കേന്ദ്ര ഹര്‍ജി തള്ളി; നിര്‍ഭയക്കേസ് പ്രതികളുടെ വധശിക്ഷ വൈകും

നിര്‍ഭയക്കേസിലെ കുറ്റവാളികളുടെ വധശിക്ഷ വെവ്വേറെ നടപ്പാക്കാന്‍ ഉത്തരവിടണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി.

പ്രതികളുടെ വധശിക്ഷ വെവ്വേറെ നടത്താന്‍ സാധിക്കില്ല. പ്രതികള്‍ക്കു ശിക്ഷ ഒരുമിച്ചു നല്‍കണമെന്നും ഉത്തരവിട്ടു. നിയമ നടപടികള്‍ തീര്‍ക്കാന്‍ പ്രതികള്‍ക്ക് ഒരാഴ്ച സമയം അനുവദിച്ചു. ഒരാഴ്ചയ്ക്കു ശേഷം വധശിക്ഷയ്ക്കുള്ള നടപടികള്‍ ആരംഭിക്കുമെന്നും കോടതി വ്യക്തമാക്കി.

എല്ലാ പ്രതികള്‍ക്കുമുള്ള ശിക്ഷ ഒരുമിച്ച് നടപ്പിലാക്കിയാല്‍ മതിയെന്ന് കോടതി നിര്‍ദേശിച്ചു. ജയില്‍ ചട്ടം ചൂണ്ടിക്കാട്ടിയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഓരോ പ്രതികളുടെയും ശിക്ഷ വെവ്വേറെ നടപ്പിലാക്കണമെന്നായിരുന്നു കേന്ദ്രത്തിന്റെ ഹര്‍ജിയിലെ ആവശ്യം.

ഒരോരുത്തരായി പുന:പരിശോധാ ഹര്‍ജിയും ദയാഹര്‍ജിയും സമര്‍പ്പിക്കുന്നതിലൂടെ ശിക്ഷ നടപ്പാക്കുന്നത് ബോധപൂര്‍വ്വം നീട്ടാനുള്ള തന്ത്രമാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.

നിയമത്തിന്റെ സാങ്കേതികത്വം ഉപയോഗിച്ച് ശിക്ഷ നടപ്പാക്കുന്നത് നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ് പ്രതികള്‍ നടത്തുന്നതെന്നും അത് അനുവദിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും അടക്കം കേസിലെ പ്രതികള്‍ക്കുള്ള അവകാശങ്ങളെല്ലാം ഇനിയുള്ള ഏഴു ദിവസങ്ങള്‍ക്കുള്ളില്‍ വിനിയോഗിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഈ കാലയളവിന് ശേഷം വിചാരണ കോടതിക്ക് ഉചിതമായ നടപടികളുമായി മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി.

ഫെബ്രുവരി ഒന്നിനാണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ജനുവരി 31 ന് ഇനിയൊരു ഉത്തരവ് ഉണ്ടാകുംവരെ വധശിക്ഷ നടപ്പാക്കരുതെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. അക്ഷയ് കുമാര്‍, വിനയ് ശര്‍മ, പവന്‍ ഗുപ്ത, മുകേഷ് സിങ് എന്നിവരാണ് വധശിക്ഷ കാത്ത് തിഹാര്‍ ജയിലില്‍ കഴിയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News