മഷ്‌റൂം ഗുളികയില്‍ സയനൈഡ് ചേര്‍ത്ത് ടോം തോമസിനെ കൊലപ്പെടുത്തി; കൂടത്തായി കേസില്‍ അഞ്ചാം കുറ്റപത്രം

കൂടത്തായി കൊലപാതക പരമ്പരയിലെ അഞ്ചാമത് കുറ്റപത്രം സമര്‍പ്പിച്ചു. ടോം തോമസ് വധക്കേസിലെ കുറ്റപത്രമാണ് താമരശ്ശേരി കോടതിയില്‍ സമര്‍പ്പിച്ചത്. മഷ്‌റൂം ഗുളികയില്‍ സയനൈഡ് ചേര്‍ത്ത് ടോം തോമസിനെ ജോളി കൊലപ്പെടുത്തി എന്ന് കുറ്റപത്രം.

175 സാക്ഷികള്‍, 173 രേഖകളും അടങ്ങുന്ന 1069 പേജുകളുള്ള കുറ്റപത്രമാണ് താമരശ്ശേരി കോടതിയില്‍ സമര്‍പ്പിച്ചത്. പോലീസുകാരടക്കം 76 ഉദ്യോഗസ്ഥര്‍ കേസില്‍ സാക്ഷികളാണ്. ജോളി, എം എസ് മാത്യു, പ്രജികുമാര്‍ എന്നിവരാണ് പ്രതികള്‍. കൂടത്തായി കേസില്‍ ഈ ആഴ്ച സമര്‍പ്പിക്കുന്ന രണ്ടാമത് കുറ്റപത്രമാണിത്.

കുറ്റ്യാടി സിഐ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പൊന്നാമറ്റം ടോം തോമസ് വധക്കേസ് അന്വേഷിച്ചത്. സ്വത്ത് തട്ടിയെടുക്കാനായാണ് ജോളി കൊല നടത്തിയതെന്ന് റൂറല്‍ എസ് പി, കെ ജി സൈമണ്‍ പറഞ്ഞു. സ്ഥിരമായി മഷ്‌റൂം ഗുളികകള്‍ കഴിക്കുന്ന ശീലമുണ്ടായിരുന്ന ടോം തോമസിന്, ഗുളികയില്‍ സയനൈഡ് ചേര്‍ത്താണ് കൊലപ്പെടുത്തിയത്.

ജോളി ഗര്‍ഭിണിയാണെന്ന് തെറ്റിധരിപ്പിച്ച് അമേരിക്കയിലേക്ക് പോകാനുളള ടോം തോമസിന്റെ നീക്കം തടഞ്ഞായിരുന്നു കൊല നടത്തിയത്. വൈകീട്ട് പ്രാര്‍ത്ഥനക്കിടെ കുഴഞ്ഞ് വീണായിരുന്നു മരണം. സ്വത്ത് തട്ടിയെടുക്കാന്‍ ജോളി വ്യാജ ഒസ്യത്ത് ചമച്ചെന്നും റൂറല്‍ എസ് പി പറഞ്ഞു. ജോളിയുടെ ബാങ്ക് ഇടപാടുകളുടെ രേഖകളും കോടതിയില്‍ തെളിവായി സമര്‍പ്പിച്ചിട്ടുണ്ട്.

ജോളിയുടെ മൂത്ത മകനാണ് മുഖ്യ സാക്ഷി, അയല്‍വാസിയായ ബാവയുടെ ഉമ്മ പാത്തൂതൂട്ടിയും സാക്ഷിയാണ്. കൂടത്തായി കൊലപാതക പരമ്പരയിലെ അവസാന കുറ്റപത്രം അടുത്തയാഴ്ച കോടതിയില്‍ സമര്‍പ്പിക്കും. അന്നമ്മ തോമസ് വധക്കേസ് പേരാമ്പ്ര സി ഐ, കെ കെ ബിജുവാണ് അന്വേഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News