ഇന്ത്യന്‍ സ്വാതന്ത്ര്യസമരം വെറും നാടകം; ബ്രിട്ടീഷുകാര്‍ രാജ്യംവിട്ടത് നിരാശമൂലം: ബിജെപി നേതാവ്

ബംഗളൂരു: മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍നടന്ന സ്വാതന്ത്ര്യസമരം നാടകമാണെന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അനന്തകുമാര്‍ ഹെഗ്ഡെ എംപിയുടെ പ്രസ്താവന വിവാദത്തില്‍. ബംഗളൂരുവില്‍നടന്ന പൊതുപരിപാടിയിലാണ് രാഷ്ട്രപിതാവിനെയും സ്വാതന്ത്ര്യസമരത്തെയും അധിക്ഷേപിച്ച് അനന്തകുമാര്‍ ഹെഗ്ഡെ സംസാരിച്ചത്.

ബ്രിട്ടീഷുകാരുടെ സമ്മതത്തോടെയും അനുവാദത്തോടെയും അരങ്ങേറിയ നാടകമാണ് സ്വാതന്ത്ര്യസമരമെന്നുപറഞ്ഞ ഹെഗ്ഡെ, ഗാന്ധിജിയെ മഹാത്മാവെന്ന് വിളിക്കുന്നതിനെ ചോദ്യംചെയ്യുകയും ചെയ്തു. ഇതിനുമുമ്പും വിദ്വേഷപ്രസംഗങ്ങളിലൂടെ വിവാദമുണ്ടാക്കിയ നേതാവാണ് അനന്തകുമാര്‍ ഹെഗ്ഡെ.

രാജ്യത്തുനടന്ന സ്വാതന്ത്ര്യസമരം സത്യസന്ധമല്ലാത്ത പോരാട്ടമായിരുന്നു. അതൊരു ഒത്തുകളിയായിരുന്നു. ഇവര്‍ക്കാര്‍ക്കെങ്കിലും പോലീസിന്റെ ലാത്തിയടി കിട്ടിയിട്ടുണ്ടോയെന്നും മഹാത്മാഗാന്ധിയുടെ നിരാഹാരസമരവും സത്യാഗ്രഹവും നാടകമാണെന്നും അദ്ദേഹം ആരോപിച്ചു.

മരണംവരെ നിരാഹാരം കിടന്നും സത്യാഗ്രഹം നടത്തിയുമാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതെന്ന കോണ്‍ഗ്രസിന്റെ വാദത്തെ ജനങ്ങള്‍ പിന്തുണയ്ക്കുകയാണ്. എന്നാല്‍, ഇത് സത്യമല്ല. ബ്രിട്ടീഷുകാര്‍ രാജ്യംവിട്ടത് നിരാശമൂലമാണ്. മഹാത്മാഗാന്ധിയുടെ വധവുമായി ആര്‍എസ്എസിന് ബന്ധമില്ലെന്നും അനന്തുകുമാര്‍ ഹെഗ്ഡെ പറഞ്ഞു.

അനന്തകുമാറിന്റെ പ്രസ്താവനയെ കോണ്‍ഗ്രസ് രൂക്ഷമായി വിമര്‍ശിച്ചു. രാഷ്ട്രീയക്കാരനാവാനും ജനപ്രതിനിധിയാകാനും അനന്തകുമാറിന് യോഗ്യതയില്ലെന്നും അദ്ദേഹത്തിന് മാനസികനില തെറ്റിയിരിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി.

പ്രധാനമന്ത്രിയെ പ്രീതിപ്പെടുത്താനുള്ള ശ്രമമാണെന്നും വാര്‍ത്താപ്രാധാന്യമാണ് ലക്ഷ്യമെന്നും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഖാര്‍ഗെ പറഞ്ഞു. അനന്തകുമാര്‍ ഹെഗ്ഡെയെ മാനസികാരോഗ്യകേന്ദ്രത്തിലാക്കണമെന്ന് കോണ്‍ഗ്രസ് സംസ്ഥാനവക്താവ് വി എസ് ഉഗ്രപ്പ ആവശ്യപ്പെട്ടു

പതിവുപോലെ അനന്തകുമാര്‍ ഹെഗ്ഡെയെ തള്ളി ബിജെപിയും രംഗത്തെത്തി. പ്രസ്താവന അംഗീകരിക്കുന്നില്ലെന്നും പാര്‍ട്ടിയും ആര്‍എസ്എസും മഹാത്മാഗാന്ധിയെ വലിയ ബഹുമാനത്തോടെയാണ് കാണുന്നതെന്നും ബിജെപി വക്താവ് ജി മധുസുദന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News