കൊറോണ: പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളത്തെ മാതൃകയാക്കണമെന്ന്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയം

തിരുവനന്തപുരം: കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനത്തിൽ കേരളത്തെ മാതൃകയാക്കാൻ മറ്റ്‌ സംസ്ഥാനങ്ങൾക്ക്‌ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം.

ചൈനയിൽ കൊറോണ റിപ്പോർട്ട്‌ ചെയ്‌ത നാൾമുതൽ കണ്ണുചിമ്മാതെ കേരളം നടത്തിയ ഇടപെടലുകളാണ്‌ കേന്ദ്രം മാതൃകയാക്കുന്നത്‌. കേരളത്തിലെ പ്രവർത്തനങ്ങളെ കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുധൻ അഭിനന്ദിച്ചു.

ചൊവ്വാഴ്‌ച സംസ്ഥാനത്ത്‌ വൈറസ്‌ ബാധ റിപ്പോർട്ട്‌ ചെയ്‌തിട്ടില്ലെന്ന്‌ മന്ത്രി കെ കെ ശൈലജ പറഞ്ഞു. വിവിധ ജില്ലകളിലായി 2421 പേർ നിരീക്ഷണത്തിലുണ്ട്‌.

2321 പേർ വീടുകളിലും 100 പേർ ആശുപത്രിയിലുമാണ്‌. 190 സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 118 എണ്ണം ആലപ്പുഴയിലാണ്‌ പരിശോധിച്ചത്‌.

വൈറസ്‌ ബാധ സ്ഥിരീകരിച്ച വിദ്യാർഥികളുമായി ബന്ധപ്പെട്ടവരുടെ ലിസ്റ്റ്‌ തയ്യാറാക്കി. തൃശൂർ–- 82, ആലപ്പുഴ–- 51, കാസർകോട്‌–- 29 പേരുടെ ലിസ്റ്റാണ്‌ തയ്യാറാക്കിയത്‌. ഇതിൽ നേരിട്ട്‌ ബന്ധമുള്ളവർ 87 പേരുണ്ട്‌.

മൂന്നുപേരുടെയും നില മെച്ചപ്പെട്ടു

കൊറോണ സ്ഥിരീകരിച്ച തൃശൂരിലെയും ആലപ്പുഴയിലെയും കാഞ്ഞങ്ങാട്ടെയും വിദ്യാർഥികളുടെ നില തൃപ്‌തികരമായി തുടരുന്നു. ജില്ലകളിൽ നിന്ന്‌ നിരീക്ഷണത്തിലുള്ളവരുടെ സാമ്പിൾ പരിശോധനയ്‌ക്ക്‌ അയക്കുന്നുണ്ട്‌.

കാസർകോട്‌ ജില്ലയിൽ രണ്ടുപേരെക്കൂടി ഐസൊലേഷൻ വാർഡിലേക്ക‌് മാറ്റി. ആലപ്പുഴയിൽ പുതിയ കേസുകൾ റിപ്പോർട്ട്‌ ചെയ്‌തിട്ടില്ല.

അതിനിടെ, വ്യാജ വാർത്ത പ്രചരിപ്പിച്ച ഒരാളെക്കൂടി ചൊവ്വാഴ്‌ച തൃശൂരിൽ പൊലീസ് അറസ്റ്റ് ചെയ്തു. മാള പുത്തൻചിറ കുറ്റിയിൽ വീട്ടിൽ മനോജ് (44) ആണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.

ചൈനയിൽ മരണം 427

കൊറോണ വൈറസ്‌ ബാധയിൽ ചൈനയിൽ മരണം 425 ആയി. ഹോങ്‌കോങ്ങിലും കെറോണ മരണം റിപ്പോർട്ട്‌ ചെയ്തു.

ഫിലിപ്പീൻസിലുംകഴിഞ്ഞദിവസം ഒരാൾ മരിച്ചു. ഇതോടെ ആകെ മരണം 427 ആയി. വുഹാൻ സ്വദേശിയായ മുപ്പത്തൊമ്പതുകാരനാണ്‌ ഹോങ്‌കോങ്ങിൽ മരിച്ചത്‌.

ചൈനയിൽ വൈറസ് ബാധിതരുടെ എണ്ണം 20,438 ആയി. അമേരിക്കയിലും സിംഗപ്പുരിലും മനുഷ്യരിൽനിന്ന്‌ മനുഷ്യരിലേക്കും വൈറസ്‌ പടർന്നതായി സ്ഥിരീകരിച്ചു. ബെൽജിയത്തിലും കൊറോണ സ്ഥിരീകരിച്ചതോടെ വൈറസ്‌ ബാധിത രാജ്യങ്ങളുടെ എണ്ണം 25 ആയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News