കൂടത്തായി: മാത്യുവിനെ കൊലപ്പെടുത്തിയത് മദ്യത്തിലും വെള്ളത്തിലും സയനൈഡ് കലര്‍ത്തി; നാലാമത്തെ കുറ്റപത്രവും സമര്‍പ്പിച്ചു

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ നാലാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു. മാത്യു മഞ്ചാടിയില്‍ കൊലപാതക കേസിലെ കുറ്റപത്രമാണ് താമരശ്ശേരി കോടതിയില്‍ സമര്‍പ്പിച്ചത്. മദ്യത്തിലും പിന്നീട് വെള്ളത്തിലും സയനൈഡ് കലര്‍ത്തി ജോളി മാത്യുവിനെ കൊലപ്പെടുത്തിയെന്ന് കുറ്റപത്രം.

178 സാക്ഷികളും 146 രേഖകളും അടക്കം 2016 പേജുള്ള കുറ്റപത്രമാണ് മാത്യു മഞ്ചാടിയില്‍ വധക്കേസില്‍ അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചത്. 10 ഡോക്ടര്‍മാര്‍, 24 പോലീസുകാര്‍ എന്നിവര്‍ കേസില്‍ സാക്ഷികളാണ്.

മാത്യു മഞ്ചാടിയിലിനെ വകവരുത്താനായി ജോളി രണ്ട് പ്രാവശ്യം സയനൈഡ് നല്‍കിയെന്ന് കുറ്റപത്രം പറയുന്നു. ആദ്യം മദ്യത്തിലും പിന്നീട് അവശനായ ഘട്ടത്തില്‍ വെള്ളം ചോദിച്ചപ്പോള്‍ നല്‍കിയ വെള്ളത്തിലും സയനൈഡ് കലര്‍ത്തിയെന്ന് റൂറല്‍ എസ് പി, കെ ജി സൈമണ്‍ പറഞ്ഞു.

റോയ് തോമസിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതും ജോളിയുടെ വഴിവിട്ട ബന്ധങ്ങളെക്കുറിച്ച് വീട്ടുകാരെ അറിയിച്ചതുമാണ് കൊലയ്ക്ക് കാരണം. ജോളിക്കൊപ്പം മാത്യുവിന്റെ വീട്ടിലെത്തിയ ഇളയ മകന്‍ കേസിലെ പ്രധാന സാക്ഷിയാണ്.

ജോളി ഒന്നാം പ്രതിയായ കേസില്‍ ജോളിയുടെ സുഹൃത്ത് എം.എസ് മാത്യു രണ്ടും സ്വര്‍ണ്ണപ്പണിക്കാരന്‍ പ്രജികുമാര്‍ മൂന്നാം പ്രതിയുമാണ്. മറ്റ് രണ്ട് കേസുകളിലെ കുറ്റപത്രം സമയബന്ധിതമായി കോടതിയില്‍ സമര്‍പ്പിക്കുമെന്നും റൂറല്‍ എസ് പി, കെ ജി സൈമണ്‍ അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here