അയോധ്യയിലെ മുഴുവന്‍ ഭൂമിയും രാമക്ഷേത്രത്തിന്: ട്രസ്റ്റ് രൂപീകരിച്ചു;

ദില്ലി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ട്രസ്റ്റ് രൂപീകരിച്ചെന്ന് നരേന്ദ്ര മോദി.

രാമജന്‍മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് എന്ന പേരിലാണ് ട്രസ്റ്റ് രൂപീകരിച്ചത്. 67.7ഏക്കര്‍ ഭൂമി ക്ഷേത്ര നിര്‍മ്മാണത്തിന് ട്രസ്റ്റിന് കൈമാറി. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം ക്ഷേത്രം നിര്‍മ്മിക്കാന്‍ പദ്ധതി രൂപീകരിച്ചെന്ന് മോദി ലോക്സഭയെ അറിയിച്ചു.

എന്നാല്‍ സുന്നി വഖഫ് ബോര്‍ഡിനായി യുപി സര്‍ക്കാര്‍ അഞ്ച് ഏക്കര്‍ ഭൂമി കണ്ടെത്തിയത് എവിടെ എന്ന് വ്യക്തമാക്കാന്‍ മോദി തയ്യാറായില്ല.

അടിയന്തരമായി രാവിലെ കേന്ദ്രമന്ത്രിസഭാ യോഗം ചേര്‍ന്നാണ് ഈ തീരുമാനം എടുത്തത്. മസ്ജിദിന്റെ നിര്‍മ്മാണത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അഞ്ച് ഏക്കര്‍ ഭൂമി കണ്ടെത്തിയെന്നും മോദി ലോക്‌സഭയെ അറിയിച്ചു. എന്നാല്‍ ഇത് എവിടെയാണെന്ന് മോദി വ്യക്തമാക്കിയിട്ടില്ല. ബാബ്‌റി മസ്ജിദ് പൊളിച്ച 2.77 ഏക്കര്‍ ഭൂമിക്ക് പുറമേ, അതിന് ചുറ്റുമുള്ള 67 ഏക്കര്‍ ഭൂമി കൂടി സര്‍ക്കാര്‍ രാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര എന്ന ഈ ട്രസ്റ്റിന് പതിച്ച് നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്. എന്നാല്‍ ഈ ഭൂമിയുടെ ഒരു വശത്ത് പള്ളി പണിയാന്‍ അനുമതി നല്‍കണമെന്ന് ഏറെക്കാലമായി മുസ്ലിം സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നതാണ്. ഈ ഭൂമിയില്‍ ഇനി വേറെ നിര്‍മിതികളുണ്ടാകില്ലെന്നും പൂര്‍ണമായും രാമക്ഷേത്രത്തിനായി മാത്രം നല്‍കുമെന്നും മോദി പറഞ്ഞു. ട്രസ്റ്റില്‍ ആരൊക്കെയാകും അംഗങ്ങള്‍ എന്ന് മോദിയുടെ പ്രസ്താവനയിലില്ല.

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം മുമ്പാണ് ഇത്തരമൊരു പ്രഖ്യാപനം. തെരഞ്ഞെടുപ്പില്‍ പൂര്‍ണ പരിചയത്തിലേക്കു ബിജെപി പോകുന്നു എന്ന് ഉറപ്പായപ്പോള്‍ ആണ് പുതിയ നീക്കവുമായി മോദിഎത്തുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here