നേട്ടങ്ങള്‍ ഒരുക്കി പ്രവാസി ചിട്ടി മുംബൈയിലും തുടക്കമായി

പ്രവാസികള്‍ക്ക് നേട്ടങ്ങള്‍ ഒരുക്കിയും ജന്മനാട്ടില്‍ നിക്ഷേപത്തിനുള്ള അവസരം ഒരുക്കുന്നതിന്റെ ഭാഗമായും തുടങ്ങിയ കെഎസ്എഫ്ഇയുടെ പ്രവാസി ചിട്ടിക്ക് മുംബൈയിലും തുടക്കം കുറിച്ചു . ഇതോടനുബന്ധിച്ചു മുംബൈ മലയാളികള്‍ക്ക് ചിട്ടിയില്‍ ചേരുന്നതിനുള്ള വിശദീകരണ യോഗങ്ങള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്നു. കെ .എസ് .എഫ്.ഇ സംഘടിപ്പിച്ച യോഗത്തില്‍ വിവിധ സംഘടനാ പ്രതിനിധികളടക്കമുള്ളവര്‍ പങ്കെടുത്തു.

മലയാളിക്കു ലോകത്തെവിടെയിരുന്നും സ്വന്തം പേരില്‍ ചിട്ടിയില്‍ ചേരാനും ഓണ്‍ലൈന്‍ സംവിധാനങ്ങളെ പ്രയോജനപ്പെടുത്തി സുതാര്യമായ ഇടപാടുകള്‍ നടത്താനുമുള്ള സംരഭത്തിനാണ് മുംബൈയിലും തുടക്കമിടുന്നത്. കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ഭാഗമാവാന്‍ മറുനാടന്‍ മലയാളികള്‍ക്കും അവസരമൊരുക്കുക എന്നതാണ് കെ എസ് എഫ് ഇ ലക്ഷ്യമിടുന്നതെന്ന് മാനേജിങ് ഡയറക്ടര്‍ എ. പുരുഷോത്തമന്‍ പറഞ്ഞു . സ്വകാര്യ ചിട്ടി കമ്പനികളില്‍ പൈസ നിക്ഷേപിച്ചാലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ സംരംഭമായ ഈ ചിട്ടിയിലൂടെ കഴിയുമെന്നും പുരുഷോത്തമന്‍ അഭിപ്രായപ്പെട്ടു.

1969 ല്‍ സ്ഥാപിതമായ കെ.എസ്.എഫ്.ഇ ഇതുവരെ തുടര്‍ച്ചയായി ലാഭത്തിലാണ് പ്രവര്‍ത്തിച്ചു വരുന്നതെന്ന് ഡോംബിവിലിയില്‍ നടന്ന വിശദീകരണ യോഗത്തില്‍ പങ്കെടുത്തു സംസാരിച്ചു കൊണ്ട് എം ഡി പുരുഷോത്തമന്‍ വ്യക്തമാക്കി. മറുനാട്ടിലെ മലയാളികള്‍ക്ക് സ്വന്തം നാട്ടില്‍ ഇന്‍വെസ്റ്റ്‌മെന്റ് ചെയ്യാന്‍ താല്പര്യമുണ്ട് . എന്നാല്‍ ഇതുവരെ ഇത്തരമൊരു സംരംഭം ഉണ്ടായിരുന്നില്ല . അതിനൊരു മാറ്റം വേണമെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രത്യേക താല്‍പര്യ പ്രകാരമാണ് പ്രവാസി ചിട്ടിക്ക് തുടക്കമിടാന്‍ പ്രേരിപ്പിച്ച ഘടകമെന്നും പുരുഷോത്തമന്‍ അഭിപ്രായപ്പെട്ടു.

ഈ ചിട്ടിയുടെ ഉദ്ദേശ്യം തന്നെ മറുനാടന്‍ മലയാളികളെ സഹായിക്കുകയെന്ന ലക്ഷ്യമാണെന്നും പുരുഷോത്തമന്‍ വ്യക്തമാക്കി.സൗജന്യ പെന്‍ഷന്‍ പ്രീമിയം , മേല്‍ ബാധ്യതയില്‍ ഇളവ് തുടങ്ങിയ ഒട്ടേറെ ആനുകൂല്യങ്ങളോടെ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ സംവിധാനമാണ് കെ എസ് എഫ് ഇ പ്രവാസി ചിട്ടിയുടെ പ്രവര്‍ത്തനമെന്നും , ഇതു കേരള സര്‍ക്കാര്‍ നടത്തുന്ന സ്ഥാപനമായതിനാല്‍ സുതാര്യത ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെഎസ്എഫ്ഇ ചെട്ടിയെ പ്രതിനിധീകരിച്ചു മാനേജിങ് ഡയറക്ടര്‍ എ പുരുഷോത്തമനെ കൂടാതെ ബോര്‍ഡ് ഡയറക്ടര്‍മാരായ അഡ്വ റെജി സക്കറിയ, അഡ്വ വി കെ പ്രസാദ്, അഏങ സുജാത എം ടി, കൂടാതെ മാര്‍ക്കറ്റിംഗ് ടീമില്‍ നിന്നും ദിനേശ്കുമാര്‍ കെ പി, ഷിബു ആര്‍, ചഞക ബിസിനസ് സെന്ററില്‍ നിന്നും വിനു എസ് തുടങ്ങിയവരാണ് മുംബൈയിലെ വിവിധ ഭാഗങ്ങളായി നടന്ന വിശദീകരണ യോഗത്തില്‍ പങ്കെടുക്കാനെത്തിയിരുന്നത്. കേരളത്തിന് പുറത്ത് ഏറ്റവും കൂടുതല്‍ മലയാളികള്‍ വസിക്കുന്ന മുംബൈയില്‍ പ്രവാസി ചിട്ടിക്ക് കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കുവാന്‍ കഴിയുമെന്ന പ്രത്യാശയിലാണ് കേരളത്തില്‍ നിന്നെത്തിയ സംഘം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News