
അണ്ടര്‍ 19 ലോകകപ്പ് സെമി ഫൈനലില്‍ പാകിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. യഷസ്വി ജെയ്‌സ്വാളിന്റെ (113 പന്തില്‍ 105) സെഞ്ചുറി കരുത്തില്‍ 10 വിക്കറ്റിന്റെ ആധികാരിക ജയത്തോടെയാണ് ഇന്ത്യന്‍ യുവനിരയുടെ ഫൈനല്‍ പ്രവേശനം.
ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്‍ 43.1 ഓവറിൽ 172ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 35.2 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യം മറികടന്നു.
ദിവ്യാന്‍ഷ് സക്‌സേന (99 പന്തില്‍ പുറത്താവാതെ 59) ജെയ്‌സ്വാളിനൊപ്പം പുറത്താവാതെ നിന്നു. 35-ാം ഓവറിലെ രണ്ടാം പന്ത് അതിര്‍ത്തി കടത്തി ജെയ്‌സ്വാള്‍ തന്റെ സെഞ്ചുറിയും ഇന്ത്യയുടെ വിജയവും സ്വന്തമാക്കി.
എട്ട് ഫോറും നാല് സിക്‌സും അടങ്ങുന്നതായിരുന്നു ജെയ്‌സ്വാളിന്റെ ഇന്നിങ്‌സ്. ടൂര്‍ണമെന്റില്‍ താരത്തിന്റെ ആദ്യ സെഞ്ചുറിയാണിത്. നേരത്തെ മൂന്ന് അര്‍ധ സെഞ്ചുറിയും ജെയ്‌സ്വാള്‍ നേടിയിരുന്നു.
ഇതോടെ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തി ജെയ്‌സ്വാൾ. അഞ്ച് ഇന്നിങ്‌സുകളില്‍ നിന്ന് 312 റണ്‍സാണ് താരത്തിനുള്ളത്. മികച്ച പിന്തുണ നല്‍കിയ സക്‌സേന ആറ് ബൗണ്ടറികള്‍ നേടി.
നേരത്തെ, ക്യാപ്റ്റന്‍ റൊഹൈല്‍ നാസിര്‍ (62), ഓപ്പണര്‍ ഹൈദര്‍ അലി (56) എന്നിവര്‍ക്ക് മാത്രമാണ് പാക് നിരയില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചത്. തകര്‍ച്ചയോടെയായിരുന്നു പാക് യുവനിരയുടെ തുടക്കം.
സ്‌കോര്‍ബോര്‍ഡില്‍ 34 റണ്‍സ് ആയിരിക്കെ അവര്‍ക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. പിന്നീട് ഹൈദര്‍- റൊഹൈല്‍ സഖ്യം കൂട്ടിച്ചേര്‍ത്ത 62 റണ്‍സാണ് പാകിസ്ഥാന് തുണയായത്. മുഹമ്മദ് ഹാരിസ് (21) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മറ്റാര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചില്ല.
മിശ്ര 8.1 ഓവറില്‍ 28 റണ്‍സ് മാത്രം വഴങ്ങിയാണ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. മിശ്രയ്ക്ക് പുറമെ കാര്‍ത്തിക് ത്യാഗി, രവി ബിഷ്‌ണോയ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അഥര്‍വ അങ്കോള്‍ക്കര്‍, യഷസ്വി ജയ്‌സ്‌വാള്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here