ദില്ലി: എൽഐസി അടക്കം രാജ്യത്തിന്റെ സ്വത്ത് വൻതോതിൽ വിൽക്കാനും കാർഷിക തകർച്ചയും തൊഴിലില്ലായ്‌മയും രൂക്ഷമാക്കാനും വഴിയൊരുക്കുന്ന കേന്ദ്രബജറ്റിനെതിരെ ശക്തിയായി പ്രതിഷേധിക്കാൻ സിപിഐ എം പൊളിറ്റ്‌ബ്യൂറോ ആഹ്വാനം ചെയ്‌തു.
കോർപറേറ്റുകളെയും അതിസമ്പന്നരെയും ആശ്വസിപ്പിക്കാൻ മാത്രമാണ് മോഡിസർക്കാർ ശ്രമിക്കുന്നതെന്ന് ബജറ്റ് നിർദേശങ്ങൾ ഉറപ്പിക്കുന്നു. വരുമാനപ്രതിസന്ധി നേരിടാനും വിഭവസമാഹരണത്തിനും പദ്ധതിയില്ല. ധനകമ്മി കുറയ്‌ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സർക്കാർ ചെലവ് വീണ്ടും വെട്ടിക്കുറയ്‌ക്കുന്നു.
വരുമാനത്തിൽ സംഭവിച്ച കുറവ് മറച്ചുപിടിക്കാൻ കണക്കുകളിൽ കൃത്രിമം കാട്ടി. ഇതിനുശേഷവും 2018–-19ൽ യഥാർഥ വരുമാനം ബജറ്റ് കണക്കിനെക്കാൾ 2.98 ലക്ഷംകോടി രൂപ കുറവാണ്.
കേന്ദ്രം ചെലവ് വെട്ടിക്കുറച്ചിട്ടും ധനകമ്മി പെരുകി. കേന്ദ്രപദ്ധതികളുടെ അടങ്കൽ 11 ശതമാനവും കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അടങ്കൽ 4.5 ശതമാനവും വെട്ടിക്കുറച്ചു. കൃഷി, ഭക്ഷ്യസബ്‌സിഡി മേഖലകളിലാണ് കൂടുതൽ വെട്ടിക്കുറവ്.
നടപ്പുവർഷം കോർപറേറ്റുകൾക്ക് 1.55 ലക്ഷംകോടി നികുതിയിളവ് നൽകിയതിനുപിന്നാലെ കൂടുതൽ സൗജന്യം പ്രഖ്യാപിച്ചു. 2020–-21ൽ 2.1 ലക്ഷംകോടി ഓഹരിവിൽപ്പനയും സ്വകാര്യവൽക്കരണവുംവഴി സമാഹരിക്കാനാണ് നീക്കം. മാന്ദ്യം രൂക്ഷമാക്കാനാണ് ബജറ്റ് നിർദേശങ്ങൾ കാരണമാവുക–- പിബി ചൂണ്ടിക്കാട്ടി.

Get real time update about this post categories directly on your device, subscribe now.