കൊറോണ: ചൈനയില്‍ മരണം 361; ആകെ വൈറസ് ബാധിതര്‍ 17,205

ബെയ്ജിംഗ്: കൊറോണ വൈറസ് ബാധയില്‍ ചൈനയില്‍ മരണം 361 ആയി. 57 മരണമാണ് ഇന്നലെമാത്രം റിപ്പോര്‍ട്ട് ചെയ്തത്. 2,829 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 17,205 ആയി ഉയര്‍ന്നു. ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷനാണ് പുതിയ കണക്കുകള്‍ പുറത്തു വിട്ടത്.

മരണസംഖ്യ ഉയര്‍ന്നതോടെ കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനില്‍നിന്ന് അകലെയുള്ള മറ്റൊരു സുപ്രധാന നഗരംകൂടി ഞായറാഴ്ച ചൈനീസ് സര്‍ക്കാര്‍ അടച്ചു. വൈറസ് കൂടുതല്‍ വ്യാപിക്കുന്നുവെന്നതിന്റെ സൂചന നല്‍കി വുഹാനില്‍നിന്ന് 800 കിലോമീറ്റര്‍ മാറിയുള്ള കിഴക്കന്‍ നഗരമായ വെന്‍ഷൂവാണ് അടച്ചത്.

ഷെജിയാങ് പ്രവിശ്യയിലെ 90 ലക്ഷത്തോളം ആളുകള്‍ കഴിയുന്ന നഗരമാണ് വെന്‍ഷൂ. ഷെജിയാങ്ങില്‍ 661 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതില്‍ 265-ഉം വെന്‍ഷൂവിലാണ്.

വുഹാനിലും സമീപ നഗരങ്ങളിലുമായി അഞ്ചുകോടിയോളം ആളുകള്‍ക്കാണ് വീടുകളില്‍ത്തന്നെ കഴിയാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇവിടേക്കുള്ള ഗതാഗതം പൂര്‍ണമായും നിയന്ത്രിച്ചു. അത്യാവശ്യങ്ങള്‍ക്ക് രണ്ടുദിവസം കൂടുമ്പോള്‍ കുടുംബത്തില്‍ ഒരാള്‍ക്കാണ് പുറത്തുപോകാന്‍ അനുമതിയുള്ളത്. 46 ഹൈവേകളാണ് അടച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News