കൊറോണ: സംസ്ഥാനത്ത് 1999 പേര്‍ നിരീക്ഷണത്തില്‍; വ്യാജവാര്‍ത്ത പ്രചരിപ്പിച്ച രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍

കൊറോണ രോഗബാധിത പ്രദേശങ്ങളില്‍ നിന്നും എത്തിയവരില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1999 പേര്‍ നിരീക്ഷണത്തില്‍. 1924 പേര്‍ വീടുകളിലും 75 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

സംശയാസ്പദമായവരുടെ 104 സാമ്പിളുകളും രണ്ട് പുനപരിശോധനാ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 36 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവാണ്. ഇതിനിടെ, ആലപ്പുഴ ജില്ലയില്‍ വുഹാനില്‍ നിന്ന് വന്ന ഒരു വിദ്യാര്‍ത്ഥിക്ക് കൂടി കൊറോണ ബാധയുണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ഇന്ന് സ്ഥിരീകരിച്ചു.

കൊറോണ വൈറസ് ബാധിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഐസലേഷന്‍ വാര്‍ഡില്‍ കഴിയുന്ന വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും തൃശൂര്‍ ജില്ലയില്‍ 20 പേര്‍ നിരീക്ഷണത്തിലാണെന്നും മന്ത്രി വി എസ് സുനില്‍ കുമാര്‍ അറിയിച്ചു. കൊറോണയുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രചരിപ്പിച്ച രണ്ട് പേര്‍ കൂടി ഇന്ന് അറസ്റ്റിലായി.

പെരിഞ്ഞനം ഇല്ലിക്കല്‍ വീട്ടില്‍ ഷാജിത ജമാല്‍, കൊടുങ്ങല്ലൂര്‍ എസ് എന്‍ പുരം കുഴിക്കണ്ടത്തില്‍ വീട്ടില്‍ ഷംല എന്നിവരെയാണ് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് തൃശ്ശൂര്‍ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ആറ് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പോസിറ്റീവ് കേസിന്റെ രണ്ടാമത്തെ ഫലം കിട്ടിയിട്ടില്ല. മെഡിക്കല്‍ കോളേജിലും ജനറല്‍ ആശുപത്രിയിലുമായി 22 പേര്‍ ഐസലേഷനില്‍ നിരീക്ഷണത്തിലാണ്. 30 സാമ്പിളുകള്‍ ആലപ്പുഴയിലേക്ക് പരിശോധനക്കായി അയച്ചിട്ടുണ്ട്. 152 പേര്‍ വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News