പൗരത്വ നിയമം: സത്യത്തില്‍ ഗാന്ധിജി പറഞ്ഞത് എന്ത്?

പൗരത്വ ഭേദഗതി നിയമത്തിന്റെ കാര്യത്തില്‍ ഗാന്ധിജിയുടെ ആശയം നടപ്പാക്കുന്നുവെന്ന പേരില്‍ മോഡിസര്‍ക്കാര്‍ നുണ പ്രചരിപ്പിക്കുകയാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

നയപ്രഖ്യാപനത്തില്‍ ഗാന്ധിജിയുടേതായി ഉദ്ധരിച്ചതിന് നേര്‍വിപരീതമാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.പാകിസ്ഥാനില്‍ കഴിയാന്‍ ആഗ്രഹിക്കാത്ത ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും ഇന്ത്യയില്‍ വരാന്‍ കഴിയണമെന്നും അവര്‍ക്ക് ഇവിടെ സാധാരണ ജീവിതം ഉറപ്പാക്കണമെന്നും ഗാന്ധിജി പറഞ്ഞിട്ടുണ്ടെന്നാണ് നയപ്രഖ്യാപനത്തില്‍ രാഷ്ട്രപതിയെക്കൊണ്ട് പറയിച്ചത്.യഥാര്‍ഥത്തില്‍ ഗാന്ധിജി പറഞ്ഞത് ഇങ്ങനെയാണ്: ” നാം മുസ്ലിങ്ങളെ ഒറ്റുകാരായി കണ്ടാല്‍ പാകിസ്ഥാനിലെ ഹിന്ദുക്കളും സിഖുകാരും അത്തരത്തില്‍ പരിഗണിക്കപ്പെടും. അങ്ങനെ ഉണ്ടാകരുത്.

അവിടെ കഴിയാന്‍ ആഗ്രഹിക്കാത്തപക്ഷം പാകിസ്ഥാനിലെ ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും ഇവിടെ വരാന്‍ കഴിയണം. അങ്ങനെ വന്നാല്‍ ഇന്ത്യാ സര്‍ക്കാര്‍ അവര്‍ക്ക് ജോലി നല്‍കുകയും അവരുടെ ജീവിതം സുഖകരമാക്കുകയും ചെയ്യണം. എന്നാല്‍, നമ്മുടെ ചാരന്മാരായി അവര്‍ പാകിസ്ഥാനില്‍ കഴിയുന്ന സ്ഥിതി ഉണ്ടാകരുത്…. ഇന്ത്യയോട് വിശ്വസ്തരായിരിക്കുമെന്ന് മുസ്ലിങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നമുക്ക് പൂര്‍ണഹൃദയത്തോടെ ഇതു വിശ്വസിക്കാം. സത്യം മാത്രമാണ് വിജയിക്കുക, അസത്യം ഒരിക്കലും വിജയിക്കില്ല”. ഗാന്ധിജിയുടെ സമ്പൂര്‍ണകൃതികളില്‍നിന്നുള്ള ഭാഗം യെച്ചൂരി ചൂണ്ടിക്കാട്ടി.
മോഡിസര്‍ക്കാരിന്റെ അസത്യപ്രചാരണം ഒരിക്കല്‍കൂടി പൊളിഞ്ഞുവെന്നും യെച്ചൂരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here