കൊറോണ: വിദ്യാര്‍ഥിനിയുടെ നില തൃപ്തികരം; ആവശ്യത്തിലധികം ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജം, വ്യാജവാര്‍ത്ത പ്രചരിപ്പിച്ച 3 പേര്‍ക്കെതിരെ കേസ്

തൃശ്ശൂര്‍: കൊറോണ വൈറസ് ബാധയേറ്റ് തൃശ്ശൂരില്‍ ചികിത്സയിലുള്ള വിദ്യാര്‍ഥിനിയുടെ നില തൃപ്തികരമാണെന്ന് മന്ത്രി കെ കെ ശൈലജ. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി തൃശ്ശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സംസ്ഥാനത്ത് 1471 പേര്‍ നിരീക്ഷണത്തിലുണ്ട് . തൃശൂരില്‍ രോഗലക്ഷണമുള്ള 15 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.

ഇതുവരെ 24 സാമ്പിളുകള്‍ അയച്ചതില്‍ 18 എണ്ണം നെഗറ്റീവാണെന്ന് മന്ത്രി പറഞ്ഞു. ഇന്ന് 15 സാമ്പിളുകള്‍ കൂടി അയച്ചിട്ടുണ്ട്. ആവശ്യത്തിലധികം ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളില്‍ 85 ഐസൊലേഷന്‍ വാര്‍ഡുകളും പൂര്‍ണ്ണ സജ്ജമാണ്. തിങ്കളാഴ്ച മുതല്‍ സ്‌കൂളുകളില്‍ ബോധവല്‍ക്കരണം പരിപാടി നടത്തുമെന്നും മന്ത്രി അറിയിച്ചു.

കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിയുടെ നില തൃപ്തികരമാണെന്ന് മന്ത്രി പറഞ്ഞു. ഇവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട 58 പേര്‍ നിരീക്ഷണത്തിലുണ്ട്. നിരീക്ഷണത്തിലുള്ളവരാരും പൊതുചടങ്ങുകളില്‍ പങ്കെടുക്കുകയോ പൊതു വാഹനം ഉപയോഗിക്കുകയോ ചെയ്യരുത്.

എല്ലാ ജില്ലകളിലും കൊറോണ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. കൊറോണബാധയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും ഹെല്‍പ് ഡെസ്‌കുകള്‍ ആരംഭിച്ചിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച മൂന്ന് പേര്‍ക്കെതിരെ കേസെടുക്കുമെന്ന് മന്ത്രി അറിയിച്ചു. തൃശ്ശൂരില്‍ തുടരുന്ന മന്ത്രി നാളെ രാവിലെ കൊച്ചിയിലേക്ക് പോകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News