സംസ്ഥാന ബജറ്റ്‌ 7ന്‌: വരുമാനം പെൻഷൻ പദ്ധതിയുടെ പുനഃസംഘടന, ഉയർത്താൻ കർമ പദ്ധതി

സംസ്ഥാന ബജറ്റ്‌ ധനമന്ത്രി ടി എം തോമസ്‌ ഐസക് വെള്ളിയാഴ്‌ച നിയമസഭയിൽ അവതരിപ്പിക്കും. കേന്ദ്ര ധനവിഹിതവും സഹായവും കടമെടുപ്പ്‌ അവകാശവും കുറയുന്ന സാഹചര്യത്തിലാണ്‌ അടുത്ത വർഷത്തേക്കുള്ള സംസ്ഥാനത്തിന്റെ സാമ്പത്തിക രൂപരേഖ സഭയിൽ വയ്‌ക്കുക. രാവിലെ ഒമ്പതിന്‌ ബജറ്റ്‌ പ്രസംഗം ആരംഭിക്കും.

വരുമാനം ഉയർത്താനുള്ള കർമപദ്ധതി ബജറ്റിലുണ്ടാകും. മൂല്യവർധിത നികുതി അടക്കമുള്ള നികുതി കുടിശ്ശിക സമാഹരിക്കാൻ പുതിയ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിക്കും.

വാറ്റ്‌ കുടിശ്ശിക പിരിക്കുന്നത്‌ ജിഎസ്‌ടി നഷ്ടപരിഹാരത്തിൽ തട്ടിക്കിഴിക്കുന്ന കേന്ദ്ര നിലപാടുമൂലം നിർബന്ധിത കുടിശ്ശിക സമാഹരണ നടപടി സംസ്ഥാനം ഒഴിവാക്കിയിരുന്നു.

അടുത്തവർഷം ജിഎസ്‌ടി വരുമാനം നഷ്ടപരിഹാര പരിധിക്കുംമുകളിലേക്ക്‌ ഉയരാനുള്ള കർമപദ്ധതിയും ബജറ്റിന്റെ ഭാഗമാകും. ജിഎസ്‌ടി റിട്ടേൺ പരിശോധനയും നികുതി വെട്ടിപ്പ്‌ തടയലും ശക്തമാക്കാനുള്ള പരിപാടിയും അവതരിപ്പിക്കും.

സാമൂഹ്യ, ക്ഷേമ പെൻഷൻ ഗുണഭോക്താക്കളുടെ പട്ടികയിലെ ഇരട്ടിപ്പും അനധികൃത പെൻഷൻ വാങ്ങലും ഒഴിവാക്കിയ സ്ഥിതിക്ക്‌ പെൻഷൻ പദ്ധതിയുടെ പുനഃസംഘടനയും ബജറ്റിൽ പ്രതീക്ഷിക്കുന്നു. പഞ്ചായത്തി രാജിനും അധികാര വികേന്ദ്രീകരണത്തിനും 25 വർഷം തികയുന്നതിന്റെ ഊന്നലും ബജറ്റിൽ പ്രതീക്ഷിക്കാം.

നാലുവർഷത്തെ സർക്കാർ പ്രവർത്തനങ്ങൾ ബജറ്റ്‌ അവലോകനം ചെയ്യും. ഭൗതികനേട്ടങ്ങളുടെ താരതമ്യത്തിനുള്ള സാധ്യതയും ധനമന്ത്രി സൂചിപ്പിച്ചു. കിഫ്‌ബി പദ്ധതികളുടെ പൂർത്തീകരണ ലക്ഷ്യവും ബജറ്റിന്റെ ഭാഗമാകും.

ഈ സർക്കാരിന്റെ അഞ്ചാമത്തേതും തോമസ്‌ ഐസക്കിന്റെ 11–-ാ-മതും ബജറ്റാണ്‌ അവതരിപ്പിക്കുന്നത്‌. 2006–-11 കാലത്തെ എൽഡിഎഫ്‌ സർക്കാരിൽ ഐസക്‌ ആറ്‌ ബജറ്റ്‌ അവതരിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here