എന്‍.ഐ.എ ഏറ്റെടുത്ത പന്തീരങ്കാവ് യു.എ.പി.എ കേസ് സംസ്ഥാനത്തിന് തിരികെ നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യമാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മുഖ്യമന്ത്രി കത്തയച്ചു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ യോജിച്ച സമരം വേണമെന്ന ലീഗിന്റെ നിലപാട് സ്വാഗതാർഹമെന്നും കോൺഗ്രസിനെയും അതെ പാതയിലെക്ക് എത്തിക്കാൻ പരിശ്രമിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തിയുള്ള മറുപടിയിലാണ് മുഖ്യമന്ത്രി യു.എ.പി.എ , പൗരത്വ നിയമ ഭേദഗതി എന്നി വിഷയങ്ങളിൽ നിലപാട് വിശദീകരിച്ചത്.
പന്തീരങ്കാവിൽ അലനും താഹക്കുമെതിരെ ചുമത്തിയ യു.എ.പി.എ കേസ് സംസ്ഥാന പൊലീസിന് തിരിച്ചുനൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തയച്ചെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. പ്രതിപക്ഷത്തിന്റെ ആവശ്യം കൂടി പരിഗണിച്ചാണ് സർക്കാരിന്റെ ഈ തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു
ഇന്നലെ പ്രതിപക്ഷം നിയമസഭയില്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.യു.എ.പിഎ ചുമത്തിയത് പുനഃപരിശോധനയ്ക്ക് മുമ്പ് തന്നെ കേസ് എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു.എന്‍.ഐ.എ നിയമത്തിന്റെ 7ബി വകുപ്പ് ഉപയോഗിച്ചാണ് കേസ് സംസ്ഥാന സർക്കാർ തിരികെ നൽകണമെന്ന് കാട്ടി കത്തയച്ചിരിക്കുന്നത്
പൗരത്വ നിയമ ഭേദഗതിക്കെതിരായി ഇനിയും ഒറ്റക്കെട്ടായ പ്രതിഷേധമുയരേണ്ടതിന്‍റെ ആവശ്യകതയും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രക്തസാക്ഷി മണ്ഡപത്തിലെ യോജിച്ച പ്രക്ഷോഭത്തിന് വലിയ ശ്രദ്ധ ലഭിച്ചു.
എന്നാൽ പ്രതിപക്ഷത്തെ ചില ചെറിയ മനസ്സുകൾ അതിൽ നിന്ന് പിന്നോട്ടു പോയി. ദില്ലിയിൽ പോയ ശേഷം യോജിച്ചുള്ള പ്രക്ഷോഭത്തെ തള്ളി പറയുന്ന പ്രതിപക്ഷ നേതാവിന്‍റെ നിലപാടിനെയും തീർത്തും വ്യത്യസ്ത നിലപാട് സ്വീകരിച്ച മുസ്ലീം ലീഗിനെയും മുഖ്യമന്ത്രി പരാമർശിച്ചു.
കക്ഷി രാഷ്ട്രീയത്തിന് അതീതമായ ഐക്യമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. യോജിച്ച സമരം വേണമെന്ന ലീഗിന്റെ നിലപാട് സ്വാഗതാർഹം. കോൺഗ്രസിനെയും അതെ പാതയിലെക്ക് എത്തിക്കാൻ ശ്രമിക്കണം ഞങ്ങൾ ഇത് ആവശ്യപ്പെട്ടുകൊണ്ടിരിക്കും.
മുഖ്യമന്ത്രിയുടെ മറുപടിക്ക് ശേഷം പ്രതിപക്ഷത്തിന്‍റെ ഭേദഗതി വോട്ടിനിട്ട് തള്ളി, ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തിയുള്ള പ്രമേയം നിയമസഭ പാസാക്കി.

Get real time update about this post categories directly on your device, subscribe now.