ദേ ഇതാണ് യഥാര്‍ത്ഥ രാജ്യസ്‌നേഹി; വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്ത വിദ്യാര്‍ത്ഥിയെ ആദരിക്കാന്‍ ഹിന്ദു മഹാസഭ

വ്യാഴാഴ്ചയാണ് സിഎഎ വിരുദ്ധ മാര്‍ച്ച് നടത്തിയ ജാമിയ മിലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ 17 കാരന്‍ വെടിയുതിര്‍ത്തത്. പോലീസുകാര്‍ നോക്കി നില്‍ക്കെ ആര്‍ക്കാണ് സ്വാതന്ത്ര്യം വേണ്ടത് താന്‍ തരാം എന്ന് ആക്രോശിച്ച് കൊണ്ടായിരുന്നു അക്രമി വെടിയുതിര്‍ത്തത്.

വെടിവെയ്പ്പില്‍ ഒരു വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റിരുന്നു.അതേസമയം സമരക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്ത അക്രമിയെ ആദരിക്കാന്‍ ഒരുങ്ങുകയാണ് ഹിന്ദു മഹാസഭ. മഹാത്മ ഗാന്ധിയെ വെടിവെച്ച് കൊലപ്പെടുത്തിയ നാഥുറാം വിനായക ഗോഡ്‌സേയെ പോലെ യഥാര്‍ത്ഥ രാജ്യസ്‌നേഹിയാണ് ഇന്നലെ പ്രതിഷേധകര്‍ക്ക് നേരെ വെടിയുതിര്‍ത്തതെന്ന് ഹിന്ദു മഹാസഭാ വ്യക്തമാക്കി.

യുപി സ്വദേശിയായ 17 കാരനായ വിദ്യാര്‍ത്ഥിയാണ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നിറയൊഴിച്ചത്. സമരക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്ത വിദ്യാര്‍ത്ഥിയെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് ഹിന്ദുമഹാസഭാ വക്താവ് അശോക് പാണ്ഡെ പറഞ്ഞു. ദേശവിരുദ്ധരെ നിശബ്ദരാക്കാനാണ് അവന്‍ ശ്രമിച്ചത്, വിദ്യാര്‍ത്ഥിക്ക് എല്ലാ നിയമ സഹായങ്ങളും ഹിന്ദു മഹാസഭ നല്‍കും.

വിദ്യാര്‍ത്ഥിയെ ആദരിക്കുന്ന പരിപാടി സംഘടിപ്പിക്കും.കൊലപാതകവും രാജ്യ താത്പര്യം സംരക്ഷിക്കാനുള്ള കൊലപാതകവും നിയമപരമായി വ്യത്യസ്തമാണെന്നും അശോക് പാണ്ഡെ പറഞ്ഞു.ഷര്‍ജീല്‍ ഇമാമിനെ പോലുള്ള രാജ്യദ്രോഹികളും ഷഹീന്‍ബാഗിലേയും അലിഗഡ് മുസ്ലീം സര്‍വ്വകലാശാലയിലേയും ജെഎന്‍യുലവിലേയുമെല്ലാം ദേശവിരുദ്ധരെ വെടിവെച്ച് കൊലപ്പെടുത്തണമെന്നും അശോക് പാണ്ഡെ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here