ആദായ നികുതി പ്രഖ്യാപനം തട്ടിപ്പ്, പുതിയ നികുതിഘടനയ്ക്കൊപ്പം നിക്ഷേപങ്ങള്‍ക്കുള്ള നികുതിയിളവുകളും നീക്കി

ബജറ്റില്‍ ആദായ നികുതി നിരക്കുകള്‍ കുറച്ചെങ്കിലും ഇടത്തരക്കാര്‍ക്ക് സാമ്പത്തിക ലാഭമുണ്ടാകില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ പൂർണ തോതിൽ ഇളവുകൾ പ്രയോജനപ്പെടുത്തിയിരുന്ന നികുതിദായകർക്ക് പുതിയ നിരക്കിലൂടെ കാര്യമായ നേട്ടമുണ്ടാകില്ല.

നേരത്തെ 80 സി പ്രകാരം 1.50 ലക്ഷം രൂപയുടെ നിക്ഷേപത്തിന് ഉണ്ടായിരുന്ന നികുതിയിളവുകള്‍ എടുത്തുകളഞ്ഞതോടെയാണിത്. ദേശീയ സമ്പാദ്യ പദ്ധതി നിക്ഷേപം, ഇന്‍ഷുറന്‍സ് പ്രീമിയം, ടാക്‌സ് സേവിങ് മ്യൂച്വല്‍ ഫണ്ട്, യുലിപ്, പിഎഫ്, പി പി എഫ് തുടങ്ങിയവയ്‌ക്കൊന്നും ഇനി നികുതി ഇളവുകള്‍ ബാധകമാകില്ല.

വീട്ടുവാടക, ട്യൂഷന്‍ ഫീ, വിദ്യാഭ്യാസ വായ്പ, പ്രൊഫഷണല്‍ ടാക്സ് എന്നിവയ്ക്ക് കിട്ടുന്ന ഇളവുകളും എടുത്തു കളഞ്ഞു. എ‍ഴുപതോളം ഇളവുകളാണ് പുതിയ ബജറ്റിലൂടെ ധനമന്ത്രി നീക്കിയത്.

എന്നാല്‍ പഴയ സ്ലാബില്‍ തുടരാന്‍ താല്‍പര്യമുള്ളവര്‍ക്ക് നിക്ഷേപത്തിന്മേലുള്ള നികുതിയിളവുകള്‍ തുടര്‍ന്നും ലഭിക്കും. പുതിയ സ്ലാബുകള്‍ സ്വീകരിക്കുന്നവര്‍ക്ക് ഈ ഇളവുകള്‍ ബാധകമാകില്ല.

അതേസമയം 15 ലക്ഷം വരുമാനമുള്ളയാൾക്ക് ഇളവുകളൊന്നും പ്രയോജനപ്പെടുത്താത്ത സാഹചര്യത്തിൽ പുതിയ നിരക്കുകളിലൂടെ 79,000 രൂപയുടെ വരെ നേട്ടം ലഭിക്കുമെന്നു കണക്കാക്കുന്നു.

മുൻ നിരക്കിൽ 2,73,000 നികുതി നൽകിയിരുന്ന സ്ഥാനത്ത് ഇനി 1,95,000 രൂപ ആദായനികുതി നൽകിയാൽ മതിയാകും. ഭാവിയില്‍ നികുതിയിളവുകള്‍ പൂര്‍ണമായും ഇല്ലാതാക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News