കൊറോണ: സംസ്ഥാനത്ത് 1471 പേര്‍ നിരീക്ഷണത്തില്‍ സ്വകാര്യ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡ്

തൃശൂർ: കൊറോണ രോഗബാധയുടെ സാഹചര്യത്തിൽ സംസ്ഥാനത്ത് 1471 പേർ നിരീക്ഷണത്തിലുണ്ടെന്ന് മന്ത്രി കെ കെ ശൈലജ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തൃശൂർ മെഡിക്കൽ കോളേജിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന വിദ്യാർഥിനിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. മറ്റാർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടില്ല.

നിരീക്ഷണത്തിലുള്ളവരിൽ 1421 പേരും വീടുകളിലാണ്്. 50 പേർ വിവിധ ജില്ലകളിൽ ആശുപത്രികളിലുണ്ട്. ഇതിനകം 39 പേരുടെ രക്തസാമ്പിൾ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഇതിൽ 15 പേരുടെ സാമ്പിൾ വെള്ളിയാഴ്ചയാണ് അയച്ചത്.

നേരത്തേ അയച്ച 24 സാമ്പിളിൽ 18 എണ്ണത്തിന്റെ റിപ്പോർട്ട് കിട്ടി. അതിൽ പതിനേഴും നെഗറ്റീവാണ്. ആശുപത്രിയിൽ കഴിയുന്നവരുടെ രക്തസാമ്പിൾ രണ്ടു തവണ പരിശോധനയ്ക്ക് അയക്കും. രോഗം സ്ഥിരീകരിച്ച കുട്ടിയുടെ സാമ്പിൾ ഒരിക്കൽക്കൂടി അയച്ചു.

മറ്റുള്ള റിപ്പോർട്ട് അടുത്ത ദിവസങ്ങളിലായി കിട്ടും. മന്ത്രിമാരായ കെ കെ ശൈലജ, എ സി മൊയ്തീൻ, സി രവീന്ദ്രനാഥ്, വി എസ് സുനിൽകുമാർ എന്നിവർ തൃശൂരിൽ തങ്ങിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

സ്വകാര്യ ആശുപത്രികളിലും ഐസൊലേഷൻ വാർഡ്

കൊറോണ രോഗപ്രതിരോധത്തിനും ചികിത്സയ്ക്കും സ്വകാര്യ ആശുപത്രികളിലും ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കുമെന്ന് മന്ത്രി കെ കെ ശൈലജ അറിയിച്ചു.

ഡോക്ടർമാർക്കും ജീവനക്കാർക്കും കൊറോണ ചികിത്സയിൽ പരിശീലനം നൽകും. രോഗലക്ഷണവുമായി സ്വകാര്യ ആശുപത്രികളിൽ ചികിത്സക്കെത്തുന്നവരുടെ വിവരം കൺട്രോൾ റൂമിൽ ഉടൻ അറിയിക്കണമെന്നും വെള്ളിയാഴ്ച രാവിലത്തെ അവലോകന യോഗത്തിന് ശേഷം മന്ത്രി പറഞ്ഞു.

മടങ്ങിയവരെ പാർപ്പിക്കാൻ പ്രത്യേക കേന്ദ്രം

ചൈനയിലെ വുഹാനിൽനിന്ന്‌ മടങ്ങിയെത്തിയവരെ പാർപ്പിക്കാൻ ഹരിയാനയിലെ മാനേസറിൽ പ്രത്യേക കേന്ദ്രം സജ്ജീകരിച്ചു. കരസേനയുടെ നേതൃത്വത്തിലാണ്‌ പാർപ്പിടകേന്ദ്രം.

എയർഇന്ത്യയുടെ പ്രത്യേകവിമാനത്തിൽ 366 പേർ ശനിയാഴ്‌ച വുഹാനിൽനിന്ന്‌ ഡൽഹിയിൽ എത്തും. ഇവരിൽ 40 പേർ മലയാളികളാണ്‌.

ഡൽഹി വിമാനത്താവളത്തിൽ പരിശോധിച്ചശേഷം മനേസറിലേക്ക്‌ വിടും. രോഗബാധ സംശയിക്കുന്നവർ, രോഗികളുമായി അടുത്ത്‌ ഇടപഴകിയവർ, അല്ലാത്തവർ എന്നിങ്ങനെ മൂന്നായി തിരിച്ചാവും പരിശോധന. 14 ദിവസം ഇവരെ സൂക്ഷ്‌മമായി നിരീക്ഷിക്കും.

അതേസമയം രോഗലക്ഷണമുള്ളവരെ ചൈന ഇന്ത്യയിലേക്ക്‌ അയക്കില്ലെന്ന്‌ റിപ്പോർട്ടുണ്ട്‌. ചൈനയിൽ തന്നെ ചികിത്സ നൽകാനാണ്‌ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News