മരട്‌; മാനദണ്ഡം പാലിച്ചില്ല; ഫ്ലാറ്റ്‌ അവശിഷ്ടം നീക്കുന്നത്‌ തൃപ്‌തികരമല്ലെന്ന് ഹരിത ട്രിബ്യൂണൽ

ഫ്ലാറ്റുകളുടെ കോൺക്രീറ്റ്‌ അവശിഷ്ടങ്ങൾ നീക്കുന്ന ജോലി തൃപ്‌തികരമല്ലെന്നും മാനദണ്ഡങ്ങൾ പാലിക്കാൻ നഗരസഭയ്‌ക്ക്‌ കഴിഞ്ഞിട്ടില്ലെന്നും ദേശീയ ഹരിത ട്രിബ്യൂണൽ സംസ്ഥാന നിരീക്ഷകസമിതി ചെയർമാൻ ജസ്റ്റിസ് എ വി രാമകൃഷ്ണപിള്ള. അവശിഷ്ടനീക്കത്തിന്റെ പുരോഗതി നേരിട്ട് വിലയിരുത്താൻ ദേശീയ ഹരിത ട്രിബ്യൂണൽ നിർദേശപ്രകാരം രൂപീകരിച്ച സംയുക്ത കമ്മിറ്റിയുടെ ആദ്യ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

മാലിന്യനീക്കം നടക്കുന്ന നാല്‌ സ്ഥലങ്ങളും ചെയർമാൻ സന്ദർശിച്ചു. പൊടിശല്യം കുറച്ച്‌ കുറഞ്ഞതല്ലാതെ മറ്റ്‌ മാറ്റമൊന്നും വന്നിട്ടില്ല. മാനദണ്ഡങ്ങൾ പാലിക്കാൻ നഗരസഭയ്‌ക്ക്‌ കർശന നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ചെയർമാൻ മാധ്യമങ്ങളോട്‌ പറഞ്ഞു.

തിരുവനന്തപുരത്ത്‌ 24ന്‌ ചേർന്ന സംസ്ഥാന നിരീക്ഷകസമിതി യോഗത്തിൽ മരട്‌ നഗരസഭയ്‌ക്ക്‌ വ്യക്തമായ നിർദേശങ്ങൾ നൽകിയിരുന്നു. അതിൽ ഭൂരിഭാഗവും പാലിച്ചിട്ടില്ല. മാലിന്യം 45 ദിവസത്തിനകം നീക്കാനാണ്‌ സുപ്രീംകോടതി ഉത്തരവ്‌.

എത്ര ദിവസത്തിനകം നീക്കാമെന്ന്‌ കത്തുമൂലം കലക്ടറെയും സബ്‌ കലക്ടറെയും മരട്‌ നഗരസഭാ സെക്രട്ടറിയെയും അറിയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്‌. രാത്രി പല ലോഡുകളും കൃത്യമായി മൂടാതെയാണ്‌ കൊണ്ടുപോകുന്നത്‌. ഇത്‌ കണ്ടെത്താൻ പൊലീസിനെ ചുമതലപ്പെടുത്തണമെന്ന്‌ ജില്ലാ അധികൃതരെ അറിയിച്ചു.

കോൺക്രീറ്റ്‌ മാലിന്യം അനധികൃത ഭൂമി നികത്തലിന്‌ ഉപയോഗിക്കുന്നില്ലെന്ന്‌ ഉറപ്പുവരുത്തണം.
സബ്‌ കലക്ടർ സ്‌നേഹിൽ കുമാർ സിങ്, മലിനീകരണ നിയന്ത്രണ ബോർഡ്‌ ചീഫ്‌ എൻവയോൺമെന്റൽ എൻജിനിയർ എം എ ബൈജു, നഗരസഭാ സെക്രട്ടറി മുഹമ്മദ്‌ ആരിഫ്‌ ഖാൻ, മാലിന്യം നീക്കാൻ കരാറെടുത്ത പ്രോംപ്റ്റ്‌ എന്റർപ്രൈസസ്‌ പാർട്‌ണർമാരിലൊരാളായ അച്യുത്‌ ജോസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News