അങ്ങനെ സംഘികളുടെ ‘മാനസികരോഗി’ വാദവും വന്നു; ഗാന്ധി രക്തസാക്ഷിത്വദിനത്തില്‍ ജാമിയ വിദ്യാര്‍ഥികളെ വെടിവച്ചുകൊല്ലാന്‍ ശ്രമിച്ച സംഘിഗുണ്ട മാനസികരോഗിയെന്ന് പ്രചരണം

ദില്ലി: മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തില്‍ ജാമിയ മിലിയ ഇസ്ലാമിയ വിദ്യാര്‍ഥികളെ വെടിവച്ചുകൊല്ലാന്‍ ശ്രമിച്ച സംഘിഗുണ്ട മാനസികരോഗിയാണെന്ന പ്രചരണവുമായി സംഘപരിവാര്‍.

വെടിവച്ചത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണെന്നും ഇയാള്‍ കഴിഞ്ഞ നാല് ദിവസമായി കടുത്ത മാനസികഅസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞതായാണ് സംഘപരിവാര്‍ പ്രചരിപ്പിക്കുന്നത്.

രാജ്ഘട്ടിലെ ഗാന്ധി സമാധിയിലേക്കുള്ള ജാമിയ വിദ്യാര്‍ഥികളുടെ മാര്‍ച്ചിനുനേരെ വന്‍ പൊലീസ് സന്നാഹം നോക്കി നില്‍ക്കെയാണ് രാംഭക്ത് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഗോപാല്‍ ശര്‍മ വെടിയുതിര്‍ത്തത്.

തോക്ക് ഉയര്‍ത്തിപ്പിടിച്ച് ജയ്ശ്രീറാം വിളിച്ചാണ് ബജ്രംഗദള്‍ പ്രവര്‍ത്തകനായ ഗോപാല്‍ ശര്‍മ വിദ്യാര്‍ഥികള്‍ക്ക് നേരെ പാഞ്ഞടുത്തത്. വലിയ ആക്രമണത്തിന് പോകുന്നുവെന്ന് ഇയാള്‍ ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്ഘട്ടില്‍ ജന്‍ഏക്ത അധികാര്‍ ആന്ദോളന്‍ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയില്‍ പങ്കെടുക്കുന്നതിന് മാര്‍ച്ച്ചെയ്യുകയായിരുന്നു വിദ്യാര്‍ഥികള്‍. പകല്‍ ഒന്നരയോടെ ക്യാമ്പസിനുപുറത്ത് പ്രകടനത്തിന്റെ മുന്നിലെത്തി ‘ആര്‍ക്കാണ് സ്വാതന്ത്ര്യം (ആസാദി) വേണ്ടത്’ എന്ന് ആക്രോശിച്ച് തോക്കുചൂണ്ടി.

വിദ്യാര്‍ഥികള്‍ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ വെടിയുതിര്‍ത്തു. നോക്കിനിന്നതല്ലാതെ ആക്രമണം തടയാന്‍ പൊലീസ് തയ്യാറായില്ല. വെടിവച്ചശേഷം ‘ദില്ലി പൊലീസ് വിജയിക്കട്ടെ’ എന്ന് മുദ്രാവാക്യം മുഴക്കിയ ഗോപാല്‍ ശര്‍മ പൊലീസുകാര്‍ക്കടുത്തേക്ക് ഓടിയെത്തി. ഇതിനുശേഷമാണ് ഇയാളെ പിടികൂടിയത്.

ആക്രമണത്തില്‍ പരുക്കേറ്റ മാസ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ഥി ഷദാബ് ഫറൂഖിനെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here