കേന്ദ്രബജറ്റിനെതിരെ ഫെബ്രുവരി 6 പ്രതിഷേധദിനമായി ആചരിക്കും: സിപിഐഎം

കേന്ദ്രബജറ്റിനെതിരെ ഫെബ്രുവരി 6ന് പ്രതിഷേധദിനമായി ആചരിക്കാന്‍ സി പി ഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി ജില്ലാ കേന്ദ്രങ്ങളിൽ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലെക്ക് പ്രതിഷേധ മാര്‍ച്ച്‌ നടത്തും.

കേന്ദ്രബജറ്റ്‌ പൂര്‍ണ്ണമായും കോര്‍പ്പറേറ്റ്‌ അനുകൂലവും, സാധാരണ ജനങ്ങള്‍ക്ക്‌ എതിരുമാണ്‌. കോര്‍പ്പറേറ്റുകള്‍ക്ക്‌ നല്‍കിയ വന്‍നികുതി ഇളവ്‌ കാരണം വരവ്‌ കുറഞ്ഞത്‌ നികത്താന്‍ റിസര്‍വ്‌ ബാങ്കിന്‍റെ കരുതല്‍ ധനം ഏതാണ്ട്‌ പൂര്‍ണ്ണമായും കേന്ദ്രം കൈയ്യടക്കി.

സാധാരണക്കാരെ സഹായിക്കാനുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കെല്ലാം ഈ ബജറ്റില്‍ വിഹിതം വെട്ടിച്ചുരുക്കിയിരിക്കുകയാണെന്നും സിപിഐ (എം) പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

പ്രവാസികളുടെ വരുമാനത്തിന്‌ ആദായ നികുതി ചുമത്താനുള്ള നീക്കവും കേരളത്തെ പ്രതികൂലമായി ബാധിക്കും. കേരളത്തിനുള്ള കേന്ദ്രവിഹിതം കുറച്ചു. സംസ്ഥാനത്തിന്റെ വികസനാവശ്യങ്ങളില്‍ പ്രധാനപ്പെട്ടതായ എയിംസ്‌ ഇത്തവണയും അനുവദിച്ചില്ല.

സംസ്ഥാനത്തിന്റെ റെയില്‍വേ വികസനത്തിനും ആവശ്യമായ ധന നിക്ഷേപമില്ല. ദേശീയപാതയുടെ കാര്യത്തിലും കേന്ദ്ര അവഗണന തുടരുകയാണ്‌. എല്ലാ വിഭാഗം ജനങ്ങളുടേയും ജീവിതത്തില്‍ വിപരീത പ്രതിഫലനമുണ്ടാക്കിയ പശ്ചാത്തലത്തിലാണ് കേന്ദ്രബജറ്റിനെതിരെ ശക്തമായ പ്രതിഷേധിക്കാൻ സിപിഐ(എം) തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here