നമുക്കൊന്നിച്ച് അതിജീവിക്കാം കൊറോണയെ

ചൈനയിലെ വുഹാനില്‍നിന്ന് പടര്‍ന്നുപിടിച്ച അത്യന്തം അപകടകാരിയായ കൊറോണ വൈറസ് ഭീതിയിലാണ് ലോകമെങ്ങും. കഴിഞ്ഞ ഡിസംബര്‍ അദ്യവാരം ചൈനയില്‍ കാണപ്പെട്ട കൊറോണ വൈറസ് ഇരുപതിലധികം രാജ്യങ്ങളിലാണ് അതിവേഗം പടര്‍ന്നത്. ആയിരക്കണക്കിന് പേരെയാണ് കൊറോണ ബാധിച്ചത്. നിരവധി ജീവനുകളും നഷ്ടപ്പെട്ടു.

വൈറസ് ചൈനയില്‍ വ്യാപിച്ച് തുടങ്ങിയതുമുതല്‍ സംസ്ഥാന ആരോഗ്യവകുപ്പ് കരുതല്‍ നടപടികളും മുന്നൊരുക്കങ്ങളും യുദ്ധകാലാടിസ്ഥാനത്തില്‍ എടുത്തു. നിരവധി മലയാളികളാണ് ചൈനയില്‍ പഠനത്തിനും ജോലിക്കും മറ്റുമായുള്ളത്. കൊറോണ ഉള്ള ആരെങ്കിലും ചൈനയില്‍നിന്ന് വന്നാല്‍ അത് ഇവിടെ വ്യാപിക്കാന്‍ സാധ്യത കണക്കിലെടുത്തായിരുന്നു മുന്നൊരുക്കങ്ങള്‍.

വരുന്ന ആളിന്റെയും അവരുടെ ബന്ധുക്കളുടെയും പൊതുജനങ്ങളുടെയും ജീവന്‍ രക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അത് മുന്നില്‍ക്കണ്ട മുന്നൊരുക്കമാണ് എടുത്തത്. നിപാ വൈറസിനെ അതിജീവിച്ച അനുഭവ പാഠവുമായാണ് കൊറോണ വൈറസിനെ നേരിടാന്‍ സജ്ജമായത്.

ജനുവരി 30നാണ് ഇന്ത്യയിലെ ആദ്യത്തെ കൊറോണ വൈറസ് ബാധയുണ്ടായത് കേരളത്തിലാണെന്ന് അറിയുന്നത്. തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ ചികിത്സയില്‍ കഴിഞ്ഞ ഒരു വിദ്യാര്‍ഥിനിക്കാണ് വൈറസ് സ്ഥിരീകരിച്ചത്. മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നതിനാല്‍ ആദ്യ കേസോടെതന്നെ തിരിച്ചറിയാന്‍ പറ്റി. ഇതിലൂടെ രോഗപ്പകര്‍ച്ച തടയുന്നതിനും ആരംഭത്തില്‍ത്തന്നെ ചികിത്സ തുടങ്ങാനും സാധിച്ചു. വിദ്യാര്‍ഥിനിയുടെ ആരോഗ്യനില തൃപ്തികരമാണ്.

കഴിഞ്ഞ ദിവസമാണ് രണ്ടാമത്തെ കൊറോണ വൈറസ് ബാധിച്ചതായുള്ള നിഗമനം പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് വന്നത്. പ്രാഥമിക പരിശോധനയായതിനാല്‍ അന്തിമഫലം കിട്ടിയാല്‍ മാത്രമേ സ്ഥിരീകരിക്കാനാകൂ. വൈറസ് ബാധിച്ചതായി സംശയിക്കുന്ന വിദ്യാര്‍ഥി ചൈനയില്‍നിന്ന് വന്നശേഷം ജനുവരി 24മുതല്‍ ആലപ്പുഴയില്‍ ഐസൊലേഷന്‍ ചികിത്സയിലാണ്. വിദ്യാര്‍ഥിയുടെ ആരോഗ്യനില തൃപ്തികരമാണ്.

കൊറോണയെന്ന അപകടകാരി
മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്കും മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്കും പകരുന്ന മാരക വൈറസ് രോഗമാണ് കൊറോണ. പനി, തൊണ്ടവേദന, ചുമ എന്നിവയാണ് കൊറോണ വൈറസിന്റെ പ്രധാന ലക്ഷണങ്ങള്‍. ചിലപ്പോള്‍ വയറിളക്കവും വരാം. സാധാരണഗതിയില്‍ ചെറുതായി വന്നുപോകുമെങ്കിലും കടുത്തുകഴിഞ്ഞാല്‍ ശ്വാസകോശം ഉള്‍പ്പെടെയുള്ള ആന്തരികാവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലാകാനും മരണംവരെ സംഭവിക്കാനും സാധ്യതയുണ്ട്.

പുതിയ വൈറസായതിനാല്‍ അതിന് പ്രതിരോധമരുന്നോ കൃത്യമായ മരുന്നുചികിത്സയോ ഇല്ല. എങ്കിലും വിദഗ്ധ ചികിത്സയിലൂടെയും വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള അനുബന്ധ ചികിത്സയിലൂടെയും ഏറ്റവും നല്ല ചികിത്സ നല്‍കാനാണ് ശ്രമിക്കുന്നത്. ആശുപത്രികള്‍ക്കുള്ളില്‍ രോഗപ്പകര്‍ച്ച തടയുന്നതിനുള്ള സുരക്ഷാ മാനദണ്ഡങ്ങളും ശക്തമാക്കുന്നു.

മുന്‍കരുതലാണ് പ്രധാനം
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ തലങ്ങളില്‍ പ്രതിരോധം ശക്തമാക്കി. കൊറോണ വൈറസ് ചൈനയില്‍ പടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കി. ചൈനയില്‍ പോയി തിരിച്ചുവന്നവര്‍ അതത് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ബന്ധപ്പെടണമെന്ന് നിര്‍ദേശം നല്‍കി.

രോഗലക്ഷണങ്ങള്‍ കണ്ടാല്‍ പ്രത്യേകമായി നിരീക്ഷിക്കാന്‍ തീരുമാനിച്ചു. കര്‍ശന പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവും നല്‍കി. പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി മാര്‍ഗനിര്‍ദേശങ്ങളും ലോകാരോഗ്യ സംഘടന അംഗീകരിച്ച ചികിത്സാ മാനദണ്ഡങ്ങളും പുറത്തിറക്കി.

ഏകോപനത്തിന് കണ്‍ട്രോള്‍ റൂമുകള്‍
സ്റ്റേറ്റ് കണ്‍ട്രോള്‍ റൂമും ജില്ലാ കണ്‍ട്രോള്‍ റൂമും സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ദിവസവും യോഗം ചേര്‍ന്നാണ് ഓരോ ദിവസത്തെയും പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. പ്രധാനയോഗങ്ങളില്‍ ആരോഗ്യമന്ത്രിയും പങ്കെടുത്തു. നിരീക്ഷണത്തിലുള്ളവരെ തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ കീഴിലാക്കി വിഭജിച്ചാണ് നിരീക്ഷണം ക്രമീകരിച്ചിട്ടുള്ളത്.

ആശുപത്രികള്‍ സജ്ജം
മെഡിക്കല്‍ കോളേജുകളിലും പ്രധാന ജനറല്‍, ജില്ലാ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ തയ്യാറാക്കി. എല്ലാ ആശുപത്രികളിലും അണുനശീകരണം ഊര്‍ജിതമാക്കി. മാസ്‌ക്, കൈയുറ, സുരക്ഷാ കവചങ്ങള്‍, മരുന്നുകള്‍ എന്നിവ ലഭ്യമാക്കാന്‍ കെഎംഎസ്സിഎല്ലിനെ ചുമതലപ്പെടുത്തി. രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ സാമ്പിളുകള്‍ പുണെയിലെ ദേശീയ വൈറോളജി ലാബിലേക്ക് അയക്കാനും നിര്‍ദേശിച്ചു.

നിരീക്ഷണം ശക്തം
വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കിയാണ് പ്രാഥമികമായി കൊറോണ വൈറസ് ഉള്ളവരെ കണ്ടെത്തുന്നത്. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അവരെ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കിയ ആശുപത്രിയിലേക്ക് അയക്കുന്നു. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ ബോധവല്‍ക്കരണം നല്‍കി വീടുകളില്‍ത്തന്നെ നിരീക്ഷിക്കും. 28 ദിവസംവരെ നിരീക്ഷിക്കണം.

റാപ്പിഡ് റെസ്പോണ്‍സ് ടീം
കൊറോണ വൈറസ് സ്ഥിരീകരിച്ചപ്പോള്‍ത്തന്നെ മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങളനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. തിരുവനന്തപുരത്ത് അടിയന്തര റാപ്പിഡ് റെസ്പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗം വിളിച്ചു. കൃഷിമന്ത്രി വി എസ് സുനില്‍കുമാറും പങ്കെടുത്തു. വൈറസിനെ എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്.

രോഗം ബാധിച്ച വിദ്യാര്‍ഥിനിയുടെ അവസ്ഥ ഗുരുതരമല്ലെങ്കിലും അവരുമായി നേരിട്ട് സമ്പര്‍ക്കത്തിലുണ്ടായിരുന്നവരുടെ പട്ടിക തയ്യാറാക്കേണ്ടതാണ്. കുട്ടിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്ക് രോഗലക്ഷണങ്ങളില്ലെങ്കിലും അവരെയും നിരീക്ഷണത്തില്‍ വയ്ക്കും. ഇതോടൊപ്പം തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ഥിയെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനും തീരുമാനിച്ചു.

തൃശൂരിലും ആലപ്പുഴയിലും പ്രതിരോധം
കൊറോണ സ്ഥിരീകരിച്ച അന്ന് രാത്രിതന്നെ തൃശൂര്‍ മെഡിക്കല്‍ കോളേജിലെത്തി ഉന്നതതലയോഗം ചേര്‍ന്നു. തുടര്‍ന്ന് ആരോഗ്യം, വിദ്യാഭ്യാസം, പൊലീസ്, തദ്ദേശഭരണം തുടങ്ങി എല്ലാ വകുപ്പുകളുടെയും യോഗങ്ങള്‍ വിളിച്ചു. ഇതുകൂടാതെ, സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം ഉറപ്പുവരുത്തി. രണ്ടാമത്തെ കേസ് ആലപ്പുഴയിലാണെന്ന നിഗമനത്തെത്തുടര്‍ന്ന് ഒട്ടും സമയം കളയാതെ ആലപ്പുഴയിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

ചൈനയില്‍നിന്ന് വരുന്നവര്‍ മറ്റ് സ്ഥലങ്ങളില്‍ യാത്രചെയ്യാതെ വീടുകളിലെത്തണം. ആരുമായി സമ്പര്‍ക്കമില്ലാതെ ഒരു മുറിയില്‍ത്തന്നെ 28 ദിവസം കഴിയേണ്ടതാണ്. സ്വന്തം സുരക്ഷയും മറ്റ് ബന്ധുക്കളുടെ സുരക്ഷയും നാടിന്റെ സുരക്ഷയും മുന്‍നിര്‍ത്തി ഇത് കര്‍ശനമായി പാലിക്കേണ്ടതാണ്.

വിശദ വിവരങ്ങളും ദിശയുടെ 0471 255 2056 എന്ന നമ്പരില്‍ ലഭ്യമാകും. വീട്ടില്‍ നിരീക്ഷണത്തിലുള്ളവര്‍ മറ്റ് കുടുംബാംഗങ്ങളുമായുള്ള സമ്പര്‍ക്കം കര്‍ശനമായി ഒഴിവാക്കേണ്ടതാണ്. കല്യാണംപോലുള്ള പൊതുപരിപാടികള്‍ നടത്തുകയോ വീടുവിട്ട് പോകുകയോ ചെയ്യരുത്. ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നതിനാല്‍ ജനങ്ങള്‍ വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കേണ്ടതാണ്.

എല്ലാവരും വളരെയേറെ മുന്‍കരുതലുകള്‍ എടുക്കണം. നിപായെയും പ്രളയത്തെയും നമ്മള്‍ അതിജീവിച്ചത് കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ്. അതേ ആത്മവിശ്വാസത്തോടെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഫലം കാണുകതന്നെ ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News