കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നഷ്ടത്തിലായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് വളർച്ചയുടെ പാതയിൽ

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നഷ്ടത്തിലായിരുന്ന പൊതു മേഖലാ സ്ഥാപനങ്ങൾ ഇടതുപക്ഷ സർക്കാരിൻ്റെ കാലത്ത് വളർച്ചയുടെ പാതയിലാണ്. നയ പ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്രം സ്വകാര്യവത്ക്കരിക്കുന്ന സ്ഥാപനങ്ങൾ ഏറ്റെടുക്കാൻ ശ്രമിക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരുന്നു.

കേന്ദ്ര സർക്കാർ അടച്ചു പൂട്ടാൻ തീരുമാനിച്ചപ്പോൾ സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ ധാരണയായ പാലക്കാട് ഇൻസ്ട്രുമെൻ്റേഷൻ ലിമിറ്റഡിലെ ജീവനക്കാർ ഇതോടെ വലിയ പ്രതീക്ഷയിലാണ്.

പൊതുമേഖലയോട് കേന്ദ്രത്തിലെ എൻ ഡി എ സര്‍ക്കാരിന്റെയും കേരളത്തിലെ LDF സര്‍ക്കാരിന്റെയും നിലപാടുകളിലെ വ്യത്യാസത്തിന് ഏറ്റവും മികച്ച ഉദാഹരണമാണ് പാലക്കാട്ടെ ഇൻസ്ട്രുമെൻ്റേഷൻ ലിമിറ്റഡ്.

2016 ജൂൺ 30 ന് രാജസ്ഥാനിനെ കോട്ടയിലെ മാതൃസ്ഥാപനത്തിനൊപ്പം ലാഭത്തിൽ പ്രവർത്തിക്കുന്ന പാലക്കാട് ഇൻസ്ട്രുമെൻ്റേഷൻ അടച്ചു പൂട്ടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഈ സമയത്ത് പാലക്കാട്ടെ ഇൻസ്ട്രുമെൻ്റേഷൻ ഏറ്റെടുക്കാൻ താത്പര്യം പ്രകടിപ്പിച്ച് സംസ്ഥാന സർക്കാർ മുന്നോട്ടു വരികയായിരുന്നു.

2018 നവം. 16 ന് കേന്ദ്രവുമായി ധാരണയിൽ ഒപ്പിട്ടു. 64 കോടി രൂപ കേന്ദ്രത്തിന് നൽകി ഏറ്റെടുക്കാനായിരുന്നു ധാരണ. കോട്ടയിലെ യൂണിറ്റ് അടച്ചു പൂട്ടിയെങ്കിലും പാലക്കാട് ഇൻസ്ട്രുമെൻ്റേഷൻ ഇനിയും സംസ്ഥാന സർക്കാരിന് കൈമാറിയിട്ടില്ല.

ഇപ്പോൾ ഭൂമി വില കൂടി നൽകണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്ര സർക്കാർ. സ്ഥാപനം ആരംഭിക്കുമ്പോൾ സംസ്ഥാന സർക്കാർ സൗജന്യമായി എറ്റെടുത്ത് നൽകിയ ഭൂമിക്ക് പണം നൽകണമെന്നാവശ്യപ്പെട്ടാണ് കേന്ദ്ര സർക്കാർ സ്ഥാപനം ഏറ്റെടുക്കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നത്.

എറ്റെടുക്കൽ നടപടി പ്രതിസന്ധിയിലാണെങ്കിലും സംസ്ഥാന ബജറ്റിൽ ഇൻസ്ട്രുമെൻ്റേഷനനുകൂലമായ നിലപാടുകൾ ഉണ്ടാകുമെന്നാണ് ജീവനക്കാരുടെ പ്രതീക്ഷ.
കഴിഞ്ഞ സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ 40 പൊതുമേഖലാ സ്ഥാപനങ്ങളിൽ 17 എണ്ണം ലാഭത്തിലായിരുന്നു.

കഴിഞ്ഞ വർഷം മാത്രം 160 കോടി രൂപ പൊതു മേഖലാ സ്ഥാപനങ്ങൾ ലാഭമുണ്ടാക്കി. യു ഡി എഫ് സർക്കാർ അധികാരമൊഴിയുമ്പോൾ തകർന്നു കിടന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ട ക്കണക്ക് 131.63 കോടി രൂപയായിരുന്നു.

LDF സർക്കാർ അധികാരത്തിലെത്തിയ ആദ്യവർഷം നഷ്ടം 71 കോടി രൂപയിലേക്ക് കുറച്ചു കൊണ്ട് വന്നു. ഇവിടെ നിന്നിങ്ങോട്ട് കഴിഞ്ഞ സാമ്പത്തിക വർഷം വരെ 258. 29 കോടി രൂപ ലാഭമുണ്ടാക്കാൻ പൊതു മേഖലാ സ്ഥാപനങ്ങൾക്ക് കഴിഞ്ഞു.

കഴിഞ്ഞ ബജറ്റിൽ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് 30 കോടി രൂപ പ്രവർത്തന മൂലധനമായി അനുവദിച്ചിരുന്നു. നിശ്ചയദാർഢ്യത്തോടെയുള്ള സംസ്ഥാന സർക്കാരിൻ്റെ ഇടപെടലാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ക്രമാനുഗതമായ വളർച്ചയ്ക്ക് കാരണം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here