കാട്ടാക്കട കൊലപാതകം; പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി

കാട്ടാക്കടയിൽ മണൽ മാഫിയാ സംഘം സംഗീതിനെ കൊലപ്പെടുത്തിയതിൽ പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു തരത്തിലെ വിട്ടുവീഴ്ചയും ഉണ്ടാകിലെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. അതെ സമയം കൊലപാതകത്തിന് പൊലീസ് ഒത്താശ ചെയ്തു കൊടുത്തതായി പ്രതിപക്ഷം ആരോപിച്ചു.

കാട്ടാക്കടയിൽ യുവാവിനെ ജെ സി ബി യും ടിപ്പറും ഇടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്നാരോപിച്ചുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

സംഭവത്തിൽ പൊലീസ് യഥാസമയം ഇടപെട്ടില്ല എന്ന പരാതി നെടുമങ്ങാട് DySP അന്വേഷിച്ച് വരുന്നു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മറുപടി നൽകി.

വീഴ്ച പറ്റിയവർക്കെതിരെ കർശന നടപടി തന്നെ ഉണ്ടാകും.അതിൽ ഒരു വിട്ടുവീഴ്ചയുമില്ല. സർക്കാരിന് വഴിതെറ്റിയിട്ടില്ല. എന്നാൽ കൊലപാതകത്തിന് എല്ലാ ഉത്താശകളും ചെയ്ത് കൊടുത്തത് പൊലീസാണെന്ന് പ്രതിപക്ഷം ആരോപിച്ചു

പൊലീസുകാരെ നിയമിക്കുന്നത് ഏതെങ്കിലും പാർട്ടിയുടെ നിർദേശ പ്രകാരമല്ലെന്ന് പ്രതിപക്ഷത്തിനോട് മുഖ്യമന്ത്രി പറഞ്ഞു.

കേസന്വേഷണം കൃത്യമായ രീതിയിൽ നടക്കുകയാണെന്ന മുഖ്യമന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തിൽ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു.
ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here