പാര്‍ലമെന്‍റ് സമ്മേളനം ഇന്ന് തുടങ്ങും; രാഷ്ട്രപതിയുെട നയപ്രഖ്യാപനം ഇന്ന്; ബജറ്റ് അവതരണം നാളെ

പാർലമെന്റിന്റെ ബജറ്റ്‌ സമ്മേളനത്തിന്‌ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തോടെ വെള്ളിയാഴ്‌ച തുടക്കമാകും. തുടർന്ന്‌ ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക സർവേ ലോക്‌സഭയിൽ അവതരിപ്പിക്കും. ശനിയാഴ്‌ചയാണ്‌ പൊതു ബജറ്റ്‌.

ബജറ്റ്‌ സമ്മേളനം രണ്ടു ഘട്ടമായാണ്‌ ചേരുക. ആദ്യഘട്ടം ഫെബ്രുവരി 11 വരെയാണ്‌. രണ്ടാം ഘട്ടത്തിനായി മാർച്ച്‌ രണ്ടിനു ചേരും.

ഏപ്രിൽ മൂന്നുവരെ രണ്ടാം ഘട്ടം തുടരും.സമ്മേളനത്തിൽ 45 ബിൽ അവതരിപ്പിക്കുമെന്ന്‌ പാർലമെന്ററി മന്ത്രി പ്രഹ്ലാദ്‌ ജോഷി അറിയിച്ചു.

ബജറ്റ്‌ സമ്മേളനത്തിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയിൽ വ്യാഴാഴ്‌ച സർവകക്ഷി യോഗം ചേർന്നു.

26 രാഷ്ട്രീയ പാർടിയുടെ പ്രതിനിധികൾ പങ്കെടുത്തു. ഏത്‌ വിഷയത്തിലും ചർച്ചയ്‌ക്ക്‌ ഒരുക്കമാണെന്ന്‌ പ്രധാനമന്ത്രി അറിയിച്ചു.

പൗരത്വ ഭേദഗതി നിയമം, തൊഴിലില്ലായ്‌മ, വിലക്കയറ്റം, മോശം സാമ്പത്തികാവസ്ഥ, കശ്‌മീരിലെ അടിച്ചമർത്തൽ തുടങ്ങിയ വിഷയങ്ങളിൽ ചർച്ചയ്‌ക്ക്‌ സർക്കാർ തയ്യാറാകണമെന്ന്‌ പ്രതിപക്ഷ പാർടികൾ ആവശ്യപ്പെട്ടു.

പൗരത്വ വിഷയത്തിൽ രാജ്യവ്യാപകമായി പ്രതിഷേധമുയർന്നിട്ടും സർക്കാർ പ്രതികരിച്ചിട്ടില്ല. ബിജെപി നേതാക്കൾ കടുത്ത വർഗീയ പ്രസ്‌താവനകൾ നടത്തുകയാണ്‌.

പ്രശ്‌നത്തിൽ പ്രധാനമന്ത്രി ഇടപെടണം. കശ്‌മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ്‌ അബ്‌ദുള്ളയ്‌ക്ക്‌ ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന്‌ അവസരം നൽകണമെന്നും- പ്രതിപക്ഷ പാർടികൾ ആവശ്യപ്പെട്ടു.

സ്‌പീക്കർ ഓം ബിർളയും വ്യാഴാഴ്‌ച സർവകക്ഷി യോഗം വിളിച്ചു. രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു വെള്ളിയാഴ്‌ച സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്‌.

ബജറ്റ്‌ സമ്മേളനത്തിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾക്ക്‌ രൂപംനൽകുന്നതിനായി പ്രതിപക്ഷ പാർടികൾ ഫെബ്രുവരി ഒന്നിന്‌ യോഗം ചേരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here