രണ്ടാമത്തെ കൊറോണ: നിഗമനം മാത്രമാണെന്ന് മന്ത്രി ശൈലജ ടീച്ചര്‍; അന്തിമഫലം ലഭിച്ച ശേഷം മാത്രം സ്ഥിരീകരണം; ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരം; നിരീക്ഷണത്തിന് എല്ലാവരും സഹകരിക്കണം

കൊല്ലം: കേരളത്തില്‍ രണ്ടാമതും കോറൊണ വൈറസ് ബാധിച്ചെന്നത് നിഗമനം മാത്രമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇത് പ്രാഥമിക പരിശോധനയായതിനാല്‍ സാധ്യത മാത്രമാണ്. അന്തിമ ഫലം കിട്ടായില്‍ മാത്രമേ അത് സ്ഥിരീകരിക്കാനാകൂ.

നേരത്തേയും പ്രാഥമിക പരിശോധനയില്‍ പോസിറ്റീവായി കണ്ടെങ്കിലും പിന്നീടുള്ള പരിശോധനയില്‍ നെഗറ്റീവായി മാറുകയായിരുന്നു. എങ്കിലും വളരെ നന്നായി ശ്രദ്ധിക്കണം. കൊറോണ വൈറസ് ബാധിച്ചതായി സംശയിക്കുന്ന വിദ്യാര്‍ത്ഥി 24-ാം തീയതി ചൈനയില്‍ നിന്നും വന്നശേഷം ആലപ്പുഴയില്‍ ഐസൊലേഷന്‍ ചികിത്സയിലാണ്.

വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണ്. കൊറോണ വൈറസ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത തൃശൂരില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രി വ്യക്തമാക്കി. കൊല്ലം നീണ്ടകര താലൂക്ക് ആശുപത്രിയില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

രണ്ടാമത്തെ കേസ് കൂടി ഉണ്ടാകുമെന്ന നിഗമനത്തെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ആലപ്പുഴയില്‍ പ്രത്യേക യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ആശങ്ക വേണ്ട, നിപയെ അതിജീവിച്ച പ്രവര്‍ത്തനം നമുക്ക് മുന്നിലുണ്ട്. എങ്കിലും ജാഗ്രത പാലിക്കേണ്ടതാണ്. കൊറോണ വൈറസ് ബാധിച്ചയുടനെ ആരും മരിച്ച് പോകില്ല. നന്നായി വിശ്രമിച്ച് ഐസൊലേഷന്‍ ചികിത്സയില്‍ കഴിഞ്ഞാല്‍ അവരുടേയും മറ്റുള്ളവരുടേയും ജീവന്‍ രക്ഷിക്കാന്‍ സാധിക്കുന്നതാണ്.

കേരളത്തില്‍ നിന്നും വളരെയധികം വിദ്യാര്‍ത്ഥികള്‍ ചൈനയില്‍ പഠിക്കുന്നുണ്ട്. കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്ന് വന്നവരില്‍ കൊറോണ വൈറസ്ബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

ആയതിനാല്‍ അങ്ങനെയുള്ള പ്രദേശങ്ങളില്‍ നിന്ന് വരുന്നവര്‍ 28 ദിവസം വീടുകളില്‍ തന്നെ കഴിച്ചുകൂട്ടേണ്ടതാണ്. ഇതിലൂടെ തങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും അണുബാധ ഉണ്ടാകുന്നില്ല എന്ന് ഉറപ്പാക്കാനാകും. വീട്ടിലെ നിരീക്ഷണത്തിന് എല്ലാവരും തയ്യാറാകേണ്ടതാണ്.

വീട്ടില്‍ കല്യാണം പോലുള്ള പൊതു പരിപാടികള്‍ നടത്തുകയോ വീടുവിട്ട് പോകുകയോ ചെയ്യരുത്. ഒരിക്കലും സ്വമേധയാ ആശുപത്രികളില്‍ പോകരുത്. കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട് അവര്‍ നിയോഗിക്കുന്ന വാഹനത്തില്‍ ആശുപത്രിയിലെത്തണം. ഒരു തരത്തിലും ഭയക്കേണ്ട കാര്യമില്ല. രോഗബാധിത പ്രദേശങ്ങളില്‍ നിന്നും വരുന്നവര്‍ വളരെ ശ്രദ്ധിക്കണം. നന്നായി ശ്രദ്ധിച്ചാല്‍ ഒരാളെപ്പോലും മരണത്തിന് വിട്ടു കൊടുക്കാതിരിക്കാന്‍ സാധിക്കും.

ആരോഗ്യ വകുപ്പിന്റെ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനമാണ് ഇത്രയേറെ ജീവന്‍ രക്ഷിക്കാനായത്. ഇവരെ ഡല്‍ഹിയിലോ മറ്റോ മാറ്റേണ്ട ഒരു സാഹചര്യവുമില്ല. ഇവര്‍ക്കെല്ലാം മികച്ച ഐസൊലേഷന്‍ ചികിത്സയാണ് നല്‍കുന്നത്. രോഗബാധിത പ്രദേശങ്ങളില്‍ നിന്നും വന്നവരെ കണ്ടെത്താന്‍ എയര്‍പോര്‍ട്ടിലും മികച്ച സംവിധാനങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്.

ചൈനയില്‍ വന്നവരെ ശത്രുതയോടെ കാണരുത്. പോസിറ്റീവായാല്‍ പോലും ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കും. കൂടുതല്‍ ആളുകള്‍ക്ക് പകരാതിരിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News