കേന്ദ്രബജറ്റ് സാമ്പത്തികമാന്ദ്യത്തെ മറച്ചുവെയ്ക്കുന്ന വെറും വാചകക്കസര്‍ത്ത്; കേരളത്തിന് കടുത്ത അവഗണന: ഐസക്

തിരുവനന്തപുരം: കഴിഞ്ഞ ബജറ്റിന്റെ തകര്‍ച്ചയില്‍ നിന്ന് കേന്ദ്രധനമന്ത്രി ഒരുപാഠവും പഠിച്ചിട്ടില്ലെന്നും രൂക്ഷമാകുന്ന സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് കഴിഞ്ഞ ബജറ്റിലും ഒരു പരാമര്‍ശവുമുണ്ടായില്ലെന്നും സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക്. ഇത്തവണയും സമീപനം അതുതന്നെ. കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നടപ്പുവര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച 4.9 ശതമാനമായി കുറയുമെന്ന് ബജറ്റില്‍ സമ്മതിച്ചിരിക്കുന്നു. എന്നാല്‍ ഇതിനു കാരണമാകുന്ന രൂക്ഷമായ സാമ്പത്തികമാന്ദ്യത്തെ മറച്ചുവയ്ക്കുന്ന കസര്‍ത്തു മാത്രമാണ് ഈ ബജറ്റ്.ഇത് സ്ഥാപിക്കാനുള്ള വൃഥാവ്യായാമമാണ് ബജറ്റ്. ഈ ബജറ്റിന്റെ ഗതിയും പഴയതു തന്നെ. ബജറ്റ് അവതരണം കഴിഞ്ഞ് ഒരു മാസം തികയുന്നതിനു മുമ്പ് പുതിയ മിനി ബജറ്റ് അവതരിപ്പിക്കേണ്ടി വന്നു. ഇത് മൂന്നു വട്ടമാണ് ആവര്‍ത്തിച്ചത്. മിനി ബജറ്റുകളുടെ നേട്ടമെല്ലാം കോര്‍പറേറ്റുകള്‍ക്കായിരുന്നു.

7.6 ലക്ഷം കോടി രൂപ കോര്‍പറേറ്റ് ടാക്സ് കിട്ടേണ്ടതിനു പകരം പുതുക്കിയ കണക്കുപ്രകാരം 6.1 ലക്ഷം കോടിയേ വാങ്ങിയിട്ടുള്ളൂ. ഇത്തവണത്തെ ബജറ്റ് കണക്കിലും 6.8 ലക്ഷം കോടിയേ പ്രതീക്ഷിക്കുന്നുള്ളൂ. ഭീമമായ നികുതിയിളവാണ് കോര്‍പറേറ്റുകള്‍ക്ക്. എന്നിട്ടും നിക്ഷേപം വര്‍ദ്ധിച്ചില്ല. നികുതി ഇളവുകള്‍ നല്‍കുക, അതിന്റെ ഫലമായ വരുമാന ഇടിവുനികത്താന്‍ ഈ നികുതിയിളവിന്റെതന്നെഗുണഭോക്താക്കളായ കോര്‍പറേറ്റുകള്‍ക്ക് പൊതുമേഖലയെ വില്‍ക്കുക. ഇതാണ് കേന്ദ്രസര്‍ക്കാരിന്റെ നയം.

ഐഡിബിഐ ബാങ്ക് പൂര്‍ണമായും സ്വകാര്യവത്കരിക്കുന്നതിനും എല്‍ഐസിയുടെ സ്വകാര്യവത്കരണം ആരംഭിക്കുന്നതിനും പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ ബജറ്റില്‍ ഒരു ലക്ഷം കോടി രൂപയാണ് പൊതുമേഖലാ വില്‍പനയിലൂടെ ലക്ഷ്യമിട്ടതെങ്കില്‍ ഇപ്പോഴത് 2.1 ലക്ഷം കോടിയായി.

ഈ നയത്തിനു പകരം ജനങ്ങളുടെ വാങ്ങല്‍ കഴിവ് ഉയര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് സംസ്ഥാന ധനമന്ത്രിമാര്‍ ഏകകണ്ഠമായി ആവശ്യപ്പെട്ടത്. അതിന് ഏറ്റവും നല്ല മാര്‍ഗം തൊഴിലുറപ്പു പദ്ധതിയാണ്. അതിന് 2019-20ലെ പുതുക്കിയ കണക്കു പ്രകാരം 71000 കോടി രൂപ ചെലവഴിക്കുമ്പോള്‍ പുതിയ ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത് 61500 കോടി രൂപ മാത്രമാണ്.

വയോജനപെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കുന്നതിനു പകരം അതിന്റെ അടങ്കലും കുറച്ചിരിക്കുകയാണ്. ആരോഗ്യ ഹെല്‍ത്ത് മിഷന്റെയോ വിദ്യാഭ്യാസ മിഷന്റെയോ അടങ്കല്‍ വര്‍ദ്ധിപ്പിക്കാന്‍ തയ്യാറായിട്ടില്ല. കേവലം ഒരു ശതമാനം മാത്രമാണ് വര്‍ദ്ധന. അങ്കണവാടികള്‍ക്ക് അടങ്കലില്‍ മൂന്നു ശതമാനം മാത്രമാണ് വര്‍ദ്ധന.

കാര്‍ഷിക മേഖലയെക്കുറിച്ച് വലിയ വീമ്പടിച്ചുവെങ്കിലും കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയ ഒന്നരലക്ഷം കോടിയേ ഇത്തവണയും ഉള്ളൂ. ഗ്രാമവികസനത്തിനും അടങ്കല്‍ വര്‍ദ്ധിച്ചിട്ടില്ല. വനിതാശാക്തീകരണത്തിന്ന് 1330 കോടി രൂപ കഴിഞ്ഞ ബജറ്റില്‍ വെച്ച സ്ഥാനത്ത് ഇപ്പോള്‍ 1161 കോടി രൂപയെ ഉള്ളൂ.

കേന്ദ്രസര്‍ക്കാരിന്റെ മൊത്തം ചെലവ് 30,42230 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് വകയിരുത്തലിനെ അപേക്ഷിച്ച് കാര്യമായ വര്‍ധനയില്ല. വിലക്കയറ്റവും കൂടി പരിഗണിക്കുമ്പോള്‍ വര്‍ദ്ധനയേ ഉണ്ടായിട്ടില്ലെന്നു പറയാം. മാന്ദ്യകാലത്ത് ചെലവ് വര്‍ദ്ധിപ്പിക്കുന്നതിനു പകരം കമ്മി പിടിച്ചു നിര്‍ത്തുന്നതിനും വേണ്ടി ചെലവിനെ ഞെരുക്കുന്ന ബജറ്റാണിത്. എന്നിട്ടും പ്രതീക്ഷിത കമ്മി 3.5 ശതമാനമാണ് . ഇതുതന്നെ റിസര്‍വ് ബാങ്കില്‍ നിന്ന് 2019-20ലെപ്പോലെ ഒരു ലക്ഷം കോടിയിലേറെ രൂപ ഡിവിഡന്റായി കവര്‍ന്നെടുത്തതുകൊണ്ടാണ് കമ്മി താഴ്ത്തി നിര്‍ത്താന്‍ കഴിഞ്ഞത്.

പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ കേന്ദ്രസര്‍ക്കാരിന്റെ കൈക്കോടാലിയാകും എന്ന് സംശയിച്ചത് യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. നികുതിവിഹിതം 7.6 ലക്ഷം കോടി കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നെങ്കില്‍ 23,000 കോടി രൂപ മാത്രമാണ് അധികം അനുവദിച്ചത്. നികുതി വിഹിതമായി നല്‍കുന്നതിനുപകരം പ്രത്യക ഗ്രാന്റുകളായി നല്‍കുന്നതിനാണ് ഫിനാന്‍സ് കമ്മിഷന്‍ താല്‍പര്യം പ്രകടിപ്പിച്ചത്. ഇത് പാടില്ല എന്ന് എല്ലാ സംസ്ഥാനങ്ങളും പറഞ്ഞതാണ്.

ഇതു കണക്കിലെടുത്താല്‍പ്പോലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതത്തില്‍ ആവശ്യമായ വര്‍ദ്ധനയില്ല. സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതത്തില്‍ പിശുക്കു കാണിക്കുമ്പോള്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ 2.8 ലക്ഷം കോടി രൂപയില്‍ നിന്ന് 3.4 ലക്ഷം കോടി രൂപയായി ഉയര്‍ത്താനും മടിച്ചില്ല.കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണ് ബജറ്റെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News