എസ്‌ഡിപിഐയെ പറയുമ്പോൾ പ്രതിപക്ഷത്തിന്‌ എന്തിനാണ്‌ പൊള്ളുന്നത്? ഉത്തരംമുട്ടിച്ച് മുഖ്യമന്ത്രി

എസ്‌ഡിപിഐയെയും അവർ നടത്തിയ അക്രമത്തെയും പറയുമ്പോൾ പ്രതിപക്ഷത്തിന്‌ എന്തിനാണ്‌ പൊള്ളുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ.

നിയമസഭയിൽ പൗരത്വ പ്രതിഷേധങ്ങൾക്കിടെയുണ്ടായ അക്രമങ്ങളിൽ കേസ്‌ എടുത്തവരെപ്പറ്റി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒട്ടുമിക്ക സംഘടനകളും സമാധാനപരമായാണ്‌ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചത്‌. അതിൽ കയറിയാണ്‌ ചിലർ ബോധപൂർവ്വം പ്രശ്‌നങ്ങൾ സൃഷ്‌ടിച്ചിട്ടുള്ളത്‌ ‐ മുഖ്യമന്ത്രി പറഞ്ഞു.

മഹല്ല്‌ കമ്മിറ്റികൾ ധാരാളം പ്രക്ഷോഭങ്ങൾ നടത്തിയിട്ടുണ്ട്‌. അതെല്ലാം സമാധാനപരമായി നടത്താൻ അവർ ശ്രദ്ധിച്ചിട്ടുമുണ്ട്‌. നാട്ടിൽ എസ്‌ഡിപിഐ എന്ന്‌ പറയുന്നൊരു വിഭാഗമുണ്ട്‌. തീവ്രവാദപരമായി ചിന്തിക്കുന്ന വിഭാഗം.

അതിൽപ്പെട്ടവർ ചിലയിടത്ത്‌ നുഴഞ്ഞുകയറി പ്രശ്‌നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്‌. അതിന്‌ ചില നടപടികൾ സ്വീകരിച്ചിട്ടുണ്ട്‌. അത്തരം കാര്യങ്ങൾക്കെതിരെ പൊലീസിന്റെ ഭാഗത്തുനിന്ന്‌ നടപടിയും ഉണ്ടായിട്ടുണ്ടാകാം.

കാരണം അവർ അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ, നിയമവിരുദ്ധമായ കാര്യങ്ങളിൽ ഏർപ്പെട്ടാൽ നടപടി ഉണ്ടാകുന്നത്‌ സ്വാഭാവികമാണ്‌. എസ്‌ഡിപിഐയെ പറയുമ്പോൾ പ്രതിപക്ഷത്തിന്‌ പൊള്ളേണ്ട കാര്യമെന്താണ്‌?.

പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിന്‍റെ പേരിൽ മതസ്പര്‍ധ വളര്‍ത്താനാണ് നീക്കം നടക്കുന്നത്. അക്രമങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ല. നിയമാനുസരണം പ്രതിഷേധിച്ച ആര്‍ക്കെതിരെയും കേസ് എടുത്തിട്ടില്ലെന്ന് പിണറായി വിജയൻ പറഞ്ഞു.

എന്നാൽ പൗരത്വ നിയമത്തിനെതരായ പ്രക്ഷോഭത്തിന്‍റെ പേരിൽ പോസ്റ്റ്ഓഫീസ് തല്ലിപ്പൊളിക്കുന്നത് പോലുള്ള പ്രവര്‍ത്തനങ്ങൾ ഉണ്ടായാൽ കേസെടുക്കുക തന്നെ ചെയ്യുമെന്നും പിണറായി വിജയൻ പറഞ്ഞു.

മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭങ്ങളിൽ എസ്‍ഡിപിഐ നുഴഞ്ഞ് കയറുന്നത് ശ്രദ്ധിക്കണം. പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിന്‍റെ പേരിൽ തീവ്രവാദ സംഘങ്ങൾ കാര്യങ്ങൾ വഴിതിരിച്ച് വിടാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel