വിജയ് കസ്റ്റഡിയില്‍; അഞ്ചു മണിക്കൂറോളം നീണ്ട ചോദ്യംചെയ്യല്‍; ചെന്നൈയിലെ വീടുകളിലും റെയ്ഡ്; ബിജെപിയുടെ പകപോക്കലെന്ന് ആരോപണം; അര്‍ച്ചന കല്‍പ്പാത്തിയെയും ചോദ്യംചെയ്തു

ചെന്നൈ: തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയിനെ ആദായ നികുതിവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു.

വിജയിയുടെ ബിഗില്‍ സിനിമയുടെ നിര്‍മാതാക്കളായ എജിഎസ് ഗ്രൂപ്പിന്റെ ഓഫീസുകളില്‍ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് നടപടി. എജിഎസ് കമ്പനിയുടെ പണമിടപാടുമായി ബന്ധപ്പെട്ടാണ് താരത്തെ കസ്റ്റഡിയിലെടുത്തത്.

അഞ്ചു മണിക്കൂറോളം വിജയിനെ ചോദ്യം ചെയ്‌തെന്നാണ് ദേശീയമാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. വിജയിയുടെ സാലിഗ്രാമത്തിലും നീലാങ്കരയിലുമുള്ള വീടുകളിലും റെയ്ഡ് നടത്തി.

കടലൂര്‍ ജില്ലയിലെ നെയ്വേലി ലിഗ്‌നൈറ്റ് കോര്‍പ്പറേഷന്റെ സ്ഥലത്തെ മാസ്റ്റര്‍ സിനിമയുടെ ഷൂട്ടിംഗ് സെറ്റിലെത്തിയാണ് ഉദ്യോഗസ്ഥര്‍ വിജയിനെ നോട്ടീസ് നല്‍കി കസ്റ്റഡിയിലെടുത്തത്. വിജയ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ചെന്നൈയിലേക്ക് തിരിച്ചു.

എജിഎസ് ഗ്രൂപ്പിന്റെ ഓഫീസുകളില്‍ രാവിലെ മുതല്‍ പരിശോധന നടക്കുന്നുണ്ട്. ബിഗിലിന്റെ ക്രിയേറ്റിവ് പ്രൊഡ്യൂസറായ അര്‍ച്ചന കല്‍പ്പാത്തി അടക്കമുള്ളവരെയും ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു.

സിനിമാ നിര്‍മാണത്തിന് ഫണ്ട് നല്‍കുന്ന അന്‍പു ചെഴിയന്റെ മധുരയിലെ ഓഫീസിലും പരിശോധന നടന്നിരുന്നു.

അതേസമയം, താരത്തിനെതിരായ നടപടി ബിജെപിക്കെതിരെ നിലപാട് സ്വീകരിച്ചതിന്റെ പകപോക്കലാണെന്നാണ് ആരാധകരുടെ പ്രതികരണം.

മെര്‍സല്‍ എന്ന ചിത്രത്തിലൂടെ വിജയ്‌യുടെ കഥാപാത്രം നോട്ടുനിരോധനത്തെയും ഡിജിറ്റല്‍ ഇന്ത്യയേയും വിമര്‍ശിച്ചിരുന്നു. ഇതോടെ വിജയ്യെ നേരിട്ടത് കടുത്ത സംഘപരിവാര്‍ ആക്രമണമായിരുന്നു.

ഇതിനിടെ, പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് പ്രസ്താവനയിറക്കിയ നടന്‍ രജനീകാന്തിനെതിരെ ആദായനികുതി വകുപ്പ് മദ്രാസ് ഹൈക്കോടതിയില്‍ നല്‍കിയ ടാക്‌സ് അപ്പീല്‍ പിന്‍വലിച്ചിരുന്നു. മൂന്ന് കേസുകളാണ് പിന്‍വലിച്ചത്. തുടര്‍ച്ചയായി മോദി അനുകൂല പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പ്രത്യുപകാരമാണിതെന്നാണ് ആരോപണങ്ങള്‍. ഇതിനിടയിലാണ് വിജയ്‌ക്കെതിരായ ആദായനികുതി വകുപ്പിന്റെ നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News