ഫ്രാന്‍സില്‍ വിജയചരിത്രം കുറിച്ച് തൊഴിലാളി സമരം; ആവശ്യങ്ങള്‍ക്കുമുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കി

പാരിസ്: ഫ്രാന്‍സില്‍ അഗ്‌നിശമനസേനാ തൊഴിലാളികള്‍ നടത്തിവന്ന അനിശ്ചിതകാല സമരം വിജയിച്ചു. അപകടസാധ്യതയുള്ള തൊഴിലിനുള്ള ബോണസ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. 1990 മുതല്‍ മാറ്റമില്ലാതെ തുടര്‍ന്ന അപകടസാധ്യതയുള്ള തൊഴിലിനുള്ള ബോണസ് വിഹിതം വര്‍ധിപ്പിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയായത്.

19 ശതമാനത്തില്‍ നിന്ന് 25 ശതമാനമായാണ് ബോണസ് വര്‍ധിപ്പിച്ചിരിക്കുന്നത്. അതിനോടൊപ്പം തൊഴിലിടങ്ങളില്‍ നല്‍കിയ അധിക സമയം കണക്കില്‍പ്പെടുത്തിക്കൊണ്ട് തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ പ്രായത്തിന് മുന്നേ തന്നെ പൂര്‍ണ പെന്‍ഷനോടെ വിരമിക്കാമെന്നും സര്‍ക്കാര്‍ സമ്മതിച്ചു.

പതിനായിരക്കണക്കിന് തൊഴിലാളികളാണ് തൊഴില്‍ ബഹിഷ്‌കരിച്ചുകൊണ്ട് സമരത്തിനിറങ്ങിയിരുന്നത്. ക്രൂരമായ പൊലീസ് അതിക്രമങ്ങള്‍ക്കാണ് തൊളിലാളികള്‍ ഇരയായത്. എന്നാല്‍ എന്ത് സംഭവിച്ചാലും പിന്നോട്ടില്ലെന്ന തൊഴിലാളികളുടെ ദൃഢനിശ്ചയത്തിനുമുന്നില്‍ മുട്ടുമടക്കുകയല്ലാതെ മക്രോണിന് മറ്റു വഴികളില്ലായിരുന്നു.

സര്‍ക്കാരില്‍ നിന്ന് ലഭിച്ച ഉറപ്പുകളുടെ അടിസ്ഥാനത്തില്‍ സമരം പിന്‍വലിക്കുകയാണെന്നും ഫെബ്രുവരി ഒന്ന് മുതല്‍ ജോലിയില്‍ തിരികെ പ്രവേശിക്കാമെന്നും തൊിലൊളികള്‍ സമ്മതിച്ചിട്ടുണ്ട്.

വേതന വര്‍ധനവ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പെട്ടെന്നുതന്നെ തീരുമാനം കൈക്കൊള്ളണമെന്നും തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ടു. ഇതോടൊപ്പം പെന്‍ഷന്‍ സമ്പ്രദായ പരിഷ്‌കരണത്തിനെതിരെ ഫ്രാന്‍സില്‍ തുടരുന്ന സമരങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും വരും ദിവസങ്ങളിലും ഈ സമരങ്ങളുടെ ഭാഗമാവുമെന്നും തൊഴിലാളികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News