ഗോത്ര സംസ്‌കൃതിയുടെ നേര്‍കാഴ്ച ഒരുക്കി ഗദ്ദിക മേള

കണ്ണൂര്‍: ഗോത്ര സംസ്‌കൃതിയുടെ നേര്‍കാഴ്ച ഒരുക്കുകയാണ് കണ്ണൂരില്‍ നടക്കുന്ന ഗദ്ദിക മേള. ഗോത്ര വിഭാഗങ്ങളുടെ രുചികൂട്ടുകള്‍ പരിചയപ്പെടാനും തനത് ഉല്‍പ്പന്നങ്ങള്‍ വാങ്ങാനും നിരവധി പേരാണ് മേളയിലേക്ക് എത്തുന്നത്. ആദിവാസികളുടെ പരമ്പരാഗത ചികിത്സാ രീതികളും മേളയില്‍ എത്തുന്നവര്‍ക്ക് പുതിയ അനുഭവമാണ് പകുകരുന്നത്.

കാഴ്ചയുടെയും അറിവിന്റെയും പുതിയ ലോകമാണ് ഗദ്ദിക മേളയില്‍ എത്തുന്നവരെ കാത്തിരിക്കുന്നത്. ഐതിഹ്യവും പാരമ്പര്യവും ഇഴചേര്‍ന്നു കിടക്കുന്നതാണ് ഗോത്ര വര്‍ഗ വിഭാഗങ്ങളുടെ തനത് ഉല്‍പ്പന്നങ്ങള്‍.മുള, ഈറ്റ , മരം , ചിരട്ട തുടങ്ങിയ കൊണ്ടു നിര്‍മ്മിച്ച വീട്ടുപകരണങ്ങള്‍ മുതല്‍ ആഭരണങ്ങള്‍ വരെയുള്ള ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്.

വന വിഭവങ്ങളായ മുളയരി, റാഗി, കാട്ടു തേന്‍, ശര്‍ക്കര, കസ്തുരി മഞ്ഞള്‍, രാമച്ചം തുടങ്ങി യവ മേളയിലുണ്ട്.ആദിവാസി വിഭാഗങ്ങളുടെ പരമ്പരാഗത ചികിത്സാരീതികളും ഔഷധങ്ങളും പരിചയപ്പെടാനും അവസരമുണ്ട്.

ഗോത്ര വിഭാഗങ്ങളുടെ രുചി വൈവിധ്യങ്ങളാണ് മേളയുടെ മറ്റൊരു പ്രധാന ആകര്‍ഷണം.കാന്താരിയും കുരുമുളകും പ്രത്യേക ചേരുവകളും ചേര്‍ത്ത് ചുട്ടെടുക്കുന്ന കോഴിയിറച്ചിക്ക് വനസുന്ദരി എന്നാണ് പേര്.കപ്പയും കാച്ചിലും പുഴുങ്ങിയത്, റാഗി കൊണ്ടുള്ള പഴംപൊരി, ചാമ പായസം ഇങ്ങനെ നീളുന്നു വിഭവങ്ങള്‍.

ഗോത്ര പാരമ്പര്യ വിനോദ് കളികളില്‍ പങ്കെടുക്കാനും മേളയില്‍ എത്തുന്നവര്‍ക്ക് അവസരമുണ്ട്.കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ നടക്കുന്ന ഗദ്ദിക മേള ഈമാസം അഞ്ചിന് അവസാനിക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News