടാവുകയും ചെയ്ത വുഹാനിലെ മെഡിക്കൽ കോളേജിൽ പഠിക്കുന്ന വിദ്യാർഥിനി കഴിഞ്ഞ ആഴ്ചയാണ് നാട്ടിലെത്തിയത് തൃശൂർ ജനറൽ ആശുപത്രിയിൽ ഏഴുപേരെയാണ് നേരത്തേ പ്രവേശിപ്പിച്ചത്.

അതിൽ പുണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ രക്തപരിശോധന നടത്തി വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ച മൂന്നുപേരെ കഴിഞ്ഞ ദിവസംഡിസ്ചാർജ് ചെയ്തു.

ഇപ്പോൾ ആശുപത്രിയിലുള്ള നാലുപേരിൽ ഒരാൾക്കാണ് രോഗം സ്ഥിരീകരിച്ചത് രോഗം പകരാതിരിക്കാൻ ആവശ്യമായ എല്ലാ നടപടിയും സ്വീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ കെ ജെ റീന അറിയിച്ചു.

ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കി. മാസ്‌ക്കുകളും വിതരണം ചെയ്യുന്നുണ്ട്‌. തൃശൂർ കലക്ടറേറ്റിലും ഡിഎംഒ ഓഫീസിലും പ്രത്യേകകൺട്രോൾ റൂം തുറന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here