വരുമാന നികുതിയില്ലാത്ത രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാരെല്ലാം ഇന്ത്യയില്‍ കഴിയുന്നവരായി പരിഗണിക്കാനുള്ള കേന്ദ്രബജറ്റ് തീരുമാനത്തോടെ ഗള്‍ഫ് പ്രവാസികള്‍ക്കെല്ലാം എന്‍ആര്‍ഐ പദവി നഷ്ടമാകും. ഇന്ത്യയില്‍ എത്രദിവസം കഴിയുന്നുവെന്ന വ്യവസ്ഥ വരുമാന നികുതിയില്ലാത്ത രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ബാധകമല്ലെന്ന് ബജറ്റില്‍ പറയുന്നു.
യുഎഇ, ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിലവില്‍ വരുമാന നികുതിയില്ല. സൗദിയാകട്ടെ വിദേശികളില്‍നിന്ന് നികുതി ഈടാക്കാറില്ല. ബജറ്റിനൊപ്പം പാര്‍ലമെന്റില്‍ വച്ചിട്ടുള്ള ധനബില്ലിലാണ് പുതിയ ഭേദഗതി. ഇത് ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തിലാകും. ഇതോടെ ഇന്ത്യന്‍ ബാങ്കുകളിലെ എന്‍ആര്‍ഐ അക്കൗണ്ടുകളുടെ ആനുകൂല്യങ്ങള്‍ ഗള്‍ഫ് പ്രവാസികള്‍ക്ക് നഷ്ടമാകും.
നിലവില്‍ത്തന്നെ എന്‍ആര്‍ഐ പദവിയുള്ളവര്‍ക്ക് ഇന്ത്യയിലെ വരുമാനത്തിന് നികുതി അടയ്ക്കേണ്ടതുണ്ട്. എന്നാല്‍, എന്‍ആര്‍ഐ അക്കൗണ്ടുകളിലെ നിക്ഷേപ വരുമാനത്തിന് നികുതിയില്ല.പ്രവാസികളുടെ വിദേശത്തെ വരുമാനത്തിന് നികുതി ഈടാക്കില്ലെന്നും ഇന്ത്യയിലെ വരുമാനത്തിനാകും നികുതിയെന്നുമുള്ള സര്‍ക്കാര്‍ വിശദീകരണത്തില്‍ പുതുമയില്ല. ബജറ്റ് നിര്‍ദേശം വിവാദമായതോടെയാണ് ധനമന്ത്രിയും മന്ത്രാലയവും വിശദീകരണവുമായി രംഗത്തുവന്നത്.അതേസമയം ബജറ്റിലൂടെ കേന്ദ്ര സര്‍ക്കാര്‍ പ്രവാസികളെ പ്രഹരിച്ചിരിക്കുകയാണെന്ന് കേരള പ്രവാസി സംഘം പ്രതികരിച്ചു.

Get real time update about this post categories directly on your device, subscribe now.