”അവര്‍ വേട്ടയാടല്‍ തുടങ്ങി… സി.ജോസഫ് വിജയ്ക്ക് ഐക്യദാര്‍ഢ്യം”

ചെന്നൈ: ബിജെപിയുടെ പ്രതികാരനടപടി നേരിടുന്ന നടന്‍ വിജയിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പിവി അന്‍വര്‍.

അന്‍വറിന്റെ വാക്കുകള്‍:

ചരിത്രത്തെ മാറ്റി മറിക്കും..എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തും..

നിലപാടുകള്‍ വിളിച്ച് പറഞ്ഞ നാള്‍ മുതല്‍ അവര്‍ വേട്ടയാടല്‍ തുടങ്ങി..

മെര്‍സ്സല്‍ എന്ന ചിത്രം ദ്രാവിഡമണ്ണില്‍ ബി.ജെ.പിയുടെ വളര്‍ച്ചയ്ക്ക് അത്രമാത്രം തടയിട്ടിട്ടുണ്ട് എന്ന് വ്യക്തം.. സി.ജോസഫ് വിജയ്ക്ക് ഐക്യധാര്‍ഢ്യം

അതേസമയം, വിജയിനെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. മാസ്റ്റര്‍ എന്ന പുതിയ സിനിമയുടെ കടലൂര്‍ ലൊക്കേഷനില്‍ നിന്ന് ചെന്നൈയിലെ വീട്ടിലെത്തിച്ച വിജയ്യെ രാവിലെ എട്ട് മണിയായപ്പോള്‍ ചോദ്യം ചെയ്യല്‍ 18 മണിക്കൂര്‍ പിന്നിട്ടു.

ബിഗില്‍ നിര്‍മ്മാതാക്കളുടെ ഓഫീസില്‍ നടന്ന ഇന്‍കം ടാക്സ് റെയ്ഡിന് തുടര്‍ച്ചയായാണ് വിജയ്യെ കസ്റ്റഡിയില്‍ എടുത്തത്. ബിഗില്‍ നിര്‍മ്മാതാക്കളായ എജിഎസ് എന്റര്‍ടെയിന്‍മെന്റില്‍ നിന്ന് വിജയ് രേഖകളില്ലാതെ കോടികള്‍ പണമായി കൈപ്പറ്റിയെന്നാണ് ആദായനികുതി വകുപ്പിന്റെ വിശദീകരണം.

വിജയ് നായകനായ മെര്‍സല്‍ എന്ന സിനിമയില്‍ ജിഎസ്ടിയെ വിമര്‍ശിക്കുന്ന രംഗമുണ്ടായിരുന്നു. തുടര്‍ന്ന് ബിജെപി ദേശീയ നേതാക്കള്‍ താരത്തിനെതിരെ പരസ്യവിമര്‍ശനവുമായി രംഗത്തുവന്നു. വിജയ്യെ ജോസഫ് വിജയ് എന്ന ഔദ്യോഗിക പേര് ഉപയോഗിച്ച് വര്‍ഗീയമായ ആക്രമിക്കുന്ന നിലയിലേക്കും ബിജെപി കടന്നിരുന്നു. നോട്ട് നിരോധനം, ജിഎസ്ടി എന്നീ വിഷയങ്ങളില്‍ വിജയ് സിനികളിലൂടെ നടത്തിയ വിമര്‍ശനം ബിജെപി ദേശീയ നേതൃത്വത്തെയും പ്രകോപിപ്പിച്ചിരുന്നു.

രണ്ടാഴ്ച മുമ്പ് തമിഴ് സൂപ്പര്‍താരം രജനികാന്തിനെതിരെയുള്ള രണ്ട് ആദായനികുതി കേസുകള്‍ അവസാനിപ്പിച്ചതും പിന്നാലെ അദ്ദേഹം പൗരത്വ നിയമത്തെ പരസ്യമായി പിന്തുണച്ച് രംഗത്ത് വന്നതും വിജയ്ക്ക് നേരെയുണ്ടായ നടപടിയുമായി ചേര്‍ത്ത് വായിക്കുന്നവരുമുണ്ട്. രജനികാന്ത് ബിജെപി നിലപാടിനെ പിന്തുണച്ചതിന് തൊട്ട് പിന്നാലെയാണ് വിജയ് ആദായനികുതി കേസില്‍ കസ്റ്റഡിയിലാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News