9 വർഷമായി രോഗശയ്യയിൽ കഴിഞ്ഞ ജയരാജന്‍റെ സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കി എം എ യൂസഫലി

കോട്ടയം: ചിറകൊടിഞ്ഞ പക്ഷിയെ പോലെ വീണുപോയ ജയരാജന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറകു നല്‍കി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി.

ഒമ്പത് വര്‍ഷം മുമ്പ് പനയില്‍ നിന്ന് വീണ് ശരീരം തളര്‍ന്ന് വര്‍ഷങ്ങളായി കിടപ്പിലായിപ്പോയ കോട്ടയം ഏറ്റുമാനൂര്‍ പോരൂര്‍ വടക്കേ പുളന്താനത്ത് ജയരാജന്‍ (48) ലുലു ഗ്രൂപ്പ് ചെയർമാൻ കൈമാറിയ അത്യാധുനിക ഇലക്ട്രോണിക് വീല്‍ചെയറില്‍ സ്വതന്ത്രനായി വീടിന് പുറത്തിറങ്ങിയപ്പോള്‍ ചിറക് തിരിച്ചു കിട്ടിയ പക്ഷിയുടെ ആഹ്ലാദം.

നാട്ടിലെ കൂലിവേലകള്‍ ചെയ്ത് കുടുംബം പോറ്റിയിരുന്ന ജയരാജന്‍ പനയില്‍ കയറി ഓല വെട്ടുന്നതിനിടയിലാണ് ഉയരത്തില്‍ നിന്ന് പിടിവിട്ട് താഴെ വീണത്.

നട്ടെല്ല് പലസ്ഥലത്തും ഒടിഞ്ഞ് അതീവഗുരുതര നിലയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ജയരാജന്‍ അതോടെ ശരീരത്തിന്റെ പകുതി ഭാഗവും ചലനശേഷി നഷ്ടപ്പെട്ട് കിടപ്പിലായി. പരസഹായമില്ലാതെ മലമൂത്ര വിസര്‍ജനം പോലും നടത്താന്‍ കഴിയാതെ ഒമ്പത് വര്‍ഷമായി ദുരിതജീവിതം നയിച്ചുവരികയാണ് ഇദ്ദേഹം.

നല്ലൊരു വീല്‍ചെയര്‍ കിട്ടിയാല്‍ സ്വതന്ത്രനായി വീടിന് പുറത്തിറങ്ങാനും എന്തെങ്കിലും വരുമാനം കണ്ടെത്താനും കഴിയുമെന്ന പ്രതീക്ഷയില്‍ ജയരാജന്‍ ഫേസ്ബുക്കിലൂടെ നിരന്തരമായി എം എ യൂസഫലിയോട് നടത്തിയ അഭ്യര്‍ഥനയാണ് ഇയാളുടെ ജീവിതത്തില്‍ വഴിത്തിരിവായത്.

അഭ്യര്‍ഥന ശ്രദ്ധയില്‍ പെട്ട എം എ യൂസഫലി ജയരാജനെക്കുറിച്ച് അന്വേഷിക്കുകയും ദയനീയാവസ്ഥ മനസ്സിലാക്കി ബാംഗളൂരില്‍ നിന്നും പ്രത്യേകമായി നിർമ്മിച്ച ആധുനിക സൗകര്യങ്ങളുള്ള ഇലക്ട്രിക് വീല്‍ചെയര്‍ നല്‍കുകയുമായിരുന്നു. ലുലു ഗ്രൂപ്പ് മീഡിയാ കോ ഓര്‍ഡിനേറ്റര്‍ എന്‍ ബി സ്വരാജ് കഴിഞ്ഞ ദിവസം ജയരാജന്റെ വീട്ടിലെത്തി വീല്‍ചെയര്‍ കൈമാറി.

ഹോട്ടല്‍ പണിക്ക് പോകുന്ന മകന് ദിവസവും കിട്ടുന്ന 500 രൂപയാണ് കുടുംബത്തിന്റ ഏക വരുമാനം. ഭര്‍ത്താവ് ഉപേക്ഷിച്ചതിനെ തുടര്‍ന്ന് മകളും രണ്ടു കുട്ടികളും നാല് സെന്റിലുള്ള ഈ കൊച്ചു വീട്ടിലുണ്ട്.

കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ വീടിന്റെ ഒരുഭാഗം ഇടിഞ്ഞു വീണതോടെ കുടുംബത്തിന്റെ സ്ഥിതി കൂടുതല്‍ ദയനീയമായി. തകര്‍ന്ന ഭാഗം ബാനറും ഷീറ്റും വെച്ച് മറച്ചാണ് താമസം. ജയരാജന് ദിവസവും വേണ്ടിവരുന്ന മരുന്ന് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകര്‍ നല്‍കുന്നുണ്ട്.

ചില മരുന്നുകള്‍ സ്വന്തമായി വാങ്ങണം. കിടന്നും കസേരയിൽ ഇരുന്നും കഴിഞ്ഞ ദിവസം മുതൽ തുടങ്ങിയ പേപ്പർ പേന നിര്‍മാണം ജയരാജനില്‍ നിന്ന് വില നൽകി വാങ്ങി ജയരാജന് പിന്തുണ അറിയിച്ചാണ് ലുലുവിൽ നിന്നും എത്തിയവർ മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here