സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങളെ തീര്‍ത്തും അവഗണിച്ചു; കേന്ദ്ര ബജറ്റിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണം

നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിനെക്കുറിച്ച് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ സംഘങ്ങള്‍ക്കുമേല്‍ ഇരുപത്തിരണ്ടു ശതമാനം നികുതിയും സര്‍ച്ചാര്‍ജും എന്ന കേന്ദ്ര ബജറ്റിലെ നിര്‍ദേശം സഹകരണ പ്രസ്ഥാനങ്ങള്‍ക്കും അവയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും ആപല്‍ക്കരമാണ്.

സഹകരണമേഖലയെ വളര്‍ത്തേണ്ട ഘട്ടത്തില്‍ അവയെ ഇല്ലായ്മ ചെയ്യുന്ന നികുതിനിര്‍ദേശവുമായി മുമ്പോട്ടുപോവുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും.

കേന്ദ്ര നികുതിയില്‍നിന്നുള്ള സംസ്ഥാത്തിന്റെ ഓഹരിയില്‍ വലിയതോതിലുള്ള ഇടിവു വരുന്നു എന്നതും ഉല്‍ക്കണ്ഠാജനകമാണ്. എത്ര ഭീമമാണ് ഇടിവ് എന്നത് വ്യക്തമാകാനിരിക്കുന്നതേയുള്ളു.

സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങളെ തീര്‍ത്തും അവഗണിച്ചിരിക്കുകയാണ് കേന്ദ്ര ബജറ്റ്. പ്രകൃതിക്ഷോഭ സഹായധനം ഇതര സംസ്ഥാനങ്ങള്‍ക്ക് വീതിച്ചു നല്‍കിയപ്പോള്‍ കേരളത്തെ അതിരൂക്ഷമായ പ്രളയക്കെടുതി ഉണ്ടായ സംസ്ഥാനമായിട്ടു കൂടി ഒഴിവാക്കിയതു കഴിഞ്ഞ മാസത്തിലാണ്. അതേ രാഷ്ട്രീയ മനോഭാവമാണ് കേരളത്തിന്റെ കാര്യത്തില്‍ ബജറ്റിലുള്ളത്.

പൊതുമേഖലാ സ്ഥാപനങ്ങള്‍ കൂടുതലായി വിറ്റഴിക്കാനുള്ള നിര്‍ദേശങ്ങളടങ്ങിയ കേന്ദ്ര ബജറ്റ് കേരളത്തിലെ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, റിഫൈനറി പോലുള്ളവയ്ക്ക് അതിജീവിക്കാനാവശ്യമായ പണം വകയിരുത്തിയിട്ടില്ല.

എന്നു മാത്രമല്ല, നിലവിലുള്ളതിനെ അപേക്ഷിച്ചുപോലും പല രംഗങ്ങളിലും വെട്ടിക്കുറവാണ് വരുത്തിയിട്ടുള്ളത്.

ജിഎസ്ടി കാര്യത്തില്‍ അര്‍ഹമായ വിഹിതം നിരന്തരം നിഷേധിക്കുന്ന കേന്ദ്രം, കൃഷി-ഭൂമി രംഗങ്ങളില്‍ സംസ്ഥാനത്തിന്റെ അധികാരാവകാശങ്ങള്‍ ഫെഡറല്‍ സത്തയ്ക്കു വിരുദ്ധമായി കൂടിയതോതില്‍ കവരുന്നതിനുള്ള ശ്രമം നടത്തുന്നു.

സെമി ഹൈ സ്പീഡ് കോറിഡോര്‍, അങ്കമാലി-ശബരി റെയില്‍പാത, ജിഎസ്ടി നഷ്ടപരിഹാരത്തുക, കടത്തിന്റെ പരിധി ഉയര്‍ത്തല്‍, റബ്ബര്‍ സബ്‌സിഡി ഉയര്‍ത്തല്‍, കേരളത്തിന് ഒരു എയിംസ്, ഫാക്ട് അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള അധികനിക്ഷേപം, ദേശീയപാതാ വികസനം വേഗത്തിലാക്കല്‍, ഗള്‍ഫ് നാടുകളിലെ എംബസികളില്‍ അറ്റാഷെകളുടെ എണ്ണം വര്‍ധിപ്പിക്കല്‍, പ്രവാസി പുനരധിവാസം തുടങ്ങി കേരളം സുപ്രധാനമായ എത്രയോ ആവശ്യങ്ങള്‍ മുമ്പോട്ടുവെച്ചിരുന്നു.

വിശദമായ നിവേദനം നല്‍കിയിരുന്നു. എന്നാല്‍, അതിനൊന്നും ഒരു പരിഗണനയും നല്‍കിയില്ല. കോര്‍പ്പറേറ്റ് നികുതി മേഖലയില്‍ ആവര്‍ത്തിച്ച് ഇളവുകള്‍ അനുവദിച്ചതും കാര്‍ഷികോല്‍പാദനം വര്‍ധിപ്പിക്കാന്‍ പദ്ധതികളില്ലാത്തതും എല്‍ഐസിയിലെ സര്‍ക്കാര്‍ ഓഹരി വിറ്റഴിക്കാന്‍ തീരുമാനിച്ചതും മറ്റും കേന്ദ്ര സര്‍ക്കാരിന്റെ അനുഭാവം ഏതു കൂട്ടരോടാണെന്നതിനു തെളിവു നല്‍കുന്നുണ്ട്.

ആഗോളവല്‍ക്കരണ നയങ്ങള്‍ വലിയ മാന്ദ്യവും വൈഷമ്യവും ഉണ്ടാക്കിയിട്ടും ശക്തിപ്പെടുത്തി തുടരുക തന്നെ ചെയ്യും എന്നതിന്റെ പ്രഖ്യാപനമാണ് ബജറ്റിലുള്ളത്. ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയെക്കുറിച്ച് കാര്യമായി ഒന്നു പരാമര്‍ശിക്കുന്നു പോലുമില്ല ഈ ബജറ്റ് എന്നതും ശ്രദ്ധേയമാണ്.

സമ്പദ്ഘടനയെ ശക്തിപ്പെടുത്തുന്നതോ സാമൂഹ്യസുരക്ഷയെ ഉറപ്പിക്കുന്നതോ വികസനത്തിലേക്കു നയിക്കുന്നതോ അല്ല ഈ ബജറ്റ്, മറിച്ച്, പണപ്പെരുപ്പവും തൊഴിലില്ലായ്മയും വര്‍ധിപ്പിക്കുന്നതിനു വഴിവെക്കും ഈ ബജറ്റ്.

രാജ്യത്തിന്റെ എല്ലാ ഭാഗത്തും സമതുലിതമായ വികസനം ഉറപ്പാക്കേണ്ടതുണ്ട്. എന്നാല്‍, അതിനു നേര്‍ വിപരീത ദിശയിലാണ് ബജറ്റും കേന്ദ്രവും നീങ്ങുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News