അരവിന്ദ് കെജ്രിവാളിനെ ഭീകരവാദി എന്ന് വിളിച്ച് അധിക്ഷേപിച്ചതിന് ബിജെപി എംപി പര്‍വേശ് വര്‍മയ്ക്ക് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലക്ക്

ഡല്‍ഹി തെരഞ്ഞെടുപ്പില്‍ പ്രചരണം നടത്തുന്നതില്‍നിന്ന് ബിജെപി എംപി പര്‍വേശ് വര്‍മയെ വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കി.

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഭീകരവാദി എന്ന് വിളിച്ച് അധിക്ഷേപിച്ചതിനാണ് ഒരു ദിവസത്തെ വിലക്ക് പ്രഖ്യാപിച്ചത്. വിദ്വേഷ പ്രസംഗങ്ങളുടെ പേരില്‍ കഴിഞ്ഞ ആഴ്ച പ്രചരണത്തില്‍നിന്ന് 96 മണിക്കൂര്‍ പര്‍വേശിനെ വിലക്കിയിരുന്നു.

ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം മുഴക്കുന്നവരാണെന്നും അവരെ പിന്തുണയ്ക്കുന്ന കെജ്രിവാള്‍ ഭീകരവാദിയാണെന്നും പര്‍വേശ് അധിക്ഷേപിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീന്‍ബാഗില്‍ സമരം ചെയ്യുന്ന പ്രതിഷേധക്കാര്‍ വീടുകളില്‍ കടന്ന് മറ്റുള്ളവരുടെ സഹോദരിമാരെയും പെണ്‍മക്കളെയും ബലാത്സംഗം ചെയ്യുമെന്ന വിദ്വേഷ പ്രസംഗത്തിന്റെ പേരിലാണ് ആദ്യം വിലക്കിയത്.

തന്നെ വിലക്കാന്‍ ഡല്‍ഹിയിലെ ജനങ്ങള്‍ക്കുമാത്രമെ കഴിയൂ എന്ന് പര്‍വേശ് പറഞ്ഞു. തന്നെ വിലക്കിയ നടപടി ന്യായമുള്ളതാണോ എന്ന് വോട്ടെടുപ്പുദിനത്തില്‍ ജനം തീരുമാനിക്കുമെന്നും ഇയാള്‍ പറഞ്ഞു.

പ്രതിഷേധക്കാരെ വെടിവെച്ചുകൊല്ലണമെന്ന പ്രകോപനപരമായ പ്രസംഗത്തിന്റെ പേരില്‍ കേന്ദ്രധനസഹമന്ത്രി അനുരാഗ് താക്കൂറിനെ പ്രചരണത്തില്‍നിന്ന് 96 മണിക്കൂര്‍ വിലക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here