രാജ്യത്തിന് മാതൃകയായി കേരള ആന്‍റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് ആക്ഷന്‍ പ്ലാന്‍

തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം കുറച്ച് കൊണ്ടു വരുന്നതിനായി കേരളം ആവിഷ്‌ക്കരിച്ച കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍ (Kerala Antimicrobial Resistance Strategic Action Plan – KARSAP) വിജയകരമായതിനെ തുടര്‍ന്ന് മറ്റ് സംസ്ഥാനങ്ങളും ഏറ്റെടുക്കുന്നു.

ആന്ധ്രാപ്രദേശ്, കര്‍ണാടക, തെലുങ്കാന, മഹാരാഷ്ട്ര, തമിഴ്‌നാട്, ഗോവ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് കേരള മാതൃക നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്.

ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ ആരോഗ്യം, മൃഗസംരക്ഷണം, ഫിഷറീസ്, കൃഷി, പരിസ്ഥിതി എന്നീ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള കര്‍മ്മ പദ്ധതിയാണ് കേരളം ഒരുക്കിയത്. ഈ സംസ്ഥാനങ്ങളില്‍ ആക്ഷന്‍ പ്ലാന്‍ നടപ്പിലാക്കുന്നതിന് വിദഗ്ധ പരിശീലനം നല്‍കുന്നതിനായി എറണാകുളത്ത് ദ്വിദിന റീജിയണല്‍ ശില്‍പശാല സംഘടിപ്പിച്ചു.

2021-ഓടെ കേരളത്തെ ആന്റിബയോട്ടിക് സാക്ഷരതയുള്ള സംസ്ഥാനമാക്കി മാറ്റുമെന്ന് ശില്‍പശാല ഉദ്ഘാടനം ചെയ്ത ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി വിപുലമായ കാമ്പയിന്‍ സംഘടിപ്പിക്കുന്നതാണ്.

ആന്റി ബയോട്ടിക്ക് പ്രതിരോധത്തിനുള്ള ആക്ഷന്‍ പ്ലാനുള്ള ആദ്യ സംസ്ഥാനമാണ് കേരളം. ആപ്പ് അധിഷ്ഠിത ആന്റിബയോട്ടിക് സ്റ്റീവര്‍ഷിപ്പ് മൊഡ്യൂളുകള്‍ സ്ഥാപിച്ചു. കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സര്‍വയലന്‍സ് നെറ്റ് വര്‍ക്കിന്റെ ഭാഗമായി ഓട്ടോമേറ്റഡ് റാപ്പിഡ് ഡയഗ്‌നോസ്റ്റിക് കിറ്റുകള്‍ മുഖേന ആന്റി ബയോട്ടിക്കുകളുടെ ദുരുപയോഗം കുറയ്ക്കാന്‍ സാധിച്ചു.

ഈ കര്‍മ്മ പദ്ധതിയിലൂടെ മൃഗസംരക്ഷണം, അക്വാകള്‍ച്ചര്‍, ഭക്ഷണം, പരിസ്ഥിതി എന്നിവയ്ക്ക് തുല്യ പ്രാധാന്യമുള്ള ആരോഗ്യ സമീപനം നടത്താനായി. ഉപയോഗിക്കാത്ത മരുന്നുകള്‍ നീക്കം ചെയ്യുന്നതിന് പ്രൗഡ് എന്ന പദ്ധതി ആവിഷ്‌ക്കരിച്ചു.

തിരുവന്തപുരം ജില്ലയില്‍ തുടങ്ങിയ ഈ പദ്ധതി മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതാണ്. മറ്റ് സംസ്ഥാനങ്ങളില്‍ ഈ ആക്ഷന്‍ നടപ്പാക്കുന്നതിനുള്ള എല്ലാ സഹായങ്ങളും നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

2018ല്‍ മുഖ്യമന്ത്രി ആക്ഷന്‍ പ്ലാന്‍ പ്രകാശനം ചെയ്ത ശേഷം ആന്റിബയോട്ടിക് പ്രതിരോധത്തിനായി ചെയ്ത പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് (കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍ റിപ്പോര്‍ട്ട് 2019) മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രകാശനം ചെയതു.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ അജയ് കുമാര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംല ബീവി, അഡീഷണല്‍ ഡയറക്ടര്‍ ഡോ. ബിന്ദു മോഹന്‍, ഡ്രഗ്‌സ് കണ്‍ട്രോളര്‍ രവി എസ്. മേനോന്‍, എന്‍.സി.ഡി.സി. ജോ. ഡയറക്ടര്‍ ഡോ. ലത കപൂര്‍, ലോകാരോഗ്യ സംഘടന പ്രതിനിധി ഡോ. അനൂജ് ശര്‍മ്മ, ഡോ. സാന്‍ഡ്രേ വൊക്കാട്ടി, സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. കെ.എല്‍. ശാരദദേവി, വിവിധ സംസ്ഥാനങ്ങലിലെ ആരോഗ്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News