കണ്ണൂരിൽ മാധ്യമപ്രവർത്തകന്റെ വീടിന് നേരെ ആർ എസ് എസ് ആക്രമണം. ദേശാഭിമാനി ജീവനക്കാരൻ എം സനൂപിന്റെ അഴീക്കോട് ചക്കരപ്പാറയിലെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്.അക്രമികൾ വീടിന്റെ ജനൽ ചില്ലുകളും വാഹനങ്ങളും തകർത്തു.
വെള്ളിയാഴ്ച പുലർച്ചെ രണ്ടു മണിയോടെ കൂടിയാണ് അക്രമിസംഘം ദേശാഭിമാനിയിലെ മാധ്യമപ്രവർത്തകൻ സനൂപിൻെറ വീട് ആക്രമിച്ചത്. ഇരുമ്പുവടി,വടിവാൾ തുടങ്ങിയ മാരകായുധങ്ങളുമായി എത്തിയ സംഘം വീടിന്റെ ജനൽച്ചില്ലുകൾ തകർത്തു.
മുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാർ,ബൈക്ക് എന്നിവയ്ക്ക് നേരെയും ആക്രമണമുണ്ടായി.കാറിൻറെ മുഴുവൻ ചില്ലുകളും അടിച്ചുതകർത്തു. വീട്ടുകാർ ശബ്ദം കേട്ട് ലൈറ്റ് ഓൺ ചെയ്തപ്പോഴേക്കും അക്രമിസംഘം ഓടി രക്ഷപ്പെട്ടു.ആറോളം പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ സി ഐ ടി യു നേതാവ് കെ പി സഹദേവൻ, പത്രപ്രവർത്തക യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ചു.
സ്ത്രീകളും ചെറിയ കുട്ടിയും ഉൾപ്പെടെയുള്ള കുടുംബം താമസിക്കുന്ന വീടിന് നേരെ നടത്തിയ ആക്രമണം അപലപനീയമാണെന്നും അക്രമം നടത്തിയ ആർ എസ് എസുകാരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും എം വി ജയരാജൻ ആവശ്യപ്പെട്ടു.
മാധ്യമ പ്രവർത്തകരുടെ വീടിനു നേരെയുണ്ടായ ആക്രമണത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു
Get real time update about this post categories directly on your device, subscribe now.